ADVERTISEMENT

രാഷ്ട്രീയത്തിൽ എതിരാളികളാണ് ഇവർ, എന്നാൽ സൗഹൃദത്തിൽ അങ്ങനെയല്ല. സ്പീക്കർ എം.ബി.രാജേഷും വി.കെ.ശ്രീകണ്ഠൻ എംപിയും. കോളജ് കാലം മുതൽ സുഹൃത്തുക്കൾ. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ സഹപാഠിയോടുള്ള സ്നേഹം ഇരുവരുടെയും ഉള്ളിലുണ്ട്. 1986–88 കാലത്ത് തേഡ് ഗ്രൂപ്പിൽ പഠിക്കുമ്പോഴാണ് ഇരുവരും ഒന്നിക്കുന്നത്. എസ്എഫ്ഐയെയും കെഎസ്​യുവിനെയും ഒരേകാലത്തു നയിച്ച ഇവർ ‘മസിൽ പവർ’കൊണ്ട് ഏറ്റുമുട്ടിയിട്ടില്ല. ഇന്നും തുടരുന്ന സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് ഓർമകളിലൂടെ തിരിച്ചു നടക്കുകയാണ് ഇരുവരും.

മുദ്രവാക്യം വിളിച്ച് നടന്ന കാലം

മിതഭാഷിയായിരുന്നു രാജേഷ്. ക്ലാസിൽ കയറുകയും പഠിക്കുകയും ചെയ്യും. ഒറ്റപ്പാലം എൻഎസ്എസ് കോളജ് അക്കാലത്ത് കെഎസ്​യുവിന്റെ കുത്തകയായിരുന്നു. മുദ്രാവാക്യം വിളിച്ച് നടക്കുന്നതിനിടെ ക്ലാസിൽ എത്തുമ്പോഴാണ് രാജേഷിനെ കണ്ടിരുന്നതെന്നു ശ്രീകണ്ഠൻ ഓർക്കുന്നു. ഷൊർണൂർ ടൗണിൽ വൈകുന്നേരങ്ങളിൽ എസ്എഫ്ഐ, കെഎസ്​യു പ്രവർത്തകർ രണ്ടു ഭാഗങ്ങളിലായി കൂട്ടംകൂടി ഇരിക്കുന്നതും പതിവായിരുന്നെന്നു രാജേഷ് പറഞ്ഞു.

ക്ലാസ്മേറ്റ്സ് പോരാട്ടം

പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 2019ൽ ‌ഇരുവരും എതിരാളികളായി. ‘ഇടതുപക്ഷത്തെ വിമർശിച്ച് കത്തിക്കയറുമ്പോഴാകും രാജേഷ്  പ്രചാരണത്തിന് ആ വഴി എത്തുക, പ്രസംഗത്തിനിടയിലും പരസ്പരം കൈകാണിക്കും’– ശ്രീകണ്ഠൻ പറയുന്നു. പുലാപ്പറ്റയിലെ പ്രചാരണ യോഗത്തിൽ ശ്രീകണ്ഠൻ 4 മണിക്കൂർ വൈകി എത്തി. സിപിഎമ്മിന്റെ വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഇങ്ങനെ വൈകി യോഗങ്ങളിൽ എത്തരുതെന്ന് മൈക്കിലൂടെ രാജേഷ് ഉപദേശിച്ചു. 

രാജേഷിന്റെ വീട്ടിലേക്ക്

രാജേഷ്: തോൽവി അപ്രതീക്ഷിതമായിരുന്നു. വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തോൽക്കുമെന്ന് ഉറപ്പിച്ചു. പ്രഖ്യാപനം വന്ന ഉടൻ ശ്രീകണ്ഠനെ അഭിനന്ദിക്കാൻ വിളിച്ചു. തോറ്റ് വീട്ടിലെത്തിയപ്പോൾ സിനിമയ്ക്കു പോകണമെന്ന വാശിയിലായിരുന്നു മക്കൾ. തോറ്റെങ്കിലും അച്ഛനെ വീട്ടിൽ കാണാൻ കിട്ടുമെന്ന സന്തോഷത്തിലായിരുന്നു അവർ. ശ്രീകണ്ഠൻ: എംപിയായ ശേഷം രാജേഷിനെ വീട്ടിലെത്തി കണ്ടു. ദോശയും ചമന്തിയും കഴിച്ചാണ് അവിടെനിന്നു മടങ്ങിയത്.  

കേരളത്തിൽ പ്രവർത്തിക്കൂ

‘ദൈവം നിശ്ചയിച്ചത് കേരളത്തിൽ പ്രവർത്തിക്കാനാകും എന്നാണ് ഫോൺ വിളിച്ചപ്പോൾ ശ്രീകണ്ഠൻ പറഞ്ഞത്’– രാജേഷ് പറഞ്ഞു. വിജയങ്ങളിൽ പരസ്പരം അഭിനന്ദിക്കാൻ തങ്ങൾ ഒരുകാലത്തും മടികാട്ടിയിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ശ്രീകണ്ഠൻ ഈ വീടിന്റെ ഐശ്വര്യം !

പാലക്കാട് ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരാൾ സ്പീക്കർ പദവിയിലെത്തിയത്. പാർലമെന്റിൽ തോൽപിച്ചതു കൊണ്ടല്ലേ സ്പീക്കറാകാൻ അദ്ദേഹത്തിനു കഴിഞ്ഞത്. സ്പീക്കറുടെ വസതിക്കു മുന്നിൽ ഈ വീടിന്റെ ഐശ്വര്യം വി.കെ.ശ്രീകണ്ഠൻ എന്ന് എഴുതി വയ്ക്കാൻ മറക്കേണ്ടെന്നു ശ്രീകണ്ഠൻ തമാശയായി രാജേഷിനോടു പറഞ്ഞിരുന്നു.

ശ്രീകണ്ഠൻ വിജയം ആഘോഷിച്ചത് താടി കളഞ്ഞ്

ഷൊർണൂർ എസ്എൻ കോളജിൽ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം കോളജിൽ നടന്നു. അക്രമികളിലൊരാൾ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്തു കുത്തി. ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എത്തിയത് 13 തുന്നലുമായാണ്. മുഖത്ത് ‘എൽ’ ആകൃതിയിൽ മുറിപ്പാട് മായാതെ കിടന്നു. അങ്ങനെ താടി വളർത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നു താടി വടിക്കുമെന്നു ചോദിച്ചു. എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോൽപ്പിക്കുന്ന ദിവസമേ താടിയെടുക്കൂ എന്ന് പ്രഖ്യാപിച്ചു. അങ്ങനെയാണ് താടി എടുത്തത്. 

ഈ ആക്രമണത്തോടെ‌ താടി മാത്രമല്ല, പ്രശസ്തിയും ശ്രീകണ്ഠനു കിട്ടി. കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നെന്നും രാജേഷ് ഓർക്കുന്നു. വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അക്കാലത്തു കയ്യാങ്കളികൾ ഉണ്ടാകുമായിരുന്നെങ്കിലും പരസ്പര ബഹുമാനം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നെന്ന് ഇരുവരും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com