സ്ഥാനാർഥികളുടെ പ്രചാരണവേദികളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ‘മാസ് എൻട്രി’
Mail This Article
തിരുവനന്തപുരം∙ വോട്ടുറപ്പിക്കാനും ജനമനസിൽ ഓളങ്ങളുണ്ടാക്കാനും സ്ഥാനാർഥികളുടെ പ്രചാരണവേദികളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ‘മാസ് എൻട്രി’. പതിവ് പ്രചാരണ പരിപാടികൾക്ക് ഒപ്പം മാറിയ കാലത്തിന്റെ മുഖമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും നന്നായി വിനിയോഗിക്കുകയാണ് പാർട്ടികളും സ്ഥാനാർഥികളും. ഓരോ മുന്നണിയുടെയും പരസ്യങ്ങൾ യൂട്യൂബിലും ഓൺലൈനുകളിലുമായി സജീവം. യുവതലമുറയെ ആകർഷിക്കാൻ കളർഫുളാണ് ഭൂരിപക്ഷം പരസ്യങ്ങളും. ഇക്കാര്യത്തിൽ സ്ഥാനാർഥികളും ഒരു കാതം മുന്നോട്ടാണ് സഞ്ചരിക്കുന്നത്.
ജില്ലയിലെ മുഴുവൻ സ്ഥാനാർഥികളും ഫെയ്സ് ബുക്, വാട്സാപ്, ഇസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. ജില്ലയിലെ സ്ഥാനാർഥികളും ഫെയ്സ് ബുക് ലൈവും ഫോട്ടോകളും ലൈവ് അപ്ഡേഷനുമൊക്കെയായി സോഷ്യൽ മീഡിയകളിൽ തിരക്കിലാണ്. ഇതിൽ ഇടുന്ന ഫോട്ടോകൾക്കും ലൈവിനും ലഭിക്കുന്ന ലൈക്കും കമന്റുകളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ. പോസ്റ്ററുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടുന്ന പഴഞ്ചൻ രീതികളൊക്കെ പോയ് മറഞ്ഞു. സിനിമ താരങ്ങളെ വെല്ലുന്ന രീതിയിലാണ് മൾട്ടി കളർ പോസ്റ്ററുകൾ ഡിസൈൻ ചെയ്ത് പോസ്റ്റു ചെയ്യുന്നത്.
യുവതലമുറ മുതൽ സീനിയേഴ്സ് വരെ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. പഞ്ച് ഡയലോഗുകളും ഫോട്ടോഷൂട്ടിനെ െവല്ലുന്ന ലുക്കുകളുമായാണ് സോഷ്യൽ മീഡിയയിൽ സ്ഥാനാർഥികളുടെ തേരോട്ടം. സിനിമാ ഡയലോഗുകൾ അടർത്തി മാറ്റി സ്ഥാനാർഥികൾക്കായി േപജുകളിൽ ഉപയോഗിക്കുന്ന സൈബർ പോരാളികളും രംഗത്തുണ്ട്. ഒടിടിയിൽ തരംഗമായ ദൃശ്യം 2 ന്റെ ഡയലോഗുകളും വൻഹിറ്റായ കെജിഎഫിലെ ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങ് വരെ ഇത്തരത്തിൽ സ്ഥാനാർഥികൾക്കായി ഉപയോഗിക്കുന്നു.
ജില്ലയിലെ സ്ഥാനാർഥികളിൽ ഡിജിറ്റൽ പോസ്റ്ററുകളിൽ തരംഗം തീർക്കുന്നവരിൽ സീനിയർ സ്ഥാനാർഥിയായ നീലലോഹിതദാസൻ നാടാർ മുതൽ വീണ എസ്. നായർ വരെയുണ്ട്. വെറുതെ കൈ ഉയർത്തിയും തൊഴുത് വോട്ട് അഭ്യർഥിക്കുന്ന ചിത്രങ്ങൾ പാടെ ഉപേക്ഷിച്ച് മാസ് നായകരെയും നായികമാരെയും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്ററുകളും ഫോട്ടോകളും ഡിസൈൻ ചെയ്തിട്ടുള്ളത്. വാട്സാപ് സ്റ്റാറ്റസുകളായും ഗ്രൂപ്പുകളിലും ഇത്തരം പ്രചാരണം കൊഴുക്കുകയാണ്.