തോടാണ് കുപ്പത്തൊട്ടിയല്ല
Mail This Article
മല്ലപ്പള്ളി ∙ അജൈവ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേന ശേഖരിക്കുന്നുണ്ടെങ്കിലും തോടുകളിൽ മാലിന്യം തള്ളുന്ന പ്രവണത തുടരുന്നു. പ്രശ്നപരിഹാരം കണ്ടെത്തി നടപ്പാക്കിയില്ലെങ്കിൽ തോടുകൾ മാലിന്യവാഹിനികളായി മാറും.താലൂക്കിലെ പ്രധാന തോടുകളായ മല്ലപ്പള്ളി, വെണ്ണിക്കുളം എന്നീ വലിയ തോടുകളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിന് തടയിടാൻ കഴിഞ്ഞിട്ടില്ല. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടു ചേർന്നൊഴുകുന്ന വലിയതോടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാണ്. ആനിക്കാട് റോഡിൽ തോടിനു കുറുകെയുള്ള പാലത്തിനു സമീപത്തുനിന്ന് മണിമലയാറിനു ചേർന്നുള്ള ഭാഗം വരെയാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണു കൂടുതലായി തോടിൽ തള്ളിയിരിക്കുന്നത്.
നീരൊഴുക്കിന്റെ ശക്തി കുറവായതിനാൽ ഇവ പലയിടങ്ങളിലും കുമിഞ്ഞുകൂടാൻ തുടങ്ങിയിട്ടുണ്ട്. നീരൊഴുക്ക് ഉള്ളപ്പോൾ മണിമലയാറ്റിലേക്കാണു മാലിന്യം ഒഴുകിയെത്തിയിരുന്നത്. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ പിന്നിലായി പാൽ കവറുകൾ ഏറെയാണ്. ഇതോടൊപ്പം കേടുവന്ന പഴവർഗങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് തള്ളുന്നത് എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഹരിത കർമസേന എല്ലാ മാസവും വ്യാപാര സ്ഥാപനങ്ങളിൽനിന്നു അജൈവ മാലിന്യം എടുക്കുന്നുണ്ടെങ്കിലും തോട്ടിൽ മാലിന്യം തള്ളന്നതു കുറവില്ലാതെ തുടരുകയാണ്.വെണ്ണിക്കുളം കവലയോടു ചേർന്നൊഴുകുന്ന വലിയതോട്ടിലും പലയിടങ്ങളിലായി മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്.
തോട്ടിലേക്കു വീണുകിടക്കുന്ന മരക്കൊമ്പുകളിൽ തടഞ്ഞുനിന്നാണ് ഇവിടെ മാലിന്യക്കൂമ്പാരം രൂപപ്പെട്ടത്. വെണ്ണിക്കുളത്തിന്റെയും സമീപപ്രദേശങ്ങളുടെയും ജീവനാഡിയായി ഒഴുകിയ തോടാണ് മാലിന്യ സംഭരണിയായി മാറിയത്. കവലയോടു ചേർന്ന് 500 മീറ്ററോളം ദൂരത്തിനിടയിൽ മാലിന്യം തള്ളൽ വ്യാപകമാണ്. മണിമലയാറ്റിലെ കോമളംകടവിലാണ് തോട് ചേരുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിധത്തിലാണ് മാലിന്യം തള്ളൽ. സാമൂഹികവിരുദ്ധ പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ ആരോഗ്യവകുപ്പ്–പഞ്ചായത്ത് അധികൃതർ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ മാലിന്യം കൊണ്ട് വലിയ തോടുകൾ നിറയും.