മധ്യകേരളത്തിൽ 40 ഡിഗ്രിയും കടന്ന് താപനില; ചൂട് വർധിപ്പിച്ച് യുവി തോതും
![Kerala Heat Wave Pathanamthitta | File Photo: Nikhilraj P / Manorama കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/17/kerala-heat-wave-pathanamthitta-1.jpg?w=1120&h=583)
Mail This Article
രണ്ടു മാസത്തിലേറെയായി മഴ മാറി നിൽക്കുകയും വേനൽ പിടിമുറുക്കുകയും ചെയ്തതോടെ മധ്യകേരളത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു.
വനസാന്നിധ്യവും ജലസാന്നിധ്യവും ഏറെയുണ്ടായിട്ടും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിലും 38 ഡിഗ്രി വരെയാണ് താപനില. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളിൽ പത്തനംതിട്ട ജില്ലയുടെ താപനില ഉൾപ്പെടുത്താറില്ലെങ്കിലും ജില്ലയിലെ പത്തോളം സ്വയം നിയന്ത്രിത മാപിനികളിൽ നിന്നുള്ള കണക്കനുസരിച്ച് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ താപനില ഇപ്പോൾ അനുഭവപ്പെടുന്നത് തിരുവല്ല ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലാണ്.
![kannur-extreme-heat-4 കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/current-affairs/kerala-hot-summer/kannur-extreme-heat-4.jpg)
2 ദിവസം മുൻപ് തിരുവല്ലയിലെ ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷനിൽ ഉച്ചസമയത്തെ താപനില 40.5 ഡിഗ്രി വരെ രേഖപ്പെടുത്തി. ഇന്നലെ ഇത് 39.3 ഡിഗ്രിയായിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ 2 ദിവസമായി തൃശൂർ വെള്ളാനിക്കയിലാണ് രേഖപ്പെടുത്തുന്നത്– 39.8. വെള്ളാനിക്കരയിലെ തന്നെ ഓട്ടമാറ്റിക് മാപിനിയിൽ ഇത് 41 ഡിഗ്രിയെന്നാണ് പറയുന്നത്. പരമ്പരാഗത മാപിനികളിലും ഓട്ടമാറ്റിക് മാപിനികളിലും രേഖപ്പെടുത്തുന്ന താപനില സംബന്ധിച്ച് നേരിയ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും മീനമാസം ആരംഭിക്കും മുൻപേ ഇത്രയും ചൂട് ഇതിനു മുൻപ് അനുഭവപ്പെട്ടിട്ടില്ലെന്നു ജില്ലയിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
![kannur-extreme-heat-3 വേനൽ എത്തും മുൻപേ ഇങ്ങനെ... കനത്ത ചൂടിൽ വെന്തുരുകുകയാണ് കണ്ണൂർ ജില്ല. രാവും പകലും അധികഠിനമായ ചൂടാണ്. കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ ചൂടിനെ പ്രതിരോധിച്ച് നിൽക്കുന്ന കാഴ്ചകൾ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/current-affairs/kerala-hot-summer/kannur-extreme-heat-3.jpg?w=845&h=440)
ചൂട് വർധിപ്പിച്ച് യുവി തോതും പരിസ്ഥിതി നാശവും
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഏറെ വർധിച്ചതാകാം ഇതിന് ഒരു കാരണമെന്നു കരുതുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നതും താപനില ഉയർത്തും. യഥാർഥ ചൂട് 37 ഡിഗ്രിയും അന്തരീക്ഷ ആർദ്രതയുടെ തോത് 50% ആണെങ്കിൽ തന്നെ ഫലത്തിൽ 45 ഡിഗ്രി പൊള്ളൽ അനുഭവപ്പെടാമെന്നാണു കണക്ക്. ഇത് അസ്വസ്ഥ ഉണ്ടാക്കും.
ടാർ– കോൺക്രീറ്റ് പ്രതലങ്ങളുടെ വർധനവും വാഹന എസികളിൽ നിന്നും വാഹന ഉപരിതലത്തിലെ ലോഹഭാഗങ്ങളിൽ നിന്നുമുള്ള ചൂടാണ് മറ്റൊരു ഘടകം. പച്ചപ്പും പാടങ്ങളും ഇല്ലാതാകുകയും പാറകൾ വൻതോതിൽ പൊട്ടിച്ചെടുക്കുകയും ചെയ്യുന്നതിനാൽ പാരിസ്ഥിതിതികമായി മധ്യകേരളം വൻ പ്രതിസന്ധിയിലാണ്.
![heatwave-summer (Photo by Idrees MOHAMMED / AFP)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/3/14/heatwave-summer.jpg)
പ്രധാന നദികളെ ആശ്രയിച്ചാണ് കാര്യങ്ങളെല്ലാം മുന്നോട്ടു പോകുന്നത്. പാടങ്ങളും തോടുകളും അടങ്ങുന്ന ജല ആവാസ വ്യവസ്ഥ മേഖലയിൽ നിന്ന് മെല്ലെ അപ്രത്യക്ഷമാവുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ ഭൂമി തരം മാറ്റവും മറ്റും അവസരമായി കണ്ട് മുന്നേറുകയാണു പലരും. ഉയരുന്ന താപനിലയിലെ അപകട സൂചന തിരിച്ചറിയാൻ ജില്ലാ ഭരണകൂടങ്ങൾക്കു സംവിധാനമില്ല. മണൽ വാരൽ വീണ്ടും തുടങ്ങുന്നതിനെപ്പറ്റിയുള്ള ചർച്ചകളും റിപ്പോർട്ടും അവർ പുറത്തുവിട്ടു കഴിഞ്ഞു.
നഗരതാപ തുരുത്തായി മാറി ജില്ലയിലെ ഗ്രാമങ്ങൾ
ഗ്രാമങ്ങൾ നഗരങ്ങളായി മാറുന്ന രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ വർധിക്കുകയും ചെയ്യുമ്പോഴുള്ള നഗരതാപത്തുരുത്ത് എന്ന പ്രതിഭാസവും പ്രകടമാണ്. എന്നാൽ ഇത് ശരിവയ്ക്കാൻ പറ്റിയ പഠനങ്ങളോ നിരീക്ഷണങ്ങളോ ഇവിടെയില്ല. ഭാവി കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും തുടങ്ങിവയ്ക്കാൻ പോലും ആരുമില്ലാത്ത സ്ഥിതിയാണ് മധ്യതിരുവിതാംകൂർ മേഖലയിൽ.