റോഡിൽ പൈപ്പു പൊട്ടൽ പരമ്പര; വെള്ളമില്ലാതെ വലഞ്ഞ് നാട്ടുകാർ
Mail This Article
കുറ്റൂർ ∙ പഞ്ചായത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റിയിടാൻ പണവും പദ്ധതിയുമുണ്ട്. പക്ഷേ നടപ്പാകുന്നില്ല എന്നു മാത്രം. ഫലം റോഡു നീളെ പൈപ്പുകൾ പൊട്ടുന്നു, ജലം പാഴാകുന്നു, റോഡുകൾ തകരാറിലാകുന്നു, നാട്ടുകാർക്ക് വെള്ളം കിട്ടാതാകുന്നു. പരിഹാരം എന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്കും മറുപടിയില്ല.ഉന്നത നിലവാരത്തിൽ 4 വർഷം മുൻപ് നിർമിച്ച കുറ്റൂർ – മനയ്ക്കച്ചിറ റോഡിൽ 10 ദിവസത്തിനുള്ളിൽ പൈപ്പ് പൊട്ടൽ പരമ്പരയാണ് നടക്കുന്നത്. ഇന്നലെ മഠത്തിൽപടിയിൽ പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ ജലവിതരണം നിലച്ചു. കഴിഞ്ഞ ബുധനാഴ്ച പുത്തൻകാവ് ദേവീക്ഷേത്ര ജംക്‌ഷനിൽ പൈപ്പ് പൊട്ടിയപ്പോൾ റോഡ് ഒരാഴ്ച മാറി മാറി കുഴിച്ചു നോക്കിയാണ് തകരാർ കണ്ടെത്തിയത്. ഇതു പരിഹരിച്ച് നേരം വെളുക്കും മുൻപ് വീണ്ടും പൊട്ടിയിരുന്നു. ഇതും പരിഹരിച്ചതിനു ശേഷമാണ് അടുത്ത പൊട്ടൽ ഉണ്ടായിരിക്കുന്നത്.
ഒന്നര വർഷം മുൻപ് ജല അതോറിറ്റി അടൂർ പ്രൊജക്ട് ഡിവിഷൻ പഞ്ചായത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റിയിടുന്നതിനും ആറാട്ടുകടവിനു സമീപം പള്ളിമലയിൽ സംഭരണി നിർമിക്കുന്നതിനുമായി 13 കോടി രൂപയുടെ പദ്ധതി തയാറാക്കി. ഇത് കിഫ്ബിക്കു കൈമാറിയെങ്കിലും പണമില്ലെന്നു വന്നതോടെ ജലജീവൻ മിഷൻ പദ്ധതി ഏറ്റെടുത്തു. ജെജെഎം 3 തവണ ടെൻഡർ ചെയ്തെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും വന്നില്ല. അതോടെ പദ്ധതി തുടങ്ങാനാകാത്ത നിലയിലായി. ഈ പദ്ധതിയിൽ കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ പൈപ്പ് മാറ്റിയിടുന്ന ജോലിയും ഉൾപ്പെട്ടിരുന്നു. അതു നടന്നിരുന്നെങ്കിൽ പൈപ്പ് പൊട്ടലും റോഡ് വെട്ടിപ്പൊളിക്കുന്നതും ജലവിതരണം തടസ്സപ്പെടുന്നതും ഒഴിവാകുമായിരുന്നു.
കുറ്റൂർ – മനയ്ക്കച്ചിറ റോഡ് മുത്തൂർ വരെ 4 വർഷം മുൻപ് ബിഎംബിസി ടാറിങ് നടത്തിയതാണ്. കിഫ്ബിയുടെ പ്രവൃത്തിയിൽ റോഡുവശത്തെ ജലവിതരണ പൈപ്പ് മാറ്റിയിടാൻ തുക ഉൾപ്പെടുത്തിയിരുന്നില്ല. ജല അതോറിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും അവർക്കും പണം ഇല്ലാതെ വന്നതോടെ കിഫ്ബി പൈപ്പ് മാറ്റാതെ റോഡുനിർമാണം പൂർത്തിയാക്കി. പിന്നീട് റോഡിൽ പൈപ്പ് പൊട്ടൽ പതിവായ കാഴ്ചയായി മാറിയെന്നു നാട്ടുകാർ പറഞ്ഞു.40 വർഷത്തിലേറെ പഴക്കമുള്ള പൈപ്പാണ് ഇവിടെ കിടക്കുന്നത്. ഒരു മീറ്റർ ആഴത്തിലുണ്ടായിരുന്ന പൈപ്പുകൾ റോഡുനിർമാണം കഴിഞ്ഞതോടെ രണ്ടര മീറ്റർ ആഴത്തിൽ വരെയായി. ഇപ്പോൾ കുറ്റൂർ മുതൽ റെയിൽവേ അടിപ്പാത വരെയുള്ള ഭാഗത്ത് 1600 മീറ്റർ ദൂരം മാത്രം പൈപ്പ് മാറ്റിയിടാനുള്ള തീരുമാനത്തിലാണ് തിരുവല്ല ഡിവിഷൻ. ഇതെങ്കിലും നടന്നാൽ തങ്ങളുടെ വെള്ളംകുടി മുടങ്ങാതിരിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.