ഗാർഡനിൽ ഉറപ്പായും വേണം കറ്റാർവാഴ; ഇങ്ങനെ വളർത്തിനോക്കൂ...

Mail This Article
കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഏറെ ഗുണകരമായ ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ഇതുമൂലം സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ ഒരു കറ്റാർവാഴ ചെടിയെങ്കിലും നട്ടുപിടിപ്പിക്കാറുണ്ട്. പക്ഷേ പലപ്പോഴും തണ്ടുകൾക്ക് വേണ്ടത്ര ആരോഗ്യമോ വളർച്ചയോ ഇല്ലാത്ത അവസ്ഥയിലും അവ കാണപ്പെടാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുമുറ്റത്തെ കറ്റാർവാഴ ചെടിയും ആരോഗ്യത്തോടെ വളരെ വേഗത്തിൽ തഴച്ചു വളരും.
പറിച്ചു നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
കറ്റാർവാഴ തൈകൾ ശേഖരിച്ച് അത് വീട്ടിലെത്തിച്ച് നടുമ്പോൾ തന്നെ പരിചരണം തുടങ്ങണം. വെള്ളം വേഗത്തിൽ വലിച്ചെടുക്കുന്ന മണ്ണാണ് കറ്റാർവാഴ നടുന്നതിന് വേണ്ടത്. ജലാംശം ഏറെയുള്ള സസ്യമായതിനാൽ വെള്ളം കെട്ടി നിന്നാൽ കറ്റാർവാഴ വേഗത്തിൽ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. വേരു പിടിക്കാൻ പാകത്തിന് എട്ടു മുതൽ 12 ഇഞ്ച് വരെ വലിപ്പമുള്ള കണ്ടെയ്നർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇവയിൽ വെള്ളം ഒഴുകി പോകുന്നതിന് മതിയായ ദ്വാരങ്ങൾ ഉണ്ടെന്നും ഉറപ്പുവരുത്തണം. ജലാംശം പൂർണമായും വലിച്ചെടുക്കുന്നതിന് കളിമണ്ണ് കൊണ്ടുള്ള ചട്ടികളാണ് ഏറ്റവും നല്ലത്. സ്ഥലവിസ്തൃതിയുള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

വളർത്തുന്നത് എങ്ങനെ
മുൻപ് പറഞ്ഞതുപോലെ വേരു ചീയാതെ സംരക്ഷിക്കുകയാണ് പ്രധാന കാര്യം. പോട്ടിങ് മിശ്രിതം ഉപയോഗിച്ചാൽ വെള്ളം തങ്ങിനിൽക്കുന്നതും അമിത സാച്ചുറേഷനും ഒഴിവാക്കാൻ സാധിക്കും. എന്നാൽ സാധാരണ പോട്ടിങ് മിശ്രിതത്തിന് പകരം കള്ളിമുൾച്ചെടികൾക്കും നീരുള്ള ഇനത്തിൽപ്പെട്ട സസ്യങ്ങൾക്കും ഉപയോഗിക്കുന്ന പ്രത്യേക പോട്ടിങ് മിശ്രിതം തന്നെ തിരഞ്ഞെടുക്കുക.

അമിത വളപ്രയോഗം വേണ്ട
മറ്റു സസ്യങ്ങൾ പോലെ കറ്റാർവാഴയ്ക്ക് വളപ്രയോഗം അത്ര അത്യാവശ്യമല്ല. അതുമാത്രമല്ല വളത്തിന്റെ അളവ് കൂടിപ്പോയാൽ അത് ചെടി നശിക്കാൻ കാരണമാവുകയും ചെയ്യും. ഇത്തരം സസ്യങ്ങൾക്കായി പ്രത്യേകം നിർമ്മിച്ചെടുത്തിട്ടുള്ള വളങ്ങൾ ലഭ്യമാണ്.
വെളിച്ചവും ചൂടും
കറ്റാർവാഴയ്ക്ക് ആരോഗ്യത്തോടെ വളരാൻ പ്രകാശം അത്യാവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. അമിതമായി വെയിലേറ്റാൽ ചെടിയുടെ ഇലകളില്‍ തവിട്ടോ ചുവപ്പോ കലര്‍ന്ന പാടുകള്‍ ഉണ്ടാകാന്‍ തുടങ്ങിയെന്നു വരും. ഇത്തരം പാടുകൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. 55 മുതൽ 85 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയാണ് കറ്റാർവാഴകൾക്ക് അത്യുത്തമം. താപനില ഇതിൽ നിന്ന് താഴുന്നതും ഉയരുന്നതും ചെടികൾക്ക് ഗുണകരമല്ല.
വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ വീട് ചൂടുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ ആഴ്ചയിൽ രണ്ടു തവണ കറ്റാർവാഴയ്ക്ക് വെള്ളം നൽകുക. ശരാശരി താപനിലയുള്ള പ്രദേശങ്ങളിൽ ആഴ്ചയിൽ ഒരുതവണ മാത്രം വെള്ളം നൽകിയാൽ മതിയാവും. നട്ടിരിക്കുന്ന മണ്ണ് പൂർണമായും ജലാംശം വറ്റിയ നിലയിൽ ആണെങ്കിൽ മാത്രമേ വെള്ളം നൽകേണ്ടതുള്ളൂ. എന്നാൽ വെള്ളം ഒഴിക്കുന്ന സമയത്ത് ധാരാളമായി നൽകാവുന്നതാണ്.
പ്രൂണിങ്
കറ്റാർവാഴ ആരോഗ്യത്തോടെ തഴച്ചു വളരാൻ കൃത്യമായ ഇടവേളകളിൽ പ്രൂണിങ് അത്യാവശ്യമാണ്. പഴക്കം ചെന്ന ഇലകൾ ആദ്യം മുറിച്ചു നീക്കുക. ചെടിയുടെ മധ്യഭാഗത്തായുള്ള ഇലകൾ ഏറ്റവും പുതിയവ ആയതിനാൽ അവ മുറിക്കരുത്. ഓരോ തവണ മുറിച്ചു നീക്കുമ്പോഴും ചെടിയിൽ അഞ്ചോ ആറോ തണ്ട് വീതം അവശേഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ആവശ്യത്തിന് സൂര്യപ്രകാശം സ്വാംശീകരിക്കാൻ ഇത് അത്യാവശ്യമാണ്.
English Summary- Aloe Vera in Home Garden- Gardening Tips