തിരൂർ ബസ് സ്റ്റാൻഡ് ഇരുട്ടിൽ; ഭീതിയിൽ യാത്രക്കാർ, ആശ്രയം കടകളിലെ വെളിച്ചം മാത്രം

Mail This Article
തിരൂർ ∙ ബസ് സ്റ്റാൻഡ് രാത്രിയാകുന്നതോടെ ഇരുട്ടിലാകുന്നത് ബസ് കാത്തുനിൽക്കുന്നവരുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നു. ഇവിടെ ആവശ്യത്തിനു വൈദ്യുത വിളക്കുകൾ ഇല്ലാത്തതാണു കാരണം. രാത്രി ഒൻപതരയ്ക്കു ശേഷം വന്ദേഭാരത് എക്സ്പ്രസിലും മറ്റും തിരൂരിലെത്തുന്ന യാത്രക്കാർക്കു മലപ്പുറം ഭാഗത്തേക്കു പോകാൻ ഒരു കെഎസ്ആർടിസി സർവീസുണ്ട്.
ഗുരുവായൂർ, കൊച്ചി ഭാഗങ്ങളിലേക്കും കെഎസ്ആർടിസി ബസുകളുണ്ട്. ആ സമയങ്ങളിൽ ധാരാളം യാത്രക്കാർ ബസ് സ്റ്റാൻഡിൽ എത്താറുണ്ട്. രാത്രി 9ന് ശേഷവും പ്രവർത്തിക്കുന്ന രണ്ടോ മൂന്നോ കടകളിലെ വെളിച്ചമാണ് യാത്രക്കാർക്ക് ആശ്വാസം. ബസ് സ്റ്റാൻഡ് പരിസരത്ത് ആകെ ഒരു ബൾബ് മാത്രമാണ് കത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണു നിൽക്കുന്നത്. തെരുവുനായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യവുമുണ്ട്.
തിരൂരിൽനിന്നു രാത്രി സമീപ ഗ്രാമങ്ങളിലേക്കു ബസുകളില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. രാത്രി 9ന് ശേഷം തിരൂരിൽനിന്ന് സ്വകാര്യ ബസുകളില്ലാത്ത സ്ഥിതിയാണ്. ആലത്തിയൂർ, ചമ്രവട്ടം, തിരുനാവായ, കുറ്റിപ്പുറം, പുറത്തൂർ, കൂട്ടായി, പടിഞ്ഞാറേക്കര, മംഗലം, വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലേക്കൊന്നും ഇവിടെനിന്നു ബസുകൾ കിട്ടാറില്ല.
മലപ്പുറത്തേക്കു രാത്രി ഒൻപതരയോടെ പോകുന്ന കെഎസ്‍ആർടിസി ബസ് മാത്രമാണുള്ളത്. ഗുരുവായൂർ ഭാഗത്തേക്കു കോഴിക്കോട്ടുനിന്നു പോകുന്ന കെഎസ്ആർടിസി ബസുകൾ ചമ്രവട്ടം വരെയുള്ളവർക്ക‌് ആശ്വാസമാണ്. എന്നാൽ ഈ കെഎസ്ആർടിസി ബസുകളിൽ പലതും രാത്രി സ്റ്റാൻഡിലേക്കു വരാതെ താഴേപ്പാലം വഴി കടന്നുപോകുകയാണെന്ന പരാതിയുമുണ്ട്. രാത്രി കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിക്കാത്തതും യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രശ്നമാണ്.