ഷെയ്ഖ് മുഹമ്മദിന് 'ഇംപീരിയല്‍ സോപ്പിലൊരു പിറന്നാള്‍ സമ്മാനം'; ഒരുക്കിയത് പ്രവാസി മലയാളി
Mail This Article
ദുബായ് ∙ വല്ലഭന് പുല്ലും ആയുധം എന്നുപറഞ്ഞതുപോലെയാണ് തിരുവനന്തപുരം സ്വദേശിയായ ബിജു. ശംഖുമുഖത്തെ കണ്ണെത്താദൂരത്തോളമുളള മണല്‍ത്തരികളായാലും ഉളളം കൈയ്യിലൊതുങ്ങുന്ന സോപ്പായാലും ബിജുവിന്‍റെ കൈയ്യിലെത്തിയാല്‍ അതൊരു മനോഹര ശില്‍പമായി മാറും. കഴിഞ്ഞ ഡിസംബറിലാണ് സെലിബ്രിറ്റി ഫോട്ടോഗ്രഫർ കൂടിയായ ബിജു യുഎഇയിലെത്തിയത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ സോപ്പ് ശില്‍പവും ബിജുവൊരുക്കിയിട്ടുണ്ട്. ജൂലൈ 15 ന് ദുബായ് ഭരണാധികാരിയുടെ പിറന്നാള്‍ സമ്മാനമായി സോപ്പ് ശില്‍പം കൈമാറണമെന്നാണ് ആഗ്രഹമെങ്കിലും അതത്ര എളുപ്പമല്ലെന്ന് ബിജുവിന് അറിയാം. ഈ കുഞ്ഞു ശില്‍പം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍ അതുതന്നെ സന്തോഷം.
∙ ഇംപീരിയല്‍ സോപ്പിലൊരുങ്ങിയ ഷെയ്ഖ് മുഹമ്മദ്
ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമുളള ദുബായ് ഭരണാധികാരിയെ സോപ്പില്‍ ഒരുക്കണമെന്നുളളത് ആഗ്രഹമായിരുന്നു. ജൂലൈ 15 ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ പിറന്നാള്‍ സമ്മാനമായി ഒരുക്കാമെന്ന് ഉറപ്പിച്ചു. ഇംപീരിയല്‍ സോപ്പില്‍. രണ്ട് മണിക്കൂറെടുത്താണ് ഇത് പൂർത്തിയായത്. മറ്റ് മാധ്യമങ്ങളില്‍ ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ് സോപ്പില്‍ ശില്‍പം നിർമ്മിക്കുകയെന്നുളളത്. മൂന്നാം ശ്രമത്തിലാണ് ശില്‍പം പൂർത്തിയായത്. ജനങ്ങളെ ഏറെ പിന്തുണയ്ക്കുന്ന ഭരണാധികാരിയോടുളള ആദരവാണ് ശില്‍പമൊരുക്കാന്‍ പ്രേരണയായത്. സോപ്പ് ശില്‍പം ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ സന്തോഷമായെന്ന് ബിജു പറയുന്നു.
∙ മണല്‍ ശില്‍പങ്ങളില്‍ തുടക്കം
വീടിന് അടുത്തുളള ശംഖുമുഖം തീരത്തെ മണല്‍ തിട്ടകളില്‍ ശില്‍പമൊരുക്കിയാണ് തുടക്കം. സുഹൃത്തുക്കളുടെ സഹായത്തോടെ ഭീമന്‍ ശില്‍പങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു. മണല്‍ ഉണങ്ങിയാല്‍ ശില്‍പഭംഗി നഷ്ടമാകും. ഒരു ഫോട്ടോയുടെ ആയുസ് മാത്രമാണ് മണല്‍ ശില്‍പങ്ങള്‍ക്കുളളതെന്നുളളത് വലിയ തിരിച്ചറിവായിരുന്നു. ശില്‍പം നശിച്ചുപോയാലും ഫോട്ടോ അവശേഷിക്കുമെന്നുളള ചിന്ത സോപ്പ് ഉള്‍പ്പടെയുളള മാധ്യമങ്ങളില്‍ ശില്‍പകല ചെയ്യാന്‍ പ്രേരിപ്പിച്ചു. സോപ്പില്‍ ചെയ്യുന്ന ശില്‍പങ്ങള്‍ കേടുകൂടാതെയിരിക്കുകയെന്നുളളത് വെല്ലുവിളിയാണ്. എങ്കിലും ഇതുവരെ 600 ലധികം സോപ്പുശില്‍പങ്ങള്‍ ബിജുവിന്‍റെ വിരലുകളിലൂടെ പിറവിയെടുത്തു.
∙ സോപ്പ് ശില്‍പ മ്യൂസിയം സ്വപ്നം
നാലുവർഷം മുന്‍പാണ് സോപ്പ് മ്യൂസിയം എന്ന ആശയം മനസ്സിലേക്ക് വരുന്നത്. മന്ത്രി മുഹമ്മദ് റിയാസിനോട് ഈ ആശയം പങ്കുവച്ചുവെങ്കിലും സാങ്കേതികമായി നിരവധി ബുദ്ധിമുട്ടുകളുളളതിനാല്‍ ചർച്ച എങ്ങുമെത്തിയില്ല. ഏറ്റവും പ്രധാന വെല്ലുവിളി ശില്‍പങ്ങള്‍ എത്രകാലം നിലനില്‍ക്കുമെന്നതായിരുന്നു. അത്തരം ശില്‍പങ്ങള്‍ക്കായി മ്യൂസിയമെന്നുളളത് പ്രായോഗികമായിരുന്നില്ല. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ മാറ്റി വയ്ക്കുന്ന സോപ്പ് ശില്‍പങ്ങളെന്നതായിരുന്നു ബിജുവിന്‍റെ മനസ്സിലെ ആശയം. സ്വപ്നം വിട്ടുകളഞ്ഞിട്ടില്ല. ദുബായില്‍ വച്ച് ഗോവ മന്ത്രിയായ റോഹന്‍ ഖാണ്ഡെയുമായി പരിചയപ്പെടാന്‍ സാധിച്ചപ്പോള്‍ ഈ ആശയം പങ്കുവച്ചു. മ്യൂസിയം ഗോവയില്‍ ഒരുക്കാന്‍ തയാറാണ്, സമയമാകുമ്പോള്‍ വരൂ എന്നുളള ഉറപ്പും നല്‍കിയാണ് അദ്ദേഹം തിരിച്ചുപോയത്.
∙ മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ രജനീകാന്ത് വരെ
മോഹന്‍ലാലും മമ്മൂട്ടിയും രജനീകാന്തും ഉള്‍പ്പടെയുളള താരങ്ങള്‍ക്ക് സോപ്പ് ശില്‍പം സമ്മാനിച്ചിട്ടുണ്ട് ബിജു. തിരുവനന്തപുരം എംപിയായ ശശി തരൂരിനും, ശശി തരൂർ മുഖേന പ്രമുഖ വ്യവസായി എം. എ. യൂസഫലിക്കും ശില്‍പം സമ്മാനിക്കാന്‍ സാധിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് ശില്‍പം സമ്മാനിച്ചപ്പോള്‍ രാജകുടുംബത്തിന്‍റെ മ്യൂസിയത്തില്‍ സോപ്പ് ശില്‍പങ്ങള്‍ കൂടി ഉള്‍പ്പെടുത്താമെന്ന് പറഞ്ഞതും സന്തോഷം.
∙ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്
ഒരു സോപ്പില്‍ നിന്നുതന്നെ നീളമേറിയ ചങ്ങലയുണ്ടാക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 12 കണ്ണികളുളള ചങ്ങല രണ്ട് മണിക്കൂറുകൊണ്ടാണ് പൂർത്തിയാക്കിയത്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഖത്തറിലും സോപ്പ് ശില്‍പ പ്രദർശനം നടത്തിയിട്ടുണ്ട്. ഏഴുവർഷത്തോളം ഖത്തറില്‍ ത്രീഡി വിഷ്വലൈസറായി ജോലി ചെയ്തിട്ടുണ്ട്. ഖത്തറില്‍ നിരവധി പദ്ധതികളുടെ ഭാഗമായി. കോവിഡ് സമയത്ത് നാട്ടിലേക്ക് തിരിച്ചെത്തി.
എന്നാല്‍ പ്രവാസിയെന്നും പ്രവാസിതന്നെയെന്നത് ഉറപ്പിച്ചു. പ്രവാസകുപ്പായമണിഞ്ഞ് 2023 ഡിസംബറില്‍ ദുബായിലെത്തി. ഐക്കോണിക് ഫർണിച്ചറെന്ന സ്ഥാപനത്തില്‍ പ്രൊഡക്ട് വിഷ്വലൈസറായി ജോലി ചെയ്യുകയാണ് ഇപ്പോള്‍. ജോലിക്കിടയിലാണ് ശില്‍പനിർമ്മാണവും ഫോട്ടോഗ്രഫിയും. ഭാര്യ സൂര്യ. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ദേവർഷ് ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ്.