ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സൗത്താഫ്രിക്കയിലെ കേപ്ടൗണിൽ കടൽത്തീരത്തടിഞ്ഞത് കൂറ്റൻ രാക്ഷസക്കണവ. സ്കാർബോറഫ് ബീച്ചിൽ പാറക്കൂട്ടത്തിനിടയിലാണ് 14 അടിയോളം നീളമുള്ള കണവയെ കണ്ടെത്തിയത്. ആഴക്കടലിൽ കാണപ്പെടുന്ന വലിയയിനം കണവകൾ അപൂർവമായി മാത്രമേ തീരത്തടിയാറുള്ളൂ. പകൽ സമയത്ത് ആഴക്കടലിൽ തന്നെ കഴിയുന്ന കണവകൾ രാത്രികാലങ്ങളിൽ ഇരതേടി ജലോപരിതലത്തിലേക്കെത്താറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ  കപ്പലുകളും മറ്റ് മത്സ്യബന്ധന ബോട്ടുകളും മറ്റും തട്ടുന്നതാവാം ഇവയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് സമുദ്ര ഗവേഷകരുടെ നിഗമനം. ആറ് മാസം മുൻപ് കേപ് ടൗണിലെ കോമെറ്റ്ജീ തീരത്ത് 11 അടിയോളം നീളമുള്ള രാക്ഷസക്കണവയുടെ മൃതശരീരം കണ്ടെത്തിയിരുന്നു.

 

നമ്മൾ ഭക്ഷണമാക്കുന്ന കണവയുടെ വലുപ്പം കൂടിയ ബന്ധുവാണ് രാക്ഷസക്കണവ. ജയന്റ് സ്ക്വിഡ് എന്നാണ് ഇംഗ്ലിഷിൽ ഇവയുടെ പേര്. നീരാളികളും കണവകളുമൊക്കെ ഉൾപ്പെടുന്ന സെഫലോപോ‍ഡ് എന്ന ജന്തുകുടുംബത്തിലാണു രാക്ഷസക്കണവകളുടെയും സ്ഥാനം. ലോകമെമ്പാടും അനേകം നോവലുകളിൽ കൂടിയും സിനിമകളിൽ കൂടിയും ഭീകരജീവിയെന്നു കുപ്രസിദ്ധി നേടിയെന്നതാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത.

 

1870ൽ പുറത്തിറങ്ങിയ, ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കായ ‘ട്വെന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ യിൽ രാക്ഷസക്കണവയെക്കുറിച്ച് പറയുന്നുണ്ട്. ഇതിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ നെമോയുടെ അന്തർവാഹിനി നോട്ടിലസിനെ ഒരു രാക്ഷസക്കണവ ആക്രമിക്കുന്നത് പ്രശസ്തമായ രംഗങ്ങളിലൊന്നാണ്. ടൺകണക്കിനു ഭാരമുള്ള കപ്പലുകളെ തകർത്തു തരിപ്പണമാക്കുന്ന, അതിലെ നാവികരെ തന്റെ നീണ്ട കൈകളാൽ പിടിച്ചു തിന്നുന്ന ഭീകരജീവിയായി പൊടിപ്പും തൊങ്ങലും ചേർത്താണു നോവൽ രചയിതാവായ ഷൂൾസ് വേൺ രാക്ഷസക്കണവയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ ജീവിയുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഏറി. 

 

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വലുപ്പവും ഭാരവും ഏറിയ ജീവികളാണ് രാക്ഷസക്കണവകൾ. ഇതിൽ ഇന്നു കിട്ടിയിട്ടുള്ളവയിൽ ഏറ്റവും വലുപ്പമുള്ളതിന് അറുപതടി നീളവും ആയിരം കിലോ ഭാരവുമുണ്ടായിരുന്നു. സമുദ്രാന്തർഭാഗത്തു ജീവിക്കുന്നതിനാൽ ഇവയെപ്പറ്റിയുള്ള പഠനങ്ങൾ  ശൈശവദശയിലാണ്. അപൂർവമായി തീരത്തടിയുന്ന ഇവയുടെ ശവശരീരങ്ങളിൽ നിന്നാണു കൂടുതലും ശാസ്ത്രജ്ഞർ പഠനം നടത്തുന്നത്.

 

ലോകത്തിലേക്ക് ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയാണ് ഇവയെന്നു കരുതപ്പെടുന്നു. ഏകദേശം 25 സെന്റിമീറ്ററോളം വ്യാസമുണ്ട് ഇവയുടെ കണ്ണുകൾക്ക്. ആഴക്കടലിൽ തങ്ങളുടെ പ്രധാന വേട്ടക്കാരനായ സ്പേം തിമിംഗലങ്ങളുടെ വരവ് അറിയാനും അവയിൽ നിന്നു രക്ഷ നേടാനും ഈ വലിയ കണ്ണുകള്‍ ഇവയെ സഹായിക്കും. എട്ടു കൈകളും അവ കൂടാതെ നീണ്ട കൈകൾ പോലെയുള്ള രണ്ടു ഘടനകളും (ടെന്റക്കിൾസ്) ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള  ടെന്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എടുക്കുന്നത്. മീനുകൾ, കൊഞ്ചുകൾ, കടൽജീവികൾ എന്നിവയെ ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും തങ്ങളുടെ ഇരയാക്കാറുണ്ട്.

 

മാന്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് എടുത്ത് ഇവ പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ചാണ് ഇവ മുന്നോട്ടു പോകുന്നത്. ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും രാക്ഷസക്കണവകളുണ്ട്. എന്നാൽ തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കു ചുറ്റുമാണ് ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു.‌ അഞ്ചു വർഷത്തോളമാണ് ഇവയുടെ ജീവിത കാലാവധി. ഒറ്റ പ്രജനനത്തി‍ൽ ലക്ഷക്കണക്കിന് മുട്ടകൾ ഇവ പുറത്തുവിടുമെന്നു പറയുന്നു. എന്നാൽ ഇവയിൽ സിംഹഭാഗവും മറ്റു കടൽജീവികൾക്ക് ഭക്ഷണമാകും. ശേഷിക്കുന്നവ വിരിഞ്ഞ് പുതിയ രാക്ഷസൻമാർ പുറത്ത് വരും.

 

English Summary: Another giant squid found washed up on Cape Town beach

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com