തടി കൂടുമോ എന്ന് പേടി, കഴിച്ച ഭക്ഷണം ഛർദിച്ച് പുറത്തു കളയാൻ നോക്കുന്ന കൗമാരക്കാരി
Mail This Article
ചോദ്യം : എന്റെ മകൾക്കു 15 വയസ്സുണ്ട്. അവൾ തടി കൂടുന്നു എന്നു കരുതി ഈയിടെയായി ഭക്ഷണം നന്നെ കുറച്ചിരിക്കുകയാണ്. ശരീരം അടുത്തകാലത്ത് നല്ലവണ്ണം ക്ഷീണിച്ചിട്ടും ഉണ്ട്. ഇത് എന്തെങ്കിലും അസുഖം ആകുമോ എന്നാണു പേടി. എന്തു ചെയ്യണം ഡോക്ടർ?
ഉത്തരം : സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്ന ഒരു അസുഖം ആണ് അനൊറെക്സിയ നെർവോസ (anorexia nervosa). ആൺകുട്ടികളെക്കാൾ പെൺകുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. ഈ അസുഖം ഉള്ള കുട്ടികൾ തടി കൂടുമോ എന്ന പേടി കാരണം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. അല്ലെങ്കിൽ തീരെ കഴിക്കാതിരിക്കുന്നു. ചിലപ്പോൾ തിരഞ്ഞെടുത്ത ചില പ്രത്യേക ഭക്ഷണം മാത്രം കഴിക്കുന്നു. ചിലപ്പോൾ കഴിച്ച ഭക്ഷണം ഛർദിച്ച് പുറത്തു കളയാൻ നോക്കുന്നു. തടി കൂടുന്നു എന്നതു മിക്കപ്പോഴും യാഥാർഥ്യവുമായി ബന്ധമില്ലാത്ത വെറും തോന്നൽ മാത്രം ആയിരിക്കും. ഭക്ഷണത്തിൽ ആവശ്യത്തിന് കാലറി ഊർജം ലഭിക്കാതിരിക്കുമ്പോൾ അത് അമിതമായ ക്ഷീണത്തിനും മറ്റു ശാരീരിക പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. ഇരുമ്പ്, സിങ്ക് പോലുള്ള പോഷക ഘടകങ്ങളുടെയും വൈറ്റമിനുകളുടെയും കുറവ് വിളർച്ച രോഗം പോലുള്ള പല ശാരീരിക അസുഖങ്ങൾക്കും കാരണം ആകുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതു നിർജലീകരണത്തിനും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇടയാക്കും. പോഷകാഹാരങ്ങൾ ആവശ്യത്തിന് ലഭിക്കാത്തതു ശ്രദ്ധക്കുറവും ഓർമക്കുറവും ഉണ്ടാകുന്നതിനും അതുവഴി പഠനപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും വഴിതെളിക്കും. അമിതമായ ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, അമിതവൃത്തിരോഗം എന്ന് മലയാളത്തിൽ പറയുന്ന ഒസിഡി (OCD), ചിലതരം വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയൊക്കെ അനൊറെക്സിയ നെർവോസ ഉള്ള ആളുകളിൽ സാധാരണമാണ്.
ശരീരത്തിന്റെ ആകൃതിയെക്കുറിച്ചും ഭംഗിയെക്കുറിച്ചും ഏറ്റവും കൂടുതൽ ആലോചിക്കുന്ന കാലമാണ് കൗമാരപ്രായം. അതുപോലെ ശരീര സൗന്ദര്യത്തെക്കുറിച്ചും ആകൃതിയെക്കുറിച്ചും പരസ്യങ്ങളാൽ ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെടുന്ന കാലവുമാണ്. ഇതൊക്കെ തന്നെ തടി കുറയ്ക്കുന്നതിനും ഭക്ഷണം നിയന്ത്രിക്കുന്നതിനും പ്രേരണ ആകുന്നു. അത് ഒരുപരിധിയിൽ കൂടുമ്പോഴാണ് അസുഖത്തിന്റെ തലത്തിലേക്കു മാറുന്നത്. ജനിതക ഘടകങ്ങൾക്കും പങ്കുണ്ട്. കൗമാരപ്രായത്തിൽ വളരെ വേഗത്തിലാണ് ശരീരം വളരുന്നത്. അതനുസരിച്ചു കൂടുതൽ ഊർജവും പോഷകങ്ങളും ആവശ്യമാണ്. ആവശ്യമായ പോഷകഘടകങ്ങൾ ഉള്ള ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുന്നത് ആരോഗ്യത്തെ ബാധിക്കാൻ സാധ്യത ഉണ്ട്. പൊണ്ണത്തടി വരാതിരിക്കുന്നതിനു വേണ്ടത് ആവശ്യത്തിന് വ്യായാമം ചെയ്യുകയാണ്. കാര്യം കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. മേൽ പറഞ്ഞതുപോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)