പൊതുമരാമത്ത് വകുപ്പേ.... തൊടുപുഴയോട് എന്താ വിരോധം ?
Mail This Article
മൂപ്പിൽക്കടവ് – കാഞ്ഞിരമറ്റം ബൈപാസിൽ റോഡിൽ പാറമക്കും മണലും മെറ്റലും ചേർന്ന മിശ്രിതം കൂട്ടിയിട്ടിരിക്കുന്നു
തൊടുപുഴ ∙ പൊതുമരാമത്ത് വകുപ്പിന്റെ നിരുത്തരവാദ നടപടികൾ മൂലം നഗരത്തിൽ വ്യാപാരികൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന ദുരിതത്തിന് അറുതിയില്ല. കഴിഞ്ഞ മാസം നഗരത്തിൽ കുറച്ചു ഭാഗം മാത്രം ടാറിങ് നടത്തിയ ശേഷം ബാക്കി ഭാഗം വെറുതേ ഇട്ടിരിക്കുകയാണ്. ഇതിനു പുറമേ മൂപ്പിൽക്കടവ് – കാഞ്ഞിരമറ്റം ബൈപാസിൽ റോഡ് വീതി കൂട്ടി ടാർ ചെയ്യാൻ പാറമക്കും മണലും മെറ്റലും ചേർന്ന മിശ്രിതം കൂട്ടിയിട്ടിരിക്കുന്നത്.
ഇത് ഇവിടെ നിന്ന് നീക്കാനോ റോഡ് പണി പൂർത്തീകരിക്കാനോ മാസങ്ങളായി നടപടിയില്ല. കൂട്ടിയിട്ടിരിക്കുന്ന മണലും മറ്റും സമീപത്തെ വ്യാപാരികൾക്കു ദുരിതമായി മാറി. വാഹനങ്ങൾ പോകുമ്പോൾ ഇവിടെ നിന്നുള്ള പൊടിയും മറ്റും കടയിലേക്ക് പരക്കുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നു വ്യാപാരികൾ പറയുന്നു.
മാത്രമല്ല നേരത്തെ റോഡ് നിർമാണത്തിനു കരാർ എടുത്തയാൾ പണി ഉപേക്ഷിച്ച് പോയെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ റോഡ് വീതി കൂട്ടി റീ ടാർ ചെയ്യുന്നതിനു മുൻപു റോഡിനടിയിൽ കൂടി ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് 6 മാസത്തെ സാവകാശം ചോദിച്ചു.
എന്നാൽ 6 മാസം താമസിച്ചാൽ നിർമാണ സാമഗ്രികൾക്കു വില വ്യത്യാസം വരുമെന്നും തൊഴിലാളികൾക്കു കൂലി കൂട്ടി നൽകേണ്ടി വരുമെന്നും കരാറുകാർ പറയുന്നു. ഇതെ തുടർന്നാണ് റോഡ് നിർമാണം നിലച്ചതെന്നും ഇവർ പറയുന്നു. നൂറു കണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു യാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയുടെ പ്രതീകമായ മണൽ കൂന.