വെയിൽസ് ഹിന്ദു കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Mail This Article
ന്യൂപോർട്ട് ∙ വെയിൽസ് ഹിന്ദു കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിനു ദാമോദരൻ (പ്രസി), സൺ കെ. ലാൽ (വൈ. പ്രസി), ഷിബിൻ പനക്കൽ (സെക്ര), അഞ്ജു രാജീവ് (ജോ. സെക്ര), അഖിൽ എസ്. രാജ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പ്രശാന്ത്, രേവതി മനീഷ് എന്നിവരാണ് ആർട്സ് കോഓർഡിനേറ്റർമാർ.
ഇവന്റ് കോഓർഡിനേറ്റർമാരായി അനീഷ് കോടനാട്, ബിനോജ് ശിവൻ എന്നിവരെയും പ്രധാന അധ്യാപകരായി സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ ധാർമിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവത്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകളിൽ ഭജന, ശ്ലോക പാരായണം എന്നിവ ഉണ്ടായിരിക്കും. പൗരാണിക കഥകൾ, ഹിന്ദു സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ സംഘടിപ്പിക്കുക. കുടുംബ സംഗമങ്ങൾ, ഉൽസവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കൂട്ടായ്മ ലക്ഷ്യമിടുന്നു.

വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉൽസവാഘോഷങ്ങളുടെ യഥാർഥ താത്പര്യവും ആധ്യത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കും. യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിന് ധാർമിക ബോധവത്കരണം നൽകുക, സാമ്പത്തികമായും സാമൂഹികമായും പിന്തുണ നൽകുന്ന സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയാണ് കൂട്ടായ്മയുടെ മറ്റു ലക്ഷ്യങ്ങളെന്നും ഭാരവാഹികൾ പറഞ്ഞു.
വെയിൽസ് ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 19ന് നടത്തുന്ന വിഷു ആഘോഷത്തിൽ താൽപര്യമുള്ളവർ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി +447760 901782 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.