ബാബറിനെ ഉപദേശിക്കാമോയെന്ന് പാക്ക് ആരാധകൻ; ഇംഗ്ലിഷ് അറിയാതെ നടക്കില്ലെന്ന് ദക്ഷിണാഫ്രിക്ക മുൻ താരം

Mail This Article
ലഹോർ∙ ഇംഗ്ലിഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസമിനെതിരെ വിമർശനമുയർത്തി ദക്ഷിണാഫ്രിക്കയുടെ മുൻ ബാറ്റർ ഹെര്‍ഷൽ ഗിബ്സ്. ബാബർ അസമിന്റെ ബാറ്റിങ് മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങള്‍ നൽകാമോയെന്ന് ഒരു പാക്കിസ്ഥാന്‍ ആരാധകൻ ചോദിച്ചപ്പോഴായിരുന്നു ഗിബ്സിന്റെ എക്സ് പ്ലാറ്റ്ഫോമിലെ മറുപടി. ‘‘ബാബറിന്റെ കാര്യത്തിൽ ഭാഷയാണു പ്രശ്നം. അദ്ദേഹത്തിന്റെ ഇംഗ്ലിഷ് അത്ര മികച്ചതല്ലെന്ന് നിങ്ങൾക്കറിയാമല്ലോ? അതുകൊണ്ടു തന്നെ അദ്ദേഹത്തിനു വിവരങ്ങൾ നൽകുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.’’– ഗിബ്സ് പ്രതികരിച്ചു.
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ 2021–2022ൽ കറാച്ചി കിങ്സിൽ കളിച്ചിരുന്ന കാലത്ത് ബാബറിനു നൽകിയ പോലുള്ള നിര്‍ദേശങ്ങൾ ഇപ്പോൾ നൽകുമോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇത്തവണ നിങ്ങളുടെ നിർദേശങ്ങൾ അദ്ദേഹം തള്ളിക്കളയില്ലെന്നാണു പ്രതീക്ഷയെന്നും പാക്ക് ആരാധകൻ പറയുന്നുണ്ട്. 30 വയസ്സുകാരനായ ബാബർ അസം അടുത്ത് കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്.
പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്രപരമ്പരയിൽ മൂന്ന് മത്സരങ്ങളും ബാബർ കളിച്ചെങ്കിലും 10,23,29 റൺസുകളാണ് ആകെ നേടാൻ സാധിച്ചത്. അതിനു മുൻപു നടന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. ചാംപ്യൻസ് ട്രോഫിയിൽ ബാബര്‍ അസമിനെ ഓപ്പണറാക്കുന്നതു ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നു പാക്കിസ്ഥാൻ മുൻ താരം കമ്രാൻ അക്മൽ തുറന്നടിച്ചിരുന്നു.