ബസുകൾ കൂട്ടിയിടിച്ച് 4 പേർക്കു പരുക്ക്; ദേശീയപാതയിൽ ഗതാഗത തടസ്സം

Mail This Article
ധർമടം ∙ ദേശീയപാതയിൽ ധർമടം പാലത്തിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിമുട്ടി സ്വകാര്യ ബസ് ഡ്രൈവർ ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു. കിഴുന്നയിലെ സുനിൽ കുമാർ, പാനൂരിലെ കെ.പി.രമ്യ, മുഴപ്പിലങ്ങാട് എം.പി.ഉമയ്യ, പെരുന്താറ്റിൽ കെ.ശ്രീജ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ–തലശ്ശേരി റൂട്ടിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
തലശ്ശേരിയിൽ നിന്നു കണ്ണൂർക്കു വന്ന സ്വകാര്യ ബസും തലശ്ശേരിയിലേക്ക് വന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്നു ഗതാഗതം നിയന്ത്രിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ കൊണ്ടുവന്നു വലിച്ചു നീക്കിയ ശേഷമാണ് ദേശീയപാതയിൽ വാഹനഗതാഗതം സാധാരണ നിലയിലായത്.