സെർച്ച് ആൻഡ് റെസ്ക്യൂ കെ9 അഥവാ മരണമുഖത്തെ മാലാഖമാർ– വിശദമായി അറിയാം
Mail This Article
ആധുനിക കാലത്ത് സെർച്ച് ആൻഡ് റെസ്ക്യൂ (SAR) നായ്ക്കൾ ഒരു അവിഭാജ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ടു പോയവരെ കണ്ടെടുക്കാനും, മരുഭൂമിയിൽ ഒറ്റപ്പെട്ടവരെ കണ്ടെടുക്കാനും, കാണാതായ അൽസ്‌ഹൈമേഴ്സ് രോഗികളെ കണ്ടെത്താനും, അങ്ങനെ സെർച്ച് ആൻഡ് റെസ്ക്യൂ എന്ന പ്രവർത്തിയിൽ നായ്ക്കൾ പ്രാഥമിക സ്ഥാനം വഹിച്ചുവരുന്നു. ഹിമപാതങ്ങളിൽ കാണാതായവരെ തിരഞ്ഞു കണ്ടുപിടിക്കുന്ന അവലാഞ്ചെ നായ്ക്കളും കുഴിച്ചിട്ടതോ ഒളിപ്പിച്ചതോ വെള്ളത്തിൽ മുങ്ങിയതോ ആയ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനുള്ള കഴിവുള്ള കഡാവർ നായ്ക്കളുമെല്ലാം SAR നായ്ക്കളുടെ ഭാഗം തന്നെയാണ്.
നായ്ക്കൾക്ക് മനുഷ്യനേക്കാൾ കൂടുതൽ ഘ്രാണ റിസപ്റ്ററുകൾ ഉണ്ടെന്ന് മാത്രമല്ല, വ്യക്തിഗത ഗന്ധങ്ങൾ തരംതിരിക്കാനും ഈ ഗന്ധങ്ങളുടെ ദിശയും മനസ്സിലാക്കാനും കഴിയുന്നു. നന്നായി പരിശീലിപ്പിച്ച സെർച്ച് നായ്ക്കൾക്കു മൈലുകളോളം ഒരു ഗന്ധം പിന്തുടരാനും പത്തു മിനിറ്റിനുള്ളിൽ ഇരയെ കണ്ടെത്താനും കഴിയുന്നു. അതേസമയം ഒരു മനുഷ്യസംഘത്തിന് ആധുനിക സംവിധാനങ്ങളുപയോഗിച്ച് കണ്ടെത്തുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാം.
SAR K9 ടീമുകൾ വൈദഗ്ധ്യമുള്ള നായ് ജനുസുകളെ പല വ്യത്യസ്ത സെർച്ച് ആൻഡ് റെസ്ക്യൂ ആവശ്യങ്ങൾക്കായി വ്യത്യസ്തമായി പരിശീലിപ്പിക്കുന്നു. സെർച്ച് ആൻഡ് റെസ്‌ക്യൂ നായ്ക്കൾക്കുള്ള ഏറ്റവും സാധാരണമായ പരിശീലന തരങ്ങളിലൊന്നാണ് ട്രാക്കിങ്. എല്ലാ വർക്കിങ് നായപരിശീലനത്തിന്റെ അടിസ്ഥാന പ്രക്രിയ ആയ ട്രാക്കിങ് ആണ് ഇവിടെയും ഉപയോഗിക്കുന്നത്. ഒരു പ്രത്യേക മനുഷ്യ ഗന്ധം പിടിച്ച് വ്യക്തിയെ തിരഞ്ഞു കണ്ടുപിടിക്കാൻ വേണ്ടി വലിയ ദൂരങ്ങൾ, വ്യത്യസ്ത ഭൂപ്രദേശങ്ങൾ എന്നിവയിലൂടെ അത് ട്രാക്ക് ചെയ്യേണ്ടതുണ്ട്.
സാധാരണയായി പ്രകൃതിദുരന്തങ്ങൾക്കോ, കെട്ടിടങ്ങൾ തകർന്നതിനോ ശേഷം ദുരന്തങ്ങളിൽ അടക്കം ചെയ്തു പോയ മനുഷ്യ ഗന്ധത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താൻ നായ്ക്കളെ പരിശീലിപ്പിക്കപ്പെടുകയും, കൂടാതെ ആരെങ്കിലും അവിടെ ഉണ്ടെന്ന് കുരച്ച് ഹാൻഡ്‌ലറെ അറിയിക്കാനും പരിശീലിപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിൽ SAR നായ്ക്കളെപ്പോലെ വേഗതമേറിയതോ വിശ്വസനീയമായതോ ആയ ഒരു മനുഷ്യനിർമിത കണ്ടുപിടുത്തങ്ങളും ഇപ്പോഴും വന്നിട്ടില്ല. കഠിനമായ ഏതു ഭൂപ്രദേശങ്ങളിൽ ഉയർന്ന വേഗത്തിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിവുള്ളതിനാൽ ഇപ്പോൾ മരുഭൂമിയിലെ വിശാലമായ പ്രദേശങ്ങളിൽ മനുഷ്യ ഗന്ധത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനും SAR നായ്ക്കളെ ഉപയോഗിക്കുന്നു.
Also read: കഡാവർ നായ്ക്കൾ, മറവ് ചെയ്യപ്പെട്ട ശരീരം ജീർണിച്ച അവസ്ഥയിലും കണ്ടെത്തുന്നവർ
SAR നായ്ക്കളിലുള്ള വകഭേദങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കഡാവർ നായ്ക്കൾ അല്ലെങ്കിൽ HRD എന്ന ചുരുക്ക പേരിലറിയപ്പെടുന്ന Humain Remains Detection നായ്ക്കൾ. മരിച്ച മനുഷ്യ ശരീരം മുതൽ മനുഷ്യ ദ്രവീകരണ തെളിവുകളുടെ ഏതു ചെറിയ ഭാഗം വരെ (ഉദാ. പല്ലുകൾ, അസ്ഥിയുടെ ശകലങ്ങൾ, ശവശരീരത്തിന്റെ അഴുക്കിയ അവശേഷിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവ) കണ്ടെത്തുന്നതിന് പരിശീലിപ്പിക്കുന്നു. HRD K9കൾ മണ്ണ്, വെള്ളം, മരത്തിന്റെ മുകളിൽ, ഭൂമിക്കടിയിൽ, കോൺക്രീറ്റിനടിയിൽ തുടങ്ങിയ എല്ലാ പ്രതലങ്ങളിലും മനുഷ്യാവശിഷ്ടം പരതി കണ്ടുപിടിക്കുന്നു. അതുപോലെ തന്നെ മഞ്ഞിനടിയിൽപ്പെട്ട് പോയവരെ കണ്ടെത്താൻ അവലാഞ്ചെ നായ്ക്കൾക്ക് കഴിയും. ചില SAR നായ്ക്കൾക്ക് മറ്റു നായ്ക്കൾ ഉൾപ്പെടെ കാണാതായ മൃഗങ്ങളെ കണ്ടെത്താൻ പോലും സഹായിക്കാനാകും.
ആധുനിക SAR നായ്ക്കളുടെ മുൻഗാമികളെ കണ്ട് പിടിക്കാൻ SAR നായകളുടെ പിതാവായി വിശേഷിപ്പിക്കുന്ന സെന്റ് ബർണാഡെന്ന നായ ജനുസിന്റെ ചരിത്രത്തിലേക്കു നമുക്കു പോകേണ്ടിവരും. സെന്റ് ബെർണാഡിന്റെ ആദ്യകാല രേഖകൾ 1707ൽ സെന്റ് ബർണാഡ് മലനിരകളിലെ സെന്റ് ബെർണാഡ് ആശ്രമത്തിലെ സന്യാസിമാരിൽ നിന്നുള്ളതാണ്. സെന്റ് ബർണാഡുകളുടെ പെയിന്റിങ്ങുകളും ഡ്രോയിങ്ങുകളും 1700കൾ തൊട്ടു തന്നെ ആശ്രമത്തിൽ ഉണ്ടായിരുന്നു. ഈ ഇനത്തെക്കുറിച്ചുള്ള ആദ്യകാല ബ്രിട്ടീഷ് വിവരണങ്ങളിൽ സെന്റ് ബർണാഡുകളെ ‘ആൽപ്പെൻ സ്പാനിയൽ’ എന്നാണ് വിശേഷിപ്പിച്ചത്. ആശ്രമത്തിൽ നായ്ക്കൾ ഉപയോഗിച്ചിരുന്നു എന്നതിന്റെ ആദ്യ തെളിവ് ലഭിക്കുന്നത് 1690ൽ ഇറ്റാലിയൻ കലാകാരനായ സാൽവേറ്റർ റോസയുടെ രണ്ടു ചിത്രങ്ങളിൽ നിന്നാണ്. ആൽപ്സ് പർവത നിരകളിൽ മഞ്ഞിലകപ്പെട്ടു പോയവരെ രക്ഷിച്ച ഏറ്റവും പ്രശസ്തനായ സെന്റ് ബെർണാഡാണ് ബാരി. ബാരിയുടെ മൃതദേഹം ബേണിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിരുന്നു.