അധ്യാപികയില്‍ നിന്ന് അടുക്കളയിലേക്ക് സമീന ടീച്ചറുടെ സ്വപ്നയാത്ര: ഇത്, ദുബായിലെ 'സ്മാഷ് ഷാക്ക് ' രുചിക്കഥ

Mail This Article
ദുബായ് ∙ നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും, പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റില്‍ സ്വപ്നത്തെ അനുഗമിച്ച് സാന്‍റിയാഗോ നിധി തേടിപ്പോയെങ്കില്‍, സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നത്തെ പിന്തുടർന്ന് അധ്യാപികയില്‍ നിന്ന് ഷെഫിലേക്കുളള യാത്രയാണ് ദുബായിലെ സമീന ഹസന്‍ തമീം നടത്തിയത്.
തടസ്സങ്ങള്‍ മറികടന്ന്, ആ സ്വപ്നത്തിലെത്തി നില‍്ക്കുമ്പോള്‍ ഇനിയുമൊരുപാട് ദൂരം മുന്നോട്ടുപോകാനുണ്ടെന്ന് തിരിച്ചറിയുന്നുണ്ട് സമീന. പഠിക്കുന്ന കാലത്ത് അധ്യാപികയാകാന്‍ ഇഷ്ടമായിരുന്നു, നന്നായി പഠിച്ച് ആ ഇഷ്ടം നേടിയെടുത്തു. പിന്നീടെപ്പോഴോ ബിസിനസാണ് വഴിയെന്ന് മനസ്സിലുറപ്പിച്ചു, അതിനായി തീവ്രമായി ആഗ്രഹിച്ചു, പരിശ്രമിച്ചു.
തടസ്സങ്ങള്‍ മറികടന്ന്, പാചകനൈപുണ്യമെന്ന നിധികണ്ടെടുത്ത് സമീന ഹസന്‍ തമീം തന്റെ സ്വപ്നം സാക്ഷാത്കരിച്ചു, അതാണ് ദുബായ് അല്‍ വർക്കയിലെ, ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ 'സ്മാഷ് ഷാക്ക്'.

∙ തുടക്കം അജ്മാന്‍ കോളജില്‍ നിന്ന്
വിവാഹം കഴിഞ്ഞ് 2007 ലാണ് സമീന ഭർത്താവ് തമീമിനൊപ്പം ദുബായിലെത്തുന്നത്. നാട്ടില്‍ കോളജ് അധ്യാപികയായിരുന്ന സമീന, ഇവിടെയത്തിയതിന് ശേഷം അജ്മാന്‍ കോളജ് ഓഫ് ലോ ആൻഡ് ടെക്നോളജി വിഭാഗത്തില്‍ അധ്യാപികയായി. രണ്ട് വർഷത്തോളം അവിടെ ജോലി ചെയ്തു. ഒമാനിലെ മസ്കത്തില്‍ ബിസിനസായിരുന്ന പിതാവ് ടി എം ഹസന്.
അവിടെയായിരുന്നു സമീന വളർന്നതും പഠിച്ചതും. കേരളത്തിലെ മാർ ഇവാനിയോസ് കോളജില്‍ നിന്നാണ് എംഎ ഇംഗ്ലിഷ്, എം ഫില്‍ പൂർത്തിയാക്കിയത്.
∙ വെസ്റ്റ് മിന്‍സ്റ്റർ സ്കൂളിലേക്ക് അധ്യാപികയായി
മകന് മൂന്ന് വയസ്സുളളപ്പോള്‍ ദുബായ് വെസ്റ്റ് മിന്‍സ്റ്റർ സ്കൂളില്‍ ചേർത്തു. അന്ന് മകനൊപ്പം അഡ്മിഷന്Jz കാര്യങ്ങള്‍ക്കായി സ്കൂളിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും അധ്യാപികയാകാനുളള ക്ഷണം ലഭിച്ചത്. എന്നാല്‍ കോളജില്‍ പഠിപ്പിച്ച പരിചയസമ്പത്തുളളതിനാല്‍ സ്കൂളില്‍ അധ്യാപികയാകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ റിസപ്ഷനിസ്റ്റിന്റെ നിർബന്ധത്തിന് വഴങ്ങി സൂപ്പർവൈസറെ കാണാന്‍ തീരുമാനിച്ചു.
മകന്‍ പഠിക്കുന്ന സ്കൂളില്‍ അധ്യാപികയായിക്കൂടെയെന്ന ചോദ്യത്തില്‍ അവിടെ ചേരാന്‍ തീരുമാനിച്ചു. മകളെ ഗർഭിണിയായപ്പോഴും ജോലി തുടർന്നു. രണ്ട് വർഷങ്ങള്‍ക്ക് ശേഷം മകനെ ഷാർജ അവർ ഓണ്‍ ഇന്ത്യന്‍ സ്കൂളിലേക്ക് മാറ്റുന്ന സമയത്ത് നാട്ടില്‍ നിന്ന് 28 ദിവസം പ്രായമുളള മകളുമൊത്ത് തിരിച്ചെത്തി. ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാല്‍ ജോലിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചില്ല. എന്നാല്‍ വെറുതെയിരിക്കാനും ഇഷ്ടമല്ലായിരുന്നു.

∙ അപ്രതീക്ഷിത തീപിടിത്തം തടയിട്ട കാറ്ററിങ് സ്വപ്നം
ഭർത്താവ് തമീമിന്റെ കുടുംബാംഗങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ ഒത്തുകൂടുമായിരുന്നു. ഭക്ഷണം പാചകം ചെയ്ത് നല്‍കുമ്പോള്‍ നല്ല അഭിപ്രായം കിട്ടിയതാണ് ആദ്യ പ്രചോദനം. വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ പാചകത്തിലൊരു കൈനോക്കാമെന്ന് ഉറച്ചു. വാരാന്ത്യ ദിവസങ്ങളില്‍ കാറ്ററിങ്ങായിട്ടായിരുന്നു തുടക്കം. അത് വിജയിച്ചു. 'മന്നാസ് കിച്ചന്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ അറിഞ്ഞ് പലരും തേടിയെത്തി.
100 പേർക്കുളള ഭക്ഷണം വരെ പാചകം ചെയ്തുനല്‍കിയിട്ടുണ്ട്. ക്ലൗഡ് കിച്ചനെല്ലാമെടുത്ത് ബിസിനസ് വിപൂലീകരിക്കാനിരിക്കെയാണ്, ഷാർജയില്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അത് വല്ലാതെ ഉലച്ചു. അധ്യാപികയെന്നതിലേക്ക് മടങ്ങണമെന്നതായിരുന്നു പിതാവിന്റെ സ്നേഹത്തോടെയുളള ഉപദേശം. ആ വാക്കുകള്‍ കേട്ടാണ് വീണ്ടും അപേക്ഷ അയച്ചത്. ആ ജോലി ലഭിച്ചു. ദുബായ് അല്‍ വർഖ അവർ ഓണ്‍ സ്കൂളില്‍ അധ്യാപികയായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. മകളെ സ്കൂളില്‍ ചേർക്കാനുളള സമയമായപ്പോഴാണ് ഷാർജയില്‍ നിന്ന് അല്‍ വർഖയിലേക്ക് താമസം മാറുന്നത്. എല്ലാ പിന്തുണയും നല്‍കി ഉമ്മ ലൈലയും ഒപ്പമുണ്ടായിരുന്നു.
∙ സ്വപ്നത്തിലേക്കുളള വഴി
വർഖയിലേക്ക് മാറിയതിന് ശേഷം, പ്രധാന ഹോബി അവിടെ ഏതൊക്കെ റസ്റ്ററന്റുകള്‍ വരുന്നു, പൂട്ടുന്നുവെന്നൊക്കെ ശ്രദ്ധിക്കുകയെന്നതായിരുന്നു. അമ്മയോടൊപ്പം മകന്‍ സാഹിലും കൂടി. അക്ഷരാർഥത്തില്‍ അതൊരു പഠനമായിരുന്നു. ഇതിനിടെ അബുദാബി യൂണിവേഴ്സ്റ്റിയില്‍ അധ്യാപികയാകാന്‍ അവസരം വന്നു. മനസ്സുകൊണ്ട് ആഗ്രഹിച്ച ജോലിയായിരുന്നു അത്. എന്നാല്‍ അപ്രതീക്ഷിതമായി ശാരീരികബുദ്ധിമുട്ട് അനുഭവപ്പെടുകയും സർജറി ആവശ്യമായി വരികയും ചെയ്തു, മാത്രമല്ല അബുദാബി ദുബായ് യാത്രയും ബുദ്ധിമുട്ടായിരുന്നു.

∙ വീണ്ടും റസ്റ്ററന്റ് എന്ന സ്വപ്നത്തിലേക്ക്
റസ്റ്ററന്റുകളെ കുറിച്ചുളള പഠനം ഇതിനിടെ തുടർന്നിരുന്നു. യുകെയില്‍ റസ്റ്ററന്റ് നടത്തുന്ന സുഹൃത്തിന്റെ അടുത്ത് പോയി അവിടത്തെ രീതികളും മനസ്സിലാക്കി. ആ സമയത്താണ് റസ്റ്ററന്റ് വില്‍ക്കുന്നവെന്ന പത്രപരസ്യം കണ്ടതും, അന്വേഷിക്കുന്നതും. വർഖയില്‍ താമസിക്കുന്ന കെട്ടിടത്തിന് തൊട്ടുമുന്നിലായിരുന്നു ഈ റസ്റ്ററന്റ്. വിചാരിച്ചതിനേക്കാള്‍ വലിയ റസ്റ്ററന്റായതിനാല്‍ നടക്കില്ലെന്ന് ഉറപ്പിച്ചാണ് അമേരിക്കയിലുളള റസ്റ്ററന്റിന്റെ ഉടമയോട് സംസാരിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹവുമായി ധാരണയിലെത്തി, അവിടെയാണ് 'സ്മാഷ് ഷാക്ക്' പിറന്നത്.
ഇന്ത്യന്‍ ഭക്ഷണം എല്ലാവർക്കും കഴിക്കാന്‍ ഇഷ്ടമുണ്ടാവില്ലല്ലോ. ദുബായ് വൈബ് പിടിച്ച് ഫാസ്റ്റ് ഫൂഡെന്ന ആശയത്തിലേക്കെത്തിയതെന്ന് അങ്ങനെയാണ്. ആരോഗ്യത്തിന് നല്ലതല്ലെന്ന് വിലയിരുത്തി ബർഗറും ബ്രിസ്കെറ്റുമൊക്കെ മാറ്റിവയ്കക്കുന്നവർക്ക്, ധൈര്യമായി ഇവിടേക്ക് വരാം, ആരോഗ്യകരമായ രീതിയില്‍ സ്മാഷ് ബർഗറുള്‍പ്പടെ ഉണ്ടാക്കി നല്‍കുകയെന്ന ആശയത്തില്‍ നിന്നാണ് 'സ്മാഷ് ഷാക്കെ'ന്ന പേരിന്റെ പിറവി. നാല് ജോലിക്കാരുമായാണ് 2024 ജൂണില്‍ സ്മാഷ് ഷാക്ക് തുടങ്ങിയത്. ഇന്ന് ദുബായിലെ ഫൂഡികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് 'സ്മാഷ് ഷാക്ക്'.

∙ കുടുംബത്തിന്റെ സ്വന്തം 'സ്മാഷ് ഷാക്ക്'
കുടുംബത്തിന്റെ പിന്തുണയാണ് 'സ്മാഷ് ഷാക്കി'ന്റെ കാതല്‍. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 'സ്മാഷ് ഷാക്ക്' തുറക്കുന്നത്. പലപ്പോഴും പുലർച്ചെ 3 ഓടെയാണ് സമീനയ്ക്ക് ഉറങ്ങാനാകുക. കുട്ടികള്‍ രാവിലെ സ്കൂളില്‍ പോകുന്നതിന് മുന്‍പ് വീണ്ടും എഴുന്നേല്‍ക്കും. അവർ പോയതിന് ശേഷം ഒന്നുറങ്ങും.
അത്യാവശ്യഘട്ടങ്ങളില്‍ ഭർത്താവ് തമീമും മക്കളായ സാഹിലും തമന്നയും സഹോദരന്‍ സമീറും ഷോപ്പില്‍ ഒരു കൈസഹായത്തിനെത്തും. മക്കള്‍ക്കുള്‍പ്പടെ എല്ലാവർക്കും, മേശ വൃത്തിയാക്കാനും ഒരുക്കിയിടാനും, കൂടാതെ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാനുമറിയാം, അഭിമാനത്തോടെ സമീന പറയുന്നു.
രുചിയ്ക്കൊപ്പം സ്നേഹവും ചേർത്ത് വിളമ്പിയപ്പോള്‍ ഇവിടേയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടി. ഗർഭിണിയായ ഭാര്യയ്ക്ക് ബർഗർ വാങ്ങാനെത്തി സ്ഥിരം കസ്റ്റമറായി മാറിയ ദമ്പതികള്‍ പിന്നീട് കുഞ്ഞിനെയും കൊണ്ട് കാണാനെത്തിയത് ഷെഫെന്ന രീതിയിലുളള വലിയ അംഗീകാരം, സമീനയുടെ കണ്ണുകളില്‍ അഭിമാനത്തിളക്കം.
∙ വിജയത്തിന് കുറുക്കുവഴികളില്ല
ഒരുപാട് സ്ത്രീകള്‍ തന്റെ ജീവിതയാത്ര പ്രചോദനമാണെന്ന് പറഞ്ഞിട്ടുണ്ട്. മുന്നോട്ടുപോകാന്‍ കടമ്പകളേറെയുണ്ട്.അത്ര പെട്ടന്നൊന്നും വിട്ട് പോകുന്ന മനസ്സല്ല, തന്റേത്. ആ മനസ്സുറപ്പ് തന്നെയാണ് 'സ്മാഷ് ഷാക്കി'ന്റെ ധൈര്യം. പുതിയ കാര്യങ്ങള്‍ തുടങ്ങാനും വിജയിക്കാനും എളുപ്പവഴികളില്ല, പഠിക്കുക, സ്വന്തം കഴിവിനെ വിശ്വസിക്കുക. കഠിനമായി അധ്വാനിക്കുക, വിജയം നിങ്ങളുടെ കൂടെ വരും, പറഞ്ഞ് അവസാനിപ്പിച്ച്, സമീന 'സ്മാഷ് ഷാക്കി'ന്റെ കിച്ചണിലേക്ക്, തന്നെ വിശ്വസിച്ചെത്തുന്നവരുടെ നാവില്‍ രുചിയുടെ പുതിയ മാജിക്ക് തീർക്കാന്‍.