ഒടുവിൽ ദഷ്രത് മടങ്ങി; വീടിന്റെ തണലിലേക്ക്

Mail This Article
കാഞ്ഞങ്ങാട് ∙ വീടിന്റെ തണലിലേക്ക് സ്നേഹാലയത്തിൽ നിന്നു മറ്റൊരാൾ കൂടി യാത്രയായി. ഛത്തീസ്ഗഡ് ജഷ്പൂർ സ്വദേശി ദഷ്രത് (35) ആണ് കൈവിട്ടു പോയ കുടുംബത്തിന്റെ അരികിലേക്ക് വീണ്ടും എത്തിച്ചേർന്നത്. ബേക്കൽ പൊലീസ് ആണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ സ്നേഹാലയത്തിൽ എത്തിച്ചത്.മംഗളൂരുവിൽ നിന്നു കാണാതായ ഇയാളെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചേറ്റുകുണ്ടിൽ നിന്നാണ് കണ്ടെത്തിയത്. നല്ല ചികിത്സയും ഭക്ഷണവും ലഭിച്ചതോടെ യുവാവ് ആരോഗ്യം വീണ്ടെടുത്തു. അകന്നു പോയ ഓർമകൾ തിരികെ വന്നു.
തന്റെ സ്വദേശവും ഭാര്യയും മക്കളും മനസ്സിൽ തെളിഞ്ഞു വന്നു. ദഷ്രതിന്റെ നാടിനെ കുറിച്ച് അറിഞ്ഞതോടെ സ്നേഹാലയം അധികൃതർ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമം തുടങ്ങി. ഇതിനായി ഛത്തീസ്ഗഡിലെ രൂപതയുമായി ബന്ധപ്പെട്ടു.രൂപതയിലെ വൈദികനായ ഫാ. ലിയോസിന്റെയും മറ്റു വൈദികരുടെയും സിസ്റ്റർമാരുടെയും ഒരുമാസം നീണ്ട അന്വേഷണത്തിന് ശേഷം ദഷ്രതിന്റെ ബന്ധുക്കളെ കണ്ടെത്തി. ദഷ്രതിന്റെ കണ്ടെത്തിയ കാര്യം ഇവർ ബന്ധുക്കളെ അറിയിച്ചു. വിവരമറിഞ്ഞ് ബന്ധു റോഷൻ കഴിഞ്ഞ ദിവസം സ്നേഹാലയത്തിൽ എത്തി ഇന്നലെ ദഷ്രതിനെയും കൊണ്ട് മടങ്ങി.