കല്ലകത്ത് കടപ്പുറത്ത് തിരയിൽപെട്ട് 4 പേർ മരിച്ചു

Mail This Article
പയ്യോളി / കൽപറ്റ ∙ തിക്കോടി കല്ലകത്ത് കടപ്പുറത്ത് വിനോദ സഞ്ചാരികളായ 4 വയനാട്ടുകാർ തിരയിൽപെട്ടു മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. കൽപറ്റ അമ്പിലേരി നെല്ലിയാംപാടം സജീഷ്കുമാറിന്റെ ഭാര്യ വാണി (39), അഞ്ചുകുന്ന് പാട്ടശ്ശേരി നൗഷാദിന്റെ ഭാര്യ അനീസ (38), സിപിഎം കൽപറ്റ ഗൂഡലായ് ബ്രാഞ്ച് സെക്രട്ടറി നടുക്കുന്നിൽ എൻ.വി.ബിനീഷ് (45), പെരുന്തട്ട പൂളക്കുന്ന് കാഞ്ഞിരക്കുന്നത്ത് ഫൈസൽ (42) എന്നിവരാണു മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മുണ്ടേരി നെടുങ്ങോട് സ്വദേശിനി ജിൻസി (27) അത്ഭുതകരമായി രക്ഷപ്പെട്ടു. 26ന് വൈകിട്ട് 4നാണ് ദാരുണമായ സംഭവം.
കൽപറ്റ ‘ബോഡി ഷെയ്പ്’ ജിംനേഷ്യത്തിൽ നിന്നുള്ള 26 അംഗ സംഘമാണു കടൽ കാണാനെത്തിയത്. തിക്കോടി അകലാപ്പുഴയിൽ ബോട്ടിങ് കഴിഞ്ഞാണ് സംഘം കടപ്പുറത്തെത്തിയത്. അപകടം നടന്ന ഉടൻ കടുക്ക പറിക്കുന്ന തൊഴിലാളികളും കടൽത്തീരത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കണ്ടെത്തി കരയിൽ എത്തിക്കുകയായിരുന്നു.

3 പേരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണു നാലാമത്തെയാളെ പാറയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേനയും വടകരയിൽനിന്ന് കോസ്റ്റൽ പൊലീസും പയ്യോളി പൊലീസും സ്ഥലത്തെത്തിയിരുന്നു.
വാണിയുടെ മൃതദേഹം ബത്തേരി കുപ്പാടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഫൈസലിന്റെ മൃതദേഹം വെള്ളാരംകുന്ന് ജുമാമസ്ജിദ് കബർസ്ഥാനിലും അനീസയുടെ മൃതദേഹം ആറുവാൾ ജുമാമസ്ജിദ് കബർസ്ഥാനിലും കബറടക്കി. ബിനീഷിന്റെ സംസ്കാരം ഭാര്യ ഇസ്രയേലിൽ നിന്ന് എത്തിയ ശേഷം.
ഫൈസലിന്റെ ഭാര്യ: നസീറ (പിണങ്ങോട് കോടഞ്ചേരിക്കുന്ന്). മക്കൾ: റമീസ്, റയാൻ, സയാൻ. സഹോദരങ്ങൾ: ഷൈജു, അബൂ സുഫിയാൻ. സിപിഎം ഗൂഡലായ് ബ്രാഞ്ച് സെക്രട്ടറിയും നോർത്ത് കൽപറ്റ ലോക്കൽ കമ്മിറ്റി അംഗവുമാണ് ബിനീഷ്.കൽപറ്റയിലെ ഹോട്ടലിലെ ജീവനക്കാരനാണ്. ഭാര്യ: ശ്രീകല (ഇസ്രയേൽ). മക്കൾ: ആർദ്ര, ആരാധ്യ. സഹോദരി: ബീന.
മുട്ടിൽ പ്രവാസി ഹരിത സഹകരണ സംഘം അക്കണ്ടന്റാണ് വാണി. ഭർത്താവ്: കൽപറ്റ അമ്പിലേരി നെല്ലിയംപാടം സജീഷ് കുമാർ. മക്കൾ: എൻ.ആദിത്യൻ, എൻ. അമൻ ലിയോ.അനീസയുടെ ഭർത്താവ്: തരുവണ ആറുവാൾ പാട്ടശ്ശേരി നൗഷാദ്. മക്കൾ: മുഹമ്മദ് അൻഷിഫ്, അനുഷ ഫാത്തിമ, എസ്താൻ അബ്ദുല്ല. സഹോദരങ്ങൾ: ഉനൈഫ്, ഉമൈമ.