മൂന്നാം തരംഗവും നാലാം തരംഗവും റിപ്പോർട്ട് ചെയ്ത് രാജ്യങ്ങൾ; വൈറസിന്റെ തീവ്രവ്യാപനം ഗൗരവത്തോടെ കാണണം
Mail This Article
കോവിഡ് രണ്ടാം തരംഗം പിടിച്ചു നിർത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യ വകുപ്പും സർക്കാരും. വൈറസിന്റെ തീവ്രവ്യാപന സ്വഭാവം, പ്രായഭേദമില്ലാതെയുള്ള ഉയർന്ന മരണ നിരക്ക് എന്നിവ ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രണ്ടാം തരംഗത്തിൽ കുട്ടികളിലും രോഗം ബാധിക്കുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസിനെ നേരിടാൻ ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും നല്ല കവചം. വാക്സീനെക്കാളും ഗുണം ചെയ്യുക മുറിയാത്ത ജാഗ്രതയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡിനെ ചെറുക്കാൻ ചെയ്യേണ്ടത് എന്തെല്ലാം? ജീവിതത്തിന്റെ ഭാഗമാക്കേണ്ട പ്രതിരോധ ശീലങ്ങൾ എന്തൊക്കെ? പൊതുവായ സംശയങ്ങളും മറുപടിയും ചുവടെ.
∙ വീട്ടിൽ പാലിക്കേണ്ട പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
കോവിഡ് പ്രതിസന്ധിയിൽ വീട് തന്നെയാണ് ഏറ്റവും സുരക്ഷിതം. അതേസമയം അടുത്തുള്ള വീടുകളിൽ കോവിഡ് ബാധിതർ ഉണ്ടെങ്കിൽ ജാഗ്രത വേണം. വൈറസ് വായുവിലൂടെ പകരുമെന്നു കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചാൽ രോഗം നിരീക്ഷിക്കാൻ അറിഞ്ഞിരിക്കണം. ശരീര താപനില, രക്തത്തിലെ ഓക്സിജൻ അളവ് എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. പ്രമേഹം, കൊളസ്ട്രോൾ, രക്ത സമ്മർദം എന്നിവ ഉള്ളവർ കൂടുതൽ കരുതലെടുക്കണം. ഓക്സിജൻ അളവ് 94ൽ കുറഞ്ഞാൽ അടിയന്തര ചികിത്സ നൽകണം.
∙ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എങ്ങനെ?
മാസ്ക്, അകല വ്യവസ്ഥ എന്നീ പ്രതിരോധ നിർദേശങ്ങളിൽ മാറ്റമില്ല. ജനിതകമാറ്റം വന്ന വൈറസുകൾ അതിവേഗം പകരും. മറ്റുള്ളവരുമായി കഴിയുന്നത്ര അകലം പാലിക്കണം. രണ്ടു മാസ്ക്കുകൾ (ഡബിൾ മാസ്ക്) ഉപയോഗിക്കുന്നതു ശീലമാക്കണം. ഉള്ളിൽ സർജിക്കൽ മാസ്കും, പുറമേ തുണി മാസ്കും ധരിച്ചാൽ മതിയാകും. മാസ്ക് കൃത്യമായി ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത സ്ഥലത്തു ഭക്ഷണം കഴിക്കരുത്. പുറത്തുപോകുമ്പോൾ 2 മാസ്ക്കുകൾകൂടി അധികം കരുതാം. സാനിറ്റൈസർ നിർബന്ധമായും കരുതണം.
∙ റെംഡിസിവിർ ജീവൻരക്ഷാ മരുന്നാണോ?
റെംഡിസിവിറിനു വേണ്ടി പരക്കം പായേണ്ട കാര്യമില്ല. കോവിഡ് ചികിത്സയിൽ ഈ മരുന്നിനു കാര്യമായ പങ്കില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഓക്സിജൻ സഹായം ആവശ്യമായ ചില രോഗികളിൽ മാത്രമാണ് റെംഡിസിവിർ നിർദേശിക്കപ്പെടുന്നത്. ജീവൻരക്ഷാ മരുന്നായി ഇതിനെ കണക്കാക്കാൻ കഴിയില്ല. ഓക്സി മീറ്റർ, ഗ്ലൂക്കോ മീറ്റർ, തെർമോ മീറ്റർ, എന്നിവ വീട്ടിൽ കരുതുന്നതാണ് ഏറ്റവും നല്ല വഴി. പ്രമേഹം, രക്തസമ്മർദം, ശരീരതാപനില, ഓക്സിജൻ അളവ് എന്നിവയിൽ വത്യാസമുണ്ടായാൽ ഉടൻ ചികിത്സ തേടണം. നേരത്തേ ആശുപത്രിയിൽ എത്തിയാൽ ചികിത്സയും എളുപ്പമാവും. റെംഡിസിവിർ ആവശ്യം വരില്ല.
∙ കോവിഡ് കണ്ടെത്താൻ സിടി സ്കാൻ മികച്ച മാർഗമാണോ?
സിടി സ്കാൻ എല്ലാവർക്കും ആവശ്യമില്ല. ഡോക്ടർമാർ നിർദേശിക്കുന്ന രോഗികളിൽ മാത്രമാണ് സ്കാനിങ് നടത്തുന്നത്. സിടി സ്കാൻ കാൻസറിനു കാരണമാകുമെന്ന വാദത്തിൽ കഴമ്പില്ല. പഴയ കാലത്തെ അപേക്ഷിച്ച് റേഡിയേഷൻ വളരെ കുറഞ്ഞ നൂതന മെഷീനുകളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ആർടിപിസിആർ, ആന്റിജൻ എന്നിവയാണ് പ്രചാരത്തിലുള്ള കോവിഡ് പരിശോധനാ രീതി. ആർടിപിസിആർ 70%വും, ആന്റിജൻ 50%വും കൃത്യത നൽകും.
∙ പുറത്തു പോകുമ്പോൾ കയ്യുറ ധരിക്കേണ്ടതുണ്ടോ?
പുറത്തുപോകുമ്പോൾ ശരീരം മുഴുവൻ മറയ്ക്കേണ്ടതില്ല. ശരിയായി മാസ്ക് ധരിക്കുകയും, അകലം പാലിക്കുകയും കൈകൾ ശുചിയായി സൂക്ഷിക്കുകയും മാത്രം മതിയാകും. അതേസമയം ആശുപത്രികളിൽ അധികനേരം ചെലവഴിക്കേണ്ടി വന്നാൽ പിപിഇ കിറ്റ് ധരിക്കുന്നതും കയ്യുറ ധരിക്കുന്നതുമാണു സുരക്ഷിതം.
∙ താടി വളർത്തുന്നത് രോഗസാധ്യത ഉയർത്തുമോ?
താടി നീട്ടി വളർത്തിയവർ മാസ്ക് ധരിച്ചാലും മുഖത്തിനും മാസ്ക്കിനും ഇടയിൽ ചെറിയ വിടവുകൾ അവശേഷിക്കാൻ സാധ്യത കൂടുതലാണ്. മുറുക്കമുള്ള മാസ്ക് ധരിക്കുകയോ, താടി നീട്ടി വളർത്താതിരിക്കുകയോ ചെയ്യുന്നതാണ് ഉചിതം. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോളും ഇതേ നിർദേശമാണു മുന്നോട്ടുവയ്ക്കുന്നത്.
∙ കോവിഡ് മുക്തി ഇനി എന്ന്?
പല രാജ്യങ്ങളിൽ മൂന്നാം തരംഗവും നാലാം തരംഗവും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. വൈറസിന്റെ സ്വഭാവം വ്യക്തമായ സാഹചര്യത്തിൽ പ്രതിരോധ മാർഗരേഖ പാലിക്കുക മാത്രമാണു വഴി. ആദ്യ തരംഗത്തിനു ശേഷം രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജാഗ്രത വെടിഞ്ഞതാണ് രണ്ടാം തരംഗത്തിലേക്കു നയിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ജാഗ്രതക്കുറവിന്റെ ശിക്ഷയാണു നാം ഇപ്പോൾ അനുഭവിക്കുന്നത്. രോഗവ്യാപനം പൂർണമായി നിയന്ത്രണത്തിലാവാൻ രണ്ടോ മൂന്നോ വർഷം എടുത്തേക്കുമെന്ന് തിരിച്ചറിയണം. അതുവരെ ജാഗ്രത വെടിയാതെ കോവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണം. നിലവിലെ പ്രതിരോധ ശീലങ്ങൾ മുടക്കാതെ മുന്നോട്ടുപോകാം. മൂന്നാം തരംഗമുണ്ടായാലും തീവ്രത കുറയ്ക്കാൻ ഇതു സഹായിക്കും.
English Summary : COVID- 19 common doubts and caring tips