ആന മതിലുംചാടി..; ആനമതിൽ ചാടിക്കടന്നെത്തി കൃഷി നശിപ്പിച്ച് കാട്ടാന

Mail This Article
തുള്ളൽ ∙ കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പിനു സമീപം തുള്ളലിൽ കാട്ടാന ആനമതിൽ ചാടി കടന്ന് കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിച്ചു. വടക്കേത്തടം മൈക്കിളിന്റെയും വരപ്പുറത്ത് പ്രഭാകരന്റെയും കൃഷിയിടങ്ങളിലിറങ്ങിയ ആന റബർ, വാഴ, പ്ലാവ് എന്നിവ നശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കാട്ടാന അതിർത്തിയിൽ സ്ഥാപിച്ച ആനപ്രതിരോധമതിലിനോടു ചേർന്ന് ഉണ്ടായിരുന്ന കല്ലുകളിൽ ചവിട്ടി ആന മതിൽ മറികടന്നെത്തിയത്. മതിലിൽ നിന്നും ഏതാനും കല്ലുകൾ അടർന്ന് വീഴുകയും ചെയ്തു.

കൃഷിയിടത്തിലെ പ്ലാവിൻ ഉണ്ടായിരുന്ന ചക്ക പൂർണമായി കാട്ടാന തിന്നു. പ്രഭാകരന്റെ വീട്ടുമുറ്റം വരെ കാട്ടാനയെത്തി. നേരം പുലർന്നതിനും ശേഷം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കാട്ടാനയെ തുരത്തി. മതിലിലെ ഇളകിയ കല്ലുകൾ ഉറപ്പിച്ചു. സമീപത്തുണ്ടായിരുന്ന കല്ലുകളും എടുത്തു മാറ്റി. മുൻപും മതിൽ ചാടി കടന്ന് കാട്ടാന കൃഷിയിടങ്ങളിലേക്ക് എത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കാട്ടാന മതിൽ കടന്ന് എത്തി കൃഷി നശിപ്പിച്ച സംഭവം വനം വകുപ്പിന്റെ വീഴ്ച മൂലമാണെന്ന് കിഫ ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ പറഞ്ഞു. മതിലിൽ നിന്ന് ഇളകി വീണ കല്ലുകളിൽ ചവിട്ടിയാണ് കാട്ടാന മതിൽ കടന്നത്. ഈ കല്ലുകളിൽ ചവിട്ടി മുൻകാലുകൾ ഉയർത്തി മതിൽ ചാടാൻ പറ്റുന്ന സാഹചര്യമാണ് പലയിടങ്ങളിലും. വനംവകുപ്പ് മതിലിന്റെ അറ്റകുറ്റ പണികളോ പരിപാലനമോ വേണ്ട വിധം നടക്കുന്നില്ലെന്നും ആരോപിച്ചു.