ആവേശം തിടമ്പേറ്റി ആനയടി ഗജമേള

Mail This Article
ശാസ്താംകോട്ട ∙ ഒരാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട്, ആവേശത്തിന്റെ തലപ്പൊക്കവുമായി നരഹരിയുടെ മുന്നിൽ കരിവീരന്മാർ കണിയൊരുക്കി. ആനയടിക്ക് അഴകിന്റെ കരിമഷിയെഴുതിയ ചരിത്ര പ്രസിദ്ധമായ ഗജമേളയ്ക്ക് ജനസഹസ്രങ്ങൾ സാക്ഷിയായി. പഴയിടം നരസിംഹസ്വാമിക്ഷേത്രത്തിലെ പത്താം ഉത്സവത്തിന്റെ ഭാഗമായി മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മേളത്തിനൊപ്പം കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാർ ക്ഷേത്രത്തിനു തെക്കുവശത്തെ ഏലായിൽ അർധചന്ദ്രാകൃതിയിൽ അണിനിരന്നു.
ഉച്ചവെയിൽ ചാഞ്ഞതോടെ കുന്നത്തൂരിന്റെ പൂരഗ്രാമത്തിലേക്കുള്ള വഴികളും ഏലായും സ്വദേശികളും വിദേശികളുമായ ആനപ്രേമികളാൽ നിറഞ്ഞു. ഗജശ്രേഷ്ഠനായ നരസിംഹദാസൻ റാവു ദേവന്റെ തിടമ്പേറ്റി. വർണാഭമായ കെട്ടുകാഴ്ചയും അനുബന്ധമായി നടന്നെങ്കിലും ഗജമേള തന്നെയായിരുന്നു പ്രധാന ആകർഷണം. ആനകളെയും പാപ്പാൻമാരെയും എലിഫന്റ് സ്ക്വാഡിന്റെയും വനംവകുപ്പിന്റെയും പരിശോധനകൾക്കു ശേഷമാണ് ഗജമേളയിൽ പങ്കെടുപ്പിച്ചത്.
ഗജമേളയ്ക്ക് മുന്നോടിയായി ദേവന്റെ ഗ്രാമപ്രദക്ഷിണത്തിനു നെറ്റിപ്പട്ടം കെട്ടിയലങ്കരിച്ച ഗജവീരന്മാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെട്ടുകാഴ്ചകളുമായി തിരിച്ചെത്തി. ഗജമേളയ്ക്ക് ശേഷം ആറാട്ടുവരവ് കഴിഞ്ഞെത്തിയ ഗജവീരന്മാരെ അകമ്പടിയായി നിർത്തി ക്ഷേത്ര ഗോപുര നടയിൽ നടന്ന സേവയ്ക്ക് പഞ്ചാരിമേളം കൊഴുപ്പേകി. വയൽപ്പച്ചയിൽ ഇരുൾ പരന്നതോടെ വരുംവർഷത്തേക്കുള്ള കാത്തിരിപ്പുമായി പൂരപ്രേമികൾ പിരിഞ്ഞു.