രാജ്യാന്തര സർവീസുകൾക്കൊരുങ്ങി സൗദി അറേബ്യയിലെ റെഡ് സി വിമാനത്താവളം
Mail This Article
ജിദ്ദ ∙ രാജ്യാന്തര സർവീസുകൾക്കൊരുങ്ങി സൗദി അറേബ്യയിലെ റെഡ് സി വിമാനത്താവളം. ഫ്ലെ ദുബായ് ആണ് സർവീസ് ആരംഭിക്കുന്നത്. അടുത്ത മാസം പകുതിയോടെ വിമാനത്താവളത്തിൽ നിന്ന് സൗദിക്ക് പുറത്തേക്ക് വിമാനം പറക്കും. ഏപ്രിൽ പതിനെട്ടിന് ആദ്യ രാജ്യാന്തര വിമാനം പറന്നിറങ്ങുമെന്നാണ് വിമാനത്താവള കമ്പനി വ്യക്തമാക്കുന്നത്.
ഫ്ലെ ദുബായ് ഇവിടെ നിന്ന് ദുബായ് വിമാനത്താവളത്തിലേക്കാണ് നേരിട്ട് സർവീസ് നടത്തുക. ആഴ്ചയിൽ രണ്ട് വീതം സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാകുക. നിലവിൽ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ എയർലൈൻസ് മാത്രമാണ് വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസുകൾ നടത്തി വരുന്നത്. ആഴ്ചയിൽ ആറ് സർവീസുകളാണ് സൗദിയ നടത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിച്ചത്.
സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മറ്റുന്നതിലേക്ക് ചുവടുവയ്ക്കുന്നതിലൂടെ, സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഞങ്ങളുടെ വാതിലുകൾ ലോകത്തേക്ക് വിശാലമായി തുറക്കുന്നതിൽ സന്തുഷ്ടരാണെന്ന് റെഡ് സി ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒ ജോൺ പഗാനോ പറഞ്ഞു.