ADVERTISEMENT

പള്ളുരുത്തി∙ മേഖലയിലെ സ്കൂളുകളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ചു പൂവാലന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നു. സ്കൂളുകൾ തുറന്ന സമയത്തുണ്ടായിരുന്ന പൊലീസ് സാന്നിധ്യം ഇല്ലാതായതോടെയാണ് ഇക്കൂട്ടർ വീണ്ടും തലപൊക്കിയത്. സ്കൂൾ വിടുന്ന സമയത്താണ് ഇവരുടെ ശല്യമുള്ളതെന്നാണ് പരാതി. പലയിടത്തും സീബ്രാ ക്രോസ് സംവിധാനമില്ല. ഇത് അപകടങ്ങൾക്ക് കാരണമായേക്കാമെന്നു സ്കൂൾ അധികൃതർക്ക് ആശങ്കയുണ്ട്. 

രണ്ടു ഹയർ സെക്കൻഡറി സ്കൂളുകളടക്കം ആകെ ഏഴ് സ്കൂളുകളാണ് കുമ്പളങ്ങിയിലുള്ളത്. ചെല്ലാനത്താവട്ടെ രണ്ടു ഹയർ സെക്കൻഡറി സ്കൂൾ അടക്കം ആകെ 8 സ്കൂളുകളും പ്രവർത്തിക്കുന്നു. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലയിൽ ഒരു കോളജ് ഉൾപ്പെടെ പത്തിലേറെ സ്കൂളുകളുമുണ്ട്. മാസങ്ങൾക്ക് മുൻപ് മധ്യമേഖലയിലെ ഒരു സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ കശപിശ സ്കൂളിന് പുറത്ത് സംഘർഷമായി വളരുകയും ലഹരിമരുന്ന് കേസ് പ്രതിയടക്കമുള്ള ക്രിമിനലുകൾ ഒരു വിഭാഗം വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തുകയും ചെയ്ത സംഭവമുണ്ടായി.

സ്കൂൾ അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. സ്കൂൾ പരിസരങ്ങളിലും വിദ്യാർഥിനികൾ എത്തുന്ന ബസ് സ്റ്റോപ്പുകളിലും പൂവാലന്മാരുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ഇക്കൂട്ടർ പെൺകുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങൾ ലക്ഷ്യമിടുമ്പോൾ ലഹരിമരുന്ന് കച്ചവടക്കാരാണ് ആൺകുട്ടികളെ വലയിലാക്കാൻ    രംഗത്തിറങ്ങിയിരിക്കുന്നത്. സ്കൂൾ വിടുന്ന സമയത്ത് പൊലീസ് പട്രോളിങ് സജീവമാക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.

English Summary:

The safety of students in Palluruthy is under threat as eve-teasing and the presence of anti-social elements surge near schools, particularly during closing hours. Lack of zebra crossings and the resurgence of harassment necessitate immediate action from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com