ഗുരുവായൂർ ഉത്സവം ക്ഷേത്രകലകൾക്ക് പ്രാധാന്യമേറെ

Mail This Article
ഗുരുവായൂർ ∙ മേളം, തായമ്പക, കൂത്ത്, പാഠകം, കൊമ്പുപറ്റ്, കുഴൽപറ്റ്, മദ്ദളപ്പറ്റ്, നാഗസ്വരം എന്നീ ക്ഷേത്രകലകളും വാദ്യങ്ങളും ഗുരുവായൂർ ഉത്സവത്തിൽ പ്രധാനമാണ്. അകത്ത് ക്ഷേത്രകലകളും പുറത്ത് ജനപ്രിയ കലകളുമാണ് ഉത്സവത്തിന്റെ സവിശേഷത. രാവിലെ 7നും ഉച്ചകഴിഞ്ഞ് 3.30നും കാഴ്ച ശീവേലിക്ക് മേളം. ഉച്ചയ്ക്ക് കൂത്തമ്പലത്തിൽ കൂത്ത്, സന്ധ്യയ്ക്ക് പാഠകം, കേളി, മദ്ദളപ്പറ്റ്. രാത്രി 9 മുതൽ 1 വരെ നിത്യവും 3 തായമ്പക. പിന്നെ കൊമ്പുപറ്റ്, കുഴൽ പറ്റ്. പുറത്ത് 4 വേദികളിലായി പുലർച്ചെ 5 മുതൽ രാത്രി 11 വരെ കലാപരിപാടികൾ.
ഉത്സവം, രാത്രി വിശേഷം
ഉത്സവത്തിന് രാത്രി 1.30 വരെ നീളുന്ന ചടങ്ങുകൾ വിശേഷമാണ്. ശ്രീഭൂതബലി കഴിഞ്ഞ് രാത്രി 9ന് വടക്കേനടയ്ക്കൽ സ്വർണ പഴുക്കാമണ്ഡപത്തിൽ കണ്ണനെ എഴുന്നള്ളിച്ചു വയ്ക്കും. രാത്രി 1വരെ ദർശനം നടത്താൻ ഭക്തരുടെ തിരക്കുണ്ടാകും. എഴുന്നള്ളിച്ച് വച്ചാൽ തായമ്പക തുടങ്ങും. പ്രഗത്ഭർ എട്ടാം വിളക്കു വരെയുള്ള തായമ്പകയിൽ നിരക്കും.
രാത്രി 12.30ന് തായമ്പക അവസാനിച്ചാൽ കുഴൽപറ്റ്, കൊമ്പ്പറ്റ്, കേളി എന്നീ വാദ്യ വിശേഷങ്ങളാണ്. രാത്രി 1ന് എണ്ണായിരത്തോളം ചുറ്റുവിളക്കുകൾ തെളിച്ച് വിളക്ക് എഴുന്നള്ളിക്കും. 1.30ന് ഭഗവാന്റെ തങ്കത്തിടമ്പ് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചാൽ ഒരു ദിവസത്തെ ചടങ്ങ് പൂർത്തിയാകും.
ഇന്നു മുതൽ സ്വർണക്കോലം
ഉത്സവം ആറാം വിളക്കായ ഇന്നു മുതൽ സ്വർണക്കോലത്തിലാണ് കണ്ണന്റെ എഴുന്നള്ളിപ്പ്. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് കൊമ്പൻ നന്ദൻ സ്വർണക്കോലം എഴുന്നള്ളിക്കും. ഇനി കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ കുളപ്രദക്ഷിണത്തിനും സ്വർണക്കോലമാണ്. 191 സ്വർണപ്പൂക്കളും കണ്ണന്റെ ഗോളകയും ദശാവതാരവും മരതകപ്പച്ചയും വീരശൃംഖലയും ചാർത്തിയ വിശേഷപ്പെട്ട കോലം ഉത്സവത്തിനും ഏകാദശിക്കും അഷ്ടമിരോഹിണിക്കുമായി കൊല്ലത്തിൽ 10 ദിവസം മാത്രമാണ് എഴുന്നള്ളിക്കുന്നത്. ഇന്നു രാവിലത്തെ ശീവേലിക്ക് മേളം വടക്കേനടയിൽ എത്തിയാൽ വാദ്യക്കാരുടെ മനോധർമവും മികവും പ്രകടിപ്പിക്കുന്ന വക കൊട്ടൽ ചടങ്ങുണ്ട്.
മേൽശാന്തി നറുക്കെടുപ്പ്
ഏപ്രിൽ ഒന്നു മുതൽ 6 മാസത്തെ മേൽശാന്തിയെ തിരഞ്ഞെടുക്കാൻ ഇന്ന് ഉച്ചപ്പൂജ കഴിഞ്ഞാൽ മേൽശാന്തി നറുക്കെടുപ്പ് നടക്കും.
ആഘോഷ വെളിച്ചമായി ഇന്ന് ആറാം വിളക്ക്
∙ഗുരുവായൂർ ക്ഷേത്രം: കാഴ്ച ശീവേലി, മേളം 7.00, ശ്രീഭൂതബലി 11.00, ചാക്യാർ കൂത്ത് 1.00, കാഴ്ച ശീവേലി, മേളം 3.00, കേളി, മദ്ദളപ്പറ്റ്, പാഠകം 6.00, ശ്രീഭൂതബലി, വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ച് വയ്ക്കൽ 8.00.
∙ക്ഷേത്രം വടക്കേനട: തായമ്പക 1. ബാലമുരളി കടവല്ലൂർ, അനുനന്ദ് താമരയൂർ 8.00, 2. പോരൂർ ഉണ്ണിക്കൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി, ചിറക്കൽ നിധീഷ് 9.30, 3. കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ 11.00, കൊമ്പു പറ്റ്, കുഴൽപറ്റ്, ശീവേലി, വിളക്കെഴുന്നള്ളിപ്പ് രാത്രി 12.30.
∙ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം : കലാപരിപാടികൾ അഷ്ടപദി കെ.എം.പി.ഭദ്ര 5.00, നാഗസ്വര കച്ചേരി നാഗസ്വരം: ടി.കെ.ആർ.അയ്യപ്പൻ, ടി.കെ.ആർ.മീനാക്ഷി സുന്ദരം തകിൽ: എസ്.നാഗേന്ദ്രൻ, നെല്ലൂർ.ജി.തമിഴ് സെൽവൻ 6.00, ഭക്തിഗാനമഞ്ജരി തിരുവനന്തപുരം സിന്ധു പ്രതാപും സംഘവും 8.00, ഉപനിഷദ് പ്രഭാഷണം ഐതരേയോപനിഷത്ത്, ഡോ. വസന്തകുമാർ 9.00, ഓട്ടൻതുള്ളൽ കലാമണ്ഡലം ജയശ്രീ 10.00, ശാസ്ത്രീയ നൃത്തം നൃത്യതി ഗുരുവായൂർ 10.30, മോഹിനിയാട്ടം കലാമണ്ഡലം പ്രഷീജ ഗോപിനാഥ് 11.00, വിവിധ കലാപരിപാടികൾ ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ 12.00, ചാക്യാർ കൂത്ത് സന്താനഗോപാലം എളവൂർ അനിൽകുമാർ 2.00, ഭക്തിഗാന ലയം സാരംഗ് ഓർക്കസ്ട്ര, ഇരിങ്ങാലക്കുട 3.00, ഭരതനാട്യം ദിവ്യ വേണുഗോപാൽ, ആലപ്പുഴ 4.00, ഭരതനാട്യം രേവതി വർമ വയലാർ 7.30.
∙വൈകുണ്ഠം വേദി: പൂരക്കളി കേരള പൂരക്കളി അക്കാദമി പയ്യന്നൂർ 5.00.
∙വൈഷ്ണവം വേദി: സംഗീത കച്ചേരി പ്രഫ. ടി.വി.മണികണ്ഠൻ.6.00.
∙വൃന്ദാവനം വേദി : കൈകൊട്ടിക്കളി രാവിലെ 5.00 മുതൽ.