കളഞ്ഞുകിട്ടിയ താലിമാലയുമായി 4 വർഷം അൻവർ ഷമീം കാത്തിരുന്നു; ഉടമയെ തേടിപ്പിടിച്ച് കൈമാറി
![gold-chain-handed-over-owner-mlp gold-chain-handed-over-owner-mlp](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2022/5/15/gold-chain-handed-over-owner-mlp.jpg?w=1120&h=583)
Mail This Article
പെരിന്തൽമണ്ണ ∙ 4 വർഷം മുൻപ് കളഞ്ഞുകിട്ടിയ സ്വർണത്താലിമാല ഉടമയെ കണ്ടുപിടിച്ച് കൈമാറിയപ്പോൾ അരിപ്രയിലെ മാമ്പ്ര നരിമണ്ണിൽ അൻവർ ഷമീമിന്റെ (48) മുഖത്ത് വിരിഞ്ഞ പുഞ്ചരിക്ക് പത്തരമാറ്റാണ് തിളക്കം. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിൽ വച്ചാണ് അൻവർ ഷമീമിന് റോഡിൽ നിന്ന് അന്ന് 2 പവൻ തൂക്കം വരുന്ന മാല ലഭിക്കുന്നത്.
നാളിതുവരെയും മാല നിധിപോലെ സൂക്ഷിച്ച് ഉടമസ്ഥനെ തേടുകയായിരുന്നു ഷമീം. പലയിടങ്ങളിലും അന്വേഷിച്ചു. പലരോടും തിരക്കി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഉടമ എത്തിയില്ല.പല പ്രതിസന്ധികളുണ്ടായിട്ടും ഷമീം സ്വർണമാലയെ സ്‌പർശിച്ചില്ല. ജീവകാരുണ്യ രംഗത്ത് സജീവമായ സാമൂഹിക മാധ്യമ പ്രവർത്തകൻ പെരിന്തൽമണ്ണയിലെ താമരത്ത് ഹംസുവിന്റെ സഹായത്തോടെയാണ് ഒടുവിൽ മാല ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്.
ചെറുകര പുളിങ്കാവ് സ്വദേശി ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടേതായിരുന്നു നഷ്‌ടപ്പെട്ട താലിമാല. ഭർത്താവിനൊപ്പം പുളിങ്കാവിൽ നിന്ന് അങ്ങാടിപ്പുറത്തെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴാണ് മാല വീണു പോയത്. സ്വർണമാല പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ വച്ച് അൻവർ ഷമീമും താമരത്ത് ഹംസുവും ചേർന്ന് സുദീപയ്‌ക്ക് കൈമാറി. സെയിൽസ്മാനായി ജോലി നോക്കുകയാണ് അൻവർ ഷമീം.