വെയിൽസിൽ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു; വേതന വർധന നടപ്പാക്കിയത് 15 വർഷം മുൻപ്
Mail This Article
വെയിൽസ് ∙ യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടത്തിയതിൽ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കാണ്. നാല് ദിവസമാണ് ഇത്തവണത്തെ പണിമുടക്ക് നീണ്ടു നിൽക്കുക. 15 വർഷമായി വേതന വർധനവ് നൽകാൻ സർക്കാർ തയാറായിട്ടില്ലെന്ന് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആരോപിച്ചു.
ജൂനിയർ ഡോക്ടർമാർ പണിമുടക്ക് ആരംഭിക്കാൻ നിർബന്ധിതരായതിൽ ഖേദമുണ്ടെന്നും 15 വർഷത്തിനിടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞതിനാലാണ് പണിമുടക്ക് ആരഭിച്ചതെന്നും ബിഎംഎ പറഞ്ഞു. അതേസമയം പണിമുടക്ക് മൂലം ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തന തടസ്സം മൂലം ഉണ്ടാകാവുന്ന ആഘാതത്തെക്കുറിച്ച് ആരോഗ്യ മേധാവികൾ മുന്നറിയിപ്പ് നൽകി. സർക്കാർ മുന്നോട്ടുവച്ചതും ജൂനിയർ ഡോക്ടർമാർ നിരസിച്ചതുമായ 5% ശമ്പള വാഗ്ദാനം മെച്ചപ്പെടുത്താൻ ഫണ്ട് ഇല്ലെന്ന് സർക്കാർ പറഞ്ഞു.
ആയിരക്കണക്കിന് ജൂനിയർ ഡോക്ടർമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. രോഗികളുടെ ആയിരക്കണക്കിന് കൂടിക്കാഴ്ച്ചകൾ റദ്ദാക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏകദേശം 3,000 ലധികം ബിഎംഎ അംഗങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് ബിഎംഎ ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 7 വരെ പണിമുടക്ക് നീണ്ടുനിൽക്കും. മണിക്കൂറിന് 13.65 പൗണ്ട് വേതനത്തിലാണ് വെയിൽസിൽ ജൂനിയർ ഡോക്ടർമാർ ജോലി ചെയ്യുന്നത്.