സമത്വത്തിനും സഹനത്തിനും മാതൃകയായ ശബരി ആശ്രമം
![palakkad-sabari-ashram-1 palakkad-sabari-ashram-1](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2022/8/2/palakkad-sabari-ashram-1.jpg?w=1120&h=583)
Mail This Article
പാലക്കാട്∙ ജാതിമത ഭേദമില്ലാതെ എല്ലാവരും ഒരുമിച്ച് ഒരു മുറിയിലിരുന്ന് പഠിക്കുന്ന മാതൃക രാജ്യത്തിന് മുന്നിൽ ആദ്യം അവതരിപ്പിച്ചത് അകത്തേത്തറ ശബരി ആശ്രമത്തിൽ. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സുവർണ അധ്യായങ്ങളിലൊന്നായിരുന്നു ഇത്. 1922 മേയിൽ പാലക്കാട്ടു നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ ആദ്യദിവസം അധ്യക്ഷയായ സരോജിനി നായിഡു കേരളത്തിന്റെ മനോഹാരിതയ്ക്കു കരിനിഴൽ വീഴ്ത്തുന്നത് ഇവിടെ നിലനിൽക്കുന്ന അയിത്താചരണമാണെന്നു പരാമർശിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മിശ്രഭോജനം സംഘടിപ്പിച്ചത് കൃഷ്ണസ്വാമി അയ്യരും ഭാര്യ ഈശ്വരിയമ്മാളും ചേർന്നായിരുന്നു.
![](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2022/8/2/palakkad-sabari-ashram..jpg)
ഇതോടെ യഥാസ്ഥിതികരായ ബ്രാഹ്മണ കുടുംബങ്ങൾ പ്രകോപിതരായി. അവർ കൃഷ്ണസ്വാമി അയ്യർക്കു ഭ്രഷ്ട് കൽപിച്ചു. ഭാര്യ ഈശ്വരിയമ്മാൾ കൃഷ്ണസ്വാമിക്കൊപ്പം പോകാൻ പാടില്ലെന്നും അവർ വിധിച്ചു. സവർണ ജാതിമേധാവികളുടെ ആജ്ഞ തള്ളിക്കൊണ്ട് ഈശ്വരിയമ്മാൾ ഭർത്താവിനൊപ്പം പോയി. ഇവരുടെ പ്രവർത്തനത്തിനു വേണ്ടി ‘മക്കൾവീട്ടിൽ’ അപ്പു യജമാനൻ മൂന്നര ഏക്കർ ഫലവൃക്ഷത്തോട്ടം വിട്ടു നൽകി. സമ്മേളനപ്പന്തലിന്റെ മുളയും ഓലയും ഉപയോഗിച്ച് അവർ കുടിലുണ്ടാക്കി. ഇവിടെ മുന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഒപ്പമിരുന്ന് ഹരിജൻ കുട്ടികൾക്കും പഠിക്കുന്നതിന് സൗകര്യം ഒരുക്കി. 1923 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ജന്മദിനത്തിലാണ് അകത്തേത്തറയിൽ ആശ്രമം പ്രവർത്തനം തുടങ്ങിയത്.
ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ ദീപം കൊളുത്തി വി.വി. ഈശ്വരിയമ്മാൾ തന്നെയാണ് ആശ്രമം ഉദ്ഘാടനം ചെയ്തതും. പരിസരത്തുള്ള ഹരിജൻ പെൺകുട്ടികളെ വിളിച്ചു വരുത്തി ഇവിടെ താമസിപ്പിച്ചു. കുട്ടികളെ പുഴയിൽ കുളിപ്പിക്കുന്നതും വസ്ത്രം കഴുകികൊടുക്കുന്നതും ഈശ്വരിയമ്മാളായിരുന്നു. മലബാറിലെ ബ്രിട്ടിഷ് വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് ശബരി ആശ്രമം നേതൃത്വം നൽകി. പ്രദേശത്തെ ഉപ്പു സത്യഗ്രഹ ജാഥയും ഇവിടെ നിന്ന് ആരംഭിച്ചു. ഈശ്വരിയമ്മാളും സമരത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നു. പൊലീസിന്റെ അടിയേറ്റ് ആളുകൾ വീണു. ജനങ്ങളെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്തു.
നിയമം പഠിച്ച കൃഷ്ണസ്വാമി അയ്യർ വാറണ്ടില്ലാതെ വരില്ലെന്നു പറഞ്ഞതോടെ പൊലീസ് ഇദ്ദേഹത്തെ മണ്ണിലൂടെ വലിച്ചിഴച്ചാണു കൊണ്ടുപോയത്. ഈശ്വരിയമ്മാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ആദ്യം ജയിൽവാസമനുഷ്ഠിച്ച ബ്രാഹ്മണ വനിതയായിരുന്നു ഈശ്വരിയമ്മാൾ. ഇളയ മകനെ തന്നോടൊപ്പം ജയിലിൽ കഴിയാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർഥിച്ച് ജയിലിലേക്കു പോയി. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനും ഇരുവരും ജയിൽ വാസം അനുഭവിച്ചിരുന്നു. അകത്തേത്തറ ശബരി ആശ്രമത്തെക്കുറിച്ചറിഞ്ഞ ഗാന്ധിജി 3 വട്ടം ഇവിടെ സന്ദർശനം നടത്തിയിരുന്നു.