ADVERTISEMENT

തൃശൂർ ∙ ചേംബർ ഓഫ് കൊമേഴ്സും കോർപറേഷനും ചേർന്നു നടത്തുന്ന തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിനു നഗരത്തിൽ തുടക്കമായി. മേയർ എം.കെ. വർഗീസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവും നഗരത്തിലെ വിവിധയിടങ്ങളിലെ വൈദ്യുതാലങ്കാരങ്ങളുടെ സ്വിച്ച് ഓണും നിർവഹിച്ചു. ഇതിനു മുന്നോടിയായി പാലസ് റോഡിലെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം മുതൽ പട്ടാളം റോഡിലെ ഇഎംഎസ് ചത്വരം വരെ വർണാഭമായ വിളംബര ഘോഷയാത്ര നടന്നു.  റോളർ സ്കേറ്റിങ്‍, ബാൻഡ്–ചെണ്ട മേളം, കാവടികൾ തുടങ്ങിയവ അകമ്പടിയായി.

thrissur-christmas-2

സ്വരാജ് റൗണ്ട്, എംജി റോഡ്, എംഒ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ഇക്കണ്ട വാരിയർ റോഡ്, സെന്റ് തോമസ് കോളജ് റോഡ് തുടങ്ങി വിവിധയിടങ്ങളാണ് അലങ്കരിച്ചിട്ടുള്ളത്.  പി.ബാലചന്ദ്രൻ എംഎൽഎ, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാനും കല്യാൺ സിൽക്സ് എംഡിയുമായ ടി.എസ്. പട്ടാഭിരാമൻ, ഡപ്യൂട്ടി മേയർ എം.എൽ. റോസി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ പി.കെ. ഷാജൻ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില, സെക്രട്ടറി ജീജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി 1 വരെയാണു ഷോപ്പിങ് ഫെസ്റ്റിവൽ.

ഫ്ലവർ ഷോ മുതൽ  ഫുഡ് കോർട്ട് വരെ
ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഫ്ലവർ ഷോ തേക്കിൻകാട് മൈതാനിയിലെ നെഹ്‌റു പാർക്കിനു സമീപം 22 ന് ആരംഭിക്കും. അഗ്രി-ഹോർട്ടികൾചർ സൊസൈറ്റിയുമായി സഹകരിച്ചാണു പുഷ്പമേള. ഇതോടൊപ്പം ഇക്കണ്ട വാരിയർ റോഡിലെ ജോസ് ആലുക്കാസ് മൈതാനിയിൽ ഫുഡ് കോർട്ടും പ്രവർത്തനം തുടങ്ങും. ഫുഡ് കോർട്ടിൽ 20 മുതൽ ജില്ലാ ഫൊട്ടോഗ്രഫി അസോസിയേഷനുമായി ചേർന്നു ഫോട്ടോ പ്രദർശനമുണ്ട്. 

കലാ സന്ധ്യകളും ഉണ്ടായിരിക്കും. 31നു വൈകിട്ട് ശക്തൻ പ്രദർശന മൈതാനത്ത് ചെമ്മീൻ ബാൻഡ് നയിക്കുന്ന സംഗീത നിശ, ഫാഷൻ ഷോ, പുതുവത്സരാഘോഷം എന്നിവയും നടക്കും. ഫെസ്റ്റിവൽ വേദികളിലേക്കും ദീപാലങ്കാരങ്ങളുള്ള പ്രധാന വഴികളിലേക്കും പൊതുജനങ്ങൾക്കു സൗജന്യ ബസ് സർവീസ് ഉണ്ടാകും. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പ്രത്യേക ബസ് സർവീസുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com