10 വർഷമായി പഴനിക്ക് ട്രെയിൻ വിടാതെ റെയിൽവേ; ബസുകളും മറ്റും മാറിക്കയറി മടുത്ത് ഭക്ത ജനങ്ങൾ
Mail This Article
പാലക്കാട് ∙ പഴനിയിൽ എത്താൻ ആവശ്യത്തിനു യാത്രാസൗകര്യമില്ലാതെ നൂറുകണക്കിനു ഭക്തർ ബുദ്ധിമുട്ടുമ്പോൾ, ട്രെയിൻ സർവീസിനു റേക്കുണ്ടായിട്ടും അതു പഴനിക്കു വിടാൻ നടപടി സ്വീകരിക്കാതെ റെയിൽവേ. വടക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ ഒട്ടേറെ പേരാണു ബസുകളും ട്രെയിനുകളും മാറിക്കയറി ദിവസവും പഴനി ദർശനത്തിനു പോകുന്നത്. നേരത്തേ ഉച്ചയ്ക്ക് 12ന് പാലക്കാട്ടു നിന്ന് രാമേശ്വരത്തേക്കു പോയിരുന്ന ട്രെയിൻ വലിയ സഹായമായിരുന്നെങ്കിലും പൊള്ളാച്ചി പാത നവീകരണത്തിന്റെ പേരിൽ ട്രെയിൻ നിർത്തി.
10 വർഷം കഴിഞ്ഞിട്ടും അതു പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറായിട്ടില്ല. തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസിനു പഴനിയിൽ സ്റ്റോപ്പുണ്ടെങ്കിലും ആ സമയത്തു പാലക്കാട് എത്തിപ്പെടാൻ മിക്കവർക്കും കഴിയില്ല. വർഷങ്ങളായി പാലക്കാട് – ഈറോഡ് റൂട്ടിൽ ഒാടുന്ന മെമു ട്രെയിൻ പഴനിക്ക് ഒാടിക്കാൻ ഒരു തടസ്സവുമില്ലെന്നിരിക്കെ അതിന് അധികൃതർ താൽപര്യമെടുക്കുന്നില്ല. ജീവനക്കാർ തയാറായിട്ടും അതു പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.
രാവിലെ ഈറോഡിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 11ന് പാലക്കാട് ടൗണിലെത്തിയാൽ ഉച്ചകഴിഞ്ഞ് 3.15 നാണ് മടക്കം. ഏതാണ്ട് മൂന്നര മണിക്കൂറാണ് മെമു സ്റ്റേഷനിൽ നിർത്തിയിടുന്നത്. ഈ സമയത്തു പഴനി സർവീസിനു പ്രത്യേക ചെലവോ സാങ്കേതിക പ്രശ്നങ്ങളോ ഇല്ല. ഒറ്റ റേക്കായതിനാൽ നിലവിലുള്ള ക്രൂവും ഗാർഡും മതി. 11.15ന് പഴനിക്കു പുറപ്പെട്ടു മൂന്നോടെ പാലക്കാട് ടൗണിൽ മടങ്ങിയെത്തുന്ന രീതിയിൽ സമയം ക്രമീകരിക്കാനും തടസ്സമില്ലെന്നു ജീവനക്കാരും അഭിപ്രായപ്പെടുന്നു. പൂർണമായും വൈദ്യുതീകരിച്ച റൂട്ടാണിത്.
പഴനിയിൽ ഒരുദിവസം തങ്ങുന്നവർക്കും ട്രെയിൻ സൗകര്യമാണ്. പിറ്റേദിവസം ഇതേ ട്രെയിനിലോ അല്ലെങ്കിൽ അമൃതയ്ക്കോ മടങ്ങാനാകും. നിലവിൽ വടക്കൻ ഭാഗത്തുനിന്നു കോയമ്പത്തൂർ എക്സ്പ്രസിൽ കോയമ്പത്തൂരിൽ ഇറങ്ങി മറ്റൊരു ട്രെയിനിലോ ബസിലോ ആണ് ക്ഷേത്രത്തിലെത്തുന്നത്. ബസുകളിൽ പാലക്കാട് എത്തുന്നവർക്കും ഇവിടെ നിന്നു സമയത്തിനു ട്രെയിനില്ല. അധികൃതർ മനസ്സു വച്ചാൽ, രാവിലെ പാലക്കാട്ടെത്തുന്ന കണ്ണൂർ – കോയമ്പത്തൂർ ട്രെയിനിന് കണക്‌ഷനായും മെമു പഴനി സർവീസ് നടത്താനാകും.