കിച്ചൻ സിങ്ക് ബ്ലോക്ക് ആയോ? എളുപ്പം പരിഹരിക്കാം
Mail This Article
ഒരു വീട്ടിലെ അടുക്കള വൃത്തിയായി ഇരുന്നാല്‍ മാത്രമേ വീട്ടിലുള്ളവര്‍ക്ക് ആരോഗ്യം ഉണ്ടാകൂ. വൃത്തിഹീനമായ അടുക്കളയുള്ള വീടുകളിലെ ആളുകള്‍ക്ക് രോഗങ്ങള്‍ ഒഴിയില്ല. അടുക്കളയിലെ വൃത്തിയെന്ന് പറയുമ്പോള്‍ പ്രധാനമായി എടുത്തുപറയേണ്ടത് സിങ്ക് ആണ്. അതുപോലെ സിങ്കിനെ സംബന്ധിച്ച് മറ്റൊരു പ്രശ്നമാണ് സിങ്കിലൂടെ വെള്ളം പോകാതിരിക്കുന്ന അവസ്ഥ. ഭക്ഷണാവശിഷ്ടങ്ങൾ തടഞ്ഞു വെള്ളം പോകുന്ന വാൽവ് ബ്ലോക്ക് ആകുന്നതാണ് ഇതിനു കാരണം. സിങ്ക് വൃത്തിയാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അടിഞ്ഞിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനാണ്. സിങ്കിലെ ബ്ലോക്ക് നീക്കാന്‍ ഇതാ ചില വഴികള്‍.
ഏറ്റവും എളുപ്പമുള്ള വിദ്യ ചൂടുവെള്ളമാണ്. തിളച്ച വെള്ളം എടുത്തു ഘട്ടം ഘട്ടമായി ഓവിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതുകൊണ്ട് കാര്യമില്ലെങ്കിൽ അടുത്ത ആയുധം പുറത്തെടുക്കാം.
ഒരു പാത്രത്തിന്റെ മൂന്നിലൊന്നു ബേക്കിംഗ് സോഡയും അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തിൽ എടുത്ത് ഒരുമിച്ച് കലർത്തുക. അപ്പോൾത്തന്നെ അത് നുരഞ്ഞുപൊന്താൻ തുടങ്ങും, ഒട്ടും സമയംകളയാതെ അതിനെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഒഴിക്കുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും.
വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കാം . വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വർ പരമാവധി ക്രമീകരിക്കുക.
സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക്ക് സോഡയും നല്ലതാണ്. സോഡിയം ഹൈഡ്രോക്‌സൈഡ് എന്നറിയപ്പെടുന്ന കോസ്റ്റിക് സോഡ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഒരു ബക്കറ്റിൽ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക. അതിൽ 3 കപ്പ് കോസ്റ്റിക് സോഡ ചേർക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാൻ തുടങ്ങും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 20-30 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. അതിനുശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.