ഇക്കൊല്ലം ഇതൊക്കെ മറികടക്കാന്‍ സാധിച്ചു, സന്തോഷമാണ് പ്രധാനം; മനസ്സ് തുറന്ന് ബോളിവുഡ് നടി
Mail This Article
നടീനടന്മാരുടെ സൗന്ദര്യത്തിന്‍റെ രഹസ്യം, പ്രധാനമായും അവരുടെ ഭക്ഷണവും വ്യായാമവുമാണ്. സൗന്ദര്യം നിലനിര്‍ത്താന്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായതു കൊണ്ടുതന്നെ, മനസ്സിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. തന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ച് പുതുവത്സര പോസ്റ്റില്‍ മനസ്സ് തുറന്ന് നടി രാകുല്‍ പ്രീത് സിംഗ്.
രാകുലിന്‍റെ പോസ്റ്റ് വായിക്കാം;
"മനസ്സിനെ അലട്ടുന്ന കാര്യങ്ങളെല്ലാം വിട്ടുകളയുന്നതിനായുള്ള സമയമായിരുന്നു ഈ അവധിക്കാലം. എനിക്ക് ഇതേക്കുറിച്ച് നിങ്ങളോട് ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്..
കാര്യങ്ങള്‍ വിട്ടുകളയുന്നതിനും കുറ്റബോധം തോന്നാതെ ഭക്ഷണം കഴിക്കുന്നതിനും പണ്ടേ ബുദ്ധിമുട്ടുള്ള ആളാണ് ഞാന്‍. വീണ്ടും ട്രാക്കിലെത്താന്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു... തലയ്ക്കുള്ളിലെ ഈ നിരന്തര സംഘര്‍ഷം കാരണം ഭക്ഷണം ആസ്വദിക്കാന്‍ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഇക്കൊല്ലം ഇതൊക്കെ മറികടക്കാന്‍ സാധിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്!! പഞ്ചസാരയുള്ളതോ പൊരിച്ചതോ ആകട്ടെ, കഴിച്ച ഓരോ ഭക്ഷണവും രുചിയോടെ ആസ്വദിക്കാന്‍ എനിക്ക് സാധിച്ചു... ഓരോ നിമിഷവും സന്തോഷത്തോടെ ആസ്വദിക്കാന്‍ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം. അതിനാല്‍ ഞാന്‍ പറയട്ടെ, ഇടയ്ക്ക് നില്‍ക്കുക, ആസ്വദിക്കുക, വീണ്ടും ട്രാക്കില്‍ എത്തുക. കാരണം, നിങ്ങളുടെ മനസ്സിന്‍റെ സന്തോഷം എന്നത്, നിങ്ങളുടെ രൂപത്തെക്കാളും പ്രധാനമാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ അംഗീകരിക്കുക എന്നതാണ് മറ്റുള്ളവരുടെ അംഗീകാരത്തെക്കാള്‍ പ്രധാനം.
അധികം വൈകാതെ തന്നെ തിരിച്ച് ട്രാക്കില്‍ എത്തുക എന്നതും പ്രധാനമാണ്. എന്നാല്‍, കുറുക്കുവഴികളോ മനപ്രയാസമോ ഇല്ലാതെ വേണം അങ്ങനെ ചെയ്യാന്‍..."
പോസ്റ്റിനൊപ്പം ഇക്കൊല്ലം കഴിച്ച ചില രുചികരമായ ഭക്ഷണങ്ങളുടെ ചിത്രങ്ങളും രാകുല്‍ പങ്കുവച്ചിട്ടുണ്ട്. ലണ്ടനിലെ ഹൈഡ് പാർക്കിലെ വിൻ്റർ വണ്ടർലാൻഡിലായിരുന്നു നടിയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷം. നവംബർ പകുതി മുതൽ ജനുവരി ആദ്യം വരെ ലണ്ടനിലെ ഹൈഡ് പാർക്കിൽ നടക്കുന്ന വാർഷിക ക്രിസ്മസ് ശൈത്യകാല മേളയാണ് ഇത്. 2005 ൽ ഹൈഡ് പാര്‍ക്കില്‍ ചെറിയ മേളയായാണ് ഇത് ആരംഭിച്ചത്. ആദ്യ പത്ത് വർഷങ്ങളിൽ വിൻ്റർ വണ്ടർലാൻഡിന് 14 ദശലക്ഷം സന്ദർശകരുണ്ടായിരുന്നു. ഇപ്പോഴാകട്ടെ, ജയൻ്റ് വീൽ, സർക്കസ്, ഐസ് ഷോ, ലൈവ് മ്യൂസിക്, ഹൈഡ് പാർക്കിലെ സെർപൻ്റൈൻ റോഡിലൂടെയുള്ള ഒരു ചെറിയ അമ്യൂസ്മെൻ്റ് റൈഡുകൾ എന്നിവയുൾപ്പെടെ ഒട്ടേറെ ആകര്‍ഷണങ്ങള്‍ നിറഞ്ഞ ഈ ഉത്സവവിപണി വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
നിരവധി ബാറുകളും ഭക്ഷണശാലകളും തത്സമയ സംഗീതവും ഉൾക്കൊള്ളുന്ന വലിയ ജർമ്മൻ തീമിലുള്ള ഭക്ഷണ പാനീയ ഗ്രാമമായ ബവേറിയൻ വില്ലേജ് മറ്റൊരു ആകര്‍ഷണമാണ്. കറങ്ങിത്തിരിയുന്ന ബാറായ കറൗസൽ ബാറും കാണേണ്ട കാഴ്ചയാണ്.