‘ഡോക്ടറെ ഞാൻ ഉമ്മൻചാണ്ടിതന്നെയാണ്’; ഡോ.സുൽഫിക്ക് പറ്റിയ അബദ്ധം
Mail This Article
പൊങ്കാലയിടാൻ വരട്ടെ. ഇതൊരു അബദ്ധം പറ്റിയ കഥ. ഈ കഥ ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ കാര്യമില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം.ഏതാണ്ട് 15 കൊല്ലങ്ങൾക്ക് മുൻപ്.
ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രവർത്തങ്ങൾ ചെറിയ തോതിലുണ്ട്. അത്യാവശ്യം കാര്യങ്ങളിൽ ഇടപെടും അത്രമാത്രം. സജീവ പ്രവർത്തനങ്ങളൊന്നുമില്ല. പി ജി വിദ്യാർഥികളുടെ സ്റ്റൈപ്പൻഡ്മായി ബന്ധപ്പെട്ട് അവർ പണിമുടക്കി.
പ്രശ്നം പരിഹരിക്കാൻ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടന്ന ചില ചർച്ചകളിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഞാനും
കാര്യങ്ങളെങ്ങുമെത്തുന്നില്ല.
മുഖ്യമന്ത്രിയുമായും കൂടി ചർച്ച ചെയ്തതിനു ശേഷം തീരുമാനം അറിയിക്കാമെന്നായി ആരോഗ്യ വകുപ്പ് മന്ത്രി .
പിറ്റേദിവസം എന്റെ മൊബൈലിലേക്കോരു ഫോൺ കോൾ. "ഡോക്ടറെ ഞാൻ ഉമ്മൻചാണ്ടിയാണ്". കേരളീയർക്ക് ചിര പരിചിത ശബ്ദം. എനിക്ക് സംശയമായി. കേരള മുഖ്യന് എന്നെ പോലെ ഒരു സാധാ ഡോക്ടറെ നേരിട്ട് വിളിക്കേണ്ട കാര്യമോന്നുമില്ലല്ലോ. അതിനുവേണ്ടിയുള്ള പരിചയമോ, രാഷ്ട്രീയ ബന്ധങ്ങളൊയില്ലതാനും. മാത്രവുമല്ല
ഉമ്മൻചാണ്ടിയുടെ മുതൽ മന്മോഹൻ സിങ്ങിന്റെയും അമിതാബ് ബച്ചന്റെയും വരെ ശബ്ദം അനുകരിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ടുതാനും.
ഇത് എനിക്കിട്ട് പണിയാൻ എന്റെ അടുത്ത സുഹൃത്തുക്കൾ ആരോ ഇറങ്ങിയതാ. ഞാൻ ഉറപ്പാക്കി. ഉമ്മൻ ചാണ്ടിയാണെന്ന പരിചയപ്പെടുത്തലിന്, എന്റെ അലസമായ ഉത്തരം
"ഒ പറ"
"സ്റ്റൈപ്പൻന്റിന്റെ കാര്യത്തിൽ നിങ്ങൾക്കനുകൂലമായ തീരുമാനമെടുത്തിട്ടുണ്ട്"
"എന്നിട്ട്?"
എന്റെ പുച്ഛം കലർന്ന ചോദ്യം!
കൂടെ ഒരു വാചകവും ഞാൻ വച്ച് കാച്ചി.
"വെച്ചിട്ട് പോടാ ഉമ്മൻചാണ്ടി".
ഫോൺ വെയ്ക്കുന്നില്ലായെന്നു മാത്രമല്ല ആ ശബ്ദം തുടരുന്നു.
"ഡോക്ടറെ ഞാൻ ഉമ്മൻചാണ്ടി തന്നെയാണ്"
പിന്നെ പറഞ്ഞതെല്ലാം ഞാൻ പകുതി കേട്ടു, കേട്ടില്ല.
ഞാൻ പറഞ്ഞ സോറിയൊക്കെ അദ്ദേഹം ശ്രദ്ധിച്ചൊ എന്നറിയില്ല. ഫോൺ വെച്ചിട്ടും എനിക്ക് സ്ഥലകാലബോധമുണ്ടായില്ല .
മുഖ്യമന്ത്രിയെ "വെച്ചിട്ടു പോടാ" യെന്ന് പറഞ്ഞത് ഞാനല്ലെന്ന് സ്വയം മനസ്സിനെ സമാധാനിപ്പിച്ചു. ഒരു ചെറിയ ഡിനയൽ അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
പിന്നെ പല സന്ദർഭങ്ങളിലും സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സന്ദർശിക്കാൻ ഇടയായെങ്കിലും ആ "പോടോ "വിളിക്കാരനെ അദ്ദേഹം തിരിച്ചറിഞ്ഞില്ലയെന്ന് കരുതി ഞാൻ ആശ്വസിക്കുകയായിരുന്നു. ഒരുപക്ഷേ ഇതുപോലുള്ള ലാളിത്യമയിരിക്കണം ഉമ്മൻചാണ്ടിയെ ജനങ്ങളോട് അടിപ്പിച്ചു നിർത്തുന്നതും. ഒരിക്കൽ കണ്ടാൽ സകല ഭൂമിശാസ്ത്രവും മറക്കാത്ത, തീവ്ര ഓർമ ശക്തിയുള്ള ഉമ്മൻ ചാണ്ടി ആ "പോടാ" വിളി മറന്നിരിക്കും. ഉറപ്പ്.
Content Summary: Dr.Sulphi Noohu about Oommen Chandy