ADVERTISEMENT

വേനലെത്തും മുമ്പേ സ്വീകരിക്കേണ്ട ഒട്ടേറെ മുന്നൊരുക്കങ്ങൾ, കൃഷി അറിവുകൾ പഴയ തലമുറ നമുക്ക് പകർന്നുതന്നിട്ടുണ്ട്. ജലം ബാഷ്പീകരിച്ച് പോകുന്നത് തടയുന്നതിനും വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഇത്തരം അറിവുകൾ നമുക്ക് വഴികാട്ടികളാണ്. ഏതാനും പുതിയ സങ്കേതങ്ങളും പ്രസ്തുത ആവശ്യത്തിലേക്കായി ഇന്ന് പ്രചാരത്തിലുണ്ട്.

മലയാളി ജലവിനിയോഗത്തിൽ മിതത്വം പാലിക്കേണ്ട ആവശ്യകത ഓരോ വേനലും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. പണ്ട് ധാരാളം പ്രാദേശിക തടയണകൾ, ചിറകൾ നമുക്കുണ്ടായിരുന്നു. കൂടാതെ കൈത്തോടുകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞ് നെൽകൃഷി സാധ്യമാക്കിയിരുന്നു.

ഇന്ന് നെല്ലിൽ മനുരത്ന പോലുള്ള വിത്തുകൾ വളരെ കുറച്ച് വെള്ളം ആവശ്യമുള്ളവയാണ്. പത്രപോഷണം വഴി ഇലകളിൽ വളവും ആവശ്യമൂലകങ്ങളും നൽകാനും സാധിക്കും. കളനിയന്ത്രണമാർഗ്ഗമായാണ് ഇന്ന് പ്രധാനമായും വയലിൽ വെള്ളം കയറ്റിനിർത്തുന്നത്. അളവിലല്ല വെള്ളം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.

ജലസേചനത്തിലെ പുതിയ സങ്കേതങ്ങൾ സമയലാഭം, കൃത്യത, കാര്യക്ഷമമായ ജലവിനിയോഗം എന്നിവ സാധ്യമാക്കുന്നുണ്ട്.

Image credit: ShutterStock
Image credit: ShutterStock

പോർട്ടബിൾ സ്പ്രിങ്‌ഗ്ലർ

സൂര്യകാന്തി, എള്ള്,  ഉഴുന്ന്, പയർ, ചെറുപയർ, ചെറുധാന്യങ്ങൾ എന്നിവയ്ക്ക് വളരെ കുറച്ചു വെള്ളം മതി. വിളയനുസരിച്ച് ആഴ്ചയിലോ രണ്ടാഴ്ചയിലോ, ചിലപ്പോൾ ഒന്നോ രണ്ടോ നന തന്നെ ധാരാളമാകും. ഈ സാഹചര്യത്തിൽ സ്പ്രിങ്‌ഗ്ലർ ഉപയോഗിച്ചുള്ള ജലസേചനം ഉപകാരപ്പെടും. മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജലസേചനത്തിനായി സ്പ്രിങ്‌ഗ്ലർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

മുണ്ടകനുശേഷം കർഷകർ ധാരാളമായി ഹ്രസ്വകാല വിളകളിലേക്ക് ഇന്ന് ആകൃഷ്ടരാവുന്നുണ്ട്. തുടക്കം എന്ന രീതിയിൽ "റെയിൻ ഗൺ" ഉപയോഗിച്ചുള്ള ജലസേചനം നല്ലതാണ്, ഇത് ചെലവ് കുറഞ്ഞതും ആവശ്യാനുസരണം കയ്യിൽ കൊണ്ടു നടക്കാവുന്നതുമാണ്. 4000 – 7000 രൂപ മുതൽമുടക്കിയാൽ റെയിൻ ഗൺ ലഭിക്കും. ഇത് പിവിസി, എച്ച്‌ഡിപിഇ പൈപ്പുകളിൽ ഘടിപ്പിക്കാം.

രാജസ്ഥാനിൽ പതിറ്റാണ്ടുകളായി സ്പ്രിങ്‌ഗ്ലർ ജലസേചനമാണ് നടക്കുന്നത്. മറ്റു ജലസേചന സംവിധാനങ്ങൾക്ക് ആവശ്യമായ വെള്ളം അവിടെ ലഭ്യമല്ല എന്നതാണ് വസ്തുത. എല്ലാ വിളകളും ഈ രീതിയാണ് അവലംബിക്കുന്നത്. സ്പ്രിങ്‌ഗ്ലർ ഒരിടത്തുനിന്ന് അടുത്ത കൃഷിയിടത്തിലേക്കു കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവിടെ സംവിധാനം ചെയ്തിട്ടുള്ളത്. 

ചെലവും ജലസേചനത്തിന്റെ കാര്യക്ഷമതയും കണക്കിലെടുക്കുമ്പോൾ സ്പ്രിങ്‌ഗ്ലർ സംവിധാനം മികച്ചതാണെന്ന്. മരുപ്രദേശങ്ങളിലെ കൃഷിയിൽ ഗവേഷണം ചെയ്യുന്ന സെൻട്രൽ അരിട് സോൺ റിസേർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. പ്രിയബ്രത സാന്ത്ര പറയുന്നു. ഉപയോഗിക്കുന്ന പമ്പിന്റെ ശേഷിയും സ്പ്രിങ്‌ഗ്ലറുകളുടെ എണ്ണവും ശ്രദ്ധയോടെ സംവിധാനം ചെയ്യണം എന്നുമാത്രം.

കേരളത്തിൽ വേനലിൽ ഉയർന്ന ചൂടിൽ വാഴത്തൈകൾക്ക് കുലവീഴുന്നതായി ഇപ്പോൾ കണ്ടുവരുന്നുണ്ട്. സ്പ്രിങ്‌ഗ്ലർ ഉപയോഗം തോട്ടത്തിലെ താപനില (മൈക്രോ ക്ലൈമറ്റ്) ക്രമീകരിക്കും. തീറ്റപ്പുൽ കൃഷിക്ക് സ്പ്രിങ്‌ഗ്ലർ നല്ല ഒരു ജലസേചനോപാധിയാണ്. സ്പ്രിങ്‌ഗ്ലർ ഉപയോഗിച്ചുള്ള ജലസേചനം മലയാളിക്ക് പരിചിതമാണ്. 

ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറക്കുന്നതിനായി പരമ്പരാഗതമായി അനുവർത്തിക്കുന്ന ഒന്നാണ് വേനലിനു മുൻപ് വൃശ്ചികമാസത്തിൽ തെങ്ങോല വെട്ടുക എന്നത്. 

Image credit: ShutterStock
Image credit: ShutterStock

പുതയിടൽ 

തെങ്ങിൻ ചുവട്ടിൽ/തടത്തിൽ വൃത്താകൃതിയിൽ ചകിരി പാകുന്ന ഒരു രീതി കേരളത്തിൽ നിലവിലുണ്ട്. ചകിരിയുടെ പുറം തോട് മുകളിൽ വരുന്ന രീതിയിലാണിത് ചെയ്യുന്നത്. തടത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ജലം ബാഷ്പീകരിച്ച് പോകുന്നത് തടയുന്നതിനും ഇത് സഹായിക്കും.

വേനൽ കാല പച്ചക്കറിവിളകൾക്ക് കരിയിലകൾകൊണ്ട് പുതയിടാനാവും. ചൂടും ഈർപ്പവും ഉള്ളതുകൊണ്ട് രോഗകാരിയായ കുമിൾവളർച്ചാ സാധ്യത മുൻ നിർത്തി മിത്ര കുമിളുകൾ പ്രയോഗിക്കുന്നത് അഭികാമ്യമാണ്‌.

കമുകിൻ പട്ട , തെങ്ങോല, വാഴക്കച്ചി തുടങ്ങിയവ പച്ചക്കറിത്തൈകളെ ഉയർന്ന താപനിലയിൽനിന്നും രക്ഷിക്കാൻ പുതയായി ഉപയോഗിക്കാം.

മൾച്ചിങ് ഷീറ്റ് ഉപയോഗിച്ച് പുതയിടാൻ സാധിക്കും. ശ്രദ്ധിച്ചാൽ പുതയിട്ട ഷീറ്റ് പുനരുപയോഗിക്കാനുമാവും. കളനിയന്ത്രണത്തിന് മൾച്ചിങ് ഷീറ്റ് ഏറെ മികച്ചതാണ്.

തുള്ളിനന

കൃത്യതാ കൃഷിയിൽ ഇന്ന് ഡ്രിപ് ഇറിഗേഷൻ തുള്ളിനന വ്യാപകമാണ്. വെള്ളവും വളവും സൂക്ഷ്മമൂലകങ്ങളും ആവശ്യാനുസരണം വേരുകളിൽ എത്തിക്കാൻ ഇതിലൂടെ കഴിയും. പ്രാരംഭച്ചെലവ് കൂടുതലാണെങ്കിലും വരും വർഷങ്ങളിൽ ഭൂരിഭാഗം സാമഗ്രികളും പുനരുപയോഗിക്കാൻ സാധിക്കും. കളകൾ തുലോം കുറവാണെന്നതും. ജലവിനിയോഗം കാര്യക്ഷമമാണെന്നതും എടുത്തുപറയേണ്ടതാണ്. തണ്ണിമത്തൻ, മസ്ക് മെലോൺ തുടങ്ങി വേനൽ പച്ചക്കറികൾക്കും തുള്ളിനന അനുവർത്തിക്കാവുന്നതാണ്.

അടുക്കളയിലെ അടുപ്പിൽ നിന്നും ശേഖരിച്ച ചാരം (വെണ്ണീർ) കരിയില കത്തിച്ച ചാരവും പ്രത്യേക അനുപാതത്തിൽ കലർത്തി പച്ചക്കറികളുടെ ഇലകളിൽ ഊതുന്ന രീതി പണ്ട്  നിലവിലുണ്ടായിരുന്നു. വെണ്ണീർ ഊതുക എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്, ഇങ്ങനെ ചെയ്യുന്നത് ഇലയിലെ കീടങ്ങളെ ചെറുക്കും എന്നാണ് പഴമക്കാരുടെ പക്ഷം. കീടനിയന്ത്രണത്തിന് കൃഷിക്ക്  മുൻപ് തടത്തിൽ കരിയിലകൾ ഇട്ട് തീ കത്തിക്കുന്നതും കീഴ്വഴക്കമായിരുന്നു. പഴമയിലെ സത്തയും പുതുമയുടെ നന്മയും സ്വാംശീകരിച്ചുവേണം കാർഷിക കേരളത്തിന് ഇന്ന് മുന്നോട്ട് പോകാൻ.

English Summary:

Water conservation is crucial for successful summer farming in Kerala. This article explores traditional and modern techniques, such as sprinkler and drip irrigation and mulching, to optimize water usage and improve crop yields.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com