പുസ്തകങ്ങൾക്കു നടുവിൽ ജീവിച്ചാലോ? ചുരുങ്ങിയ ചെലവിൽ കഴിയാനൊരു ഹോട്ടൽ, ചുറ്റും 4000 പുസ്തകങ്ങളും...!
Mail This Article
ഒരു വലിയ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന 4000 പുസ്തകങ്ങള്‍... അവയിൽ ഇഷ്ടമുള്ളത് വായിച്ചു കൊണ്ടു ആ മുറിയിൽ ഉറങ്ങുവാൻ അവസരം ലഭിച്ചാലോ? ജപ്പാനിലെ ടോക്കിയോയിലാണ് പുസ്തക പ്രേമികളുടെ ഈ സ്വപ്നമുറി. അതും ഒരു ഹോട്ടലിൽ...!
2014ലാണ് "നിങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഒരു പുസ്തകശാല" എന്ന ആശയത്തെ മുൻനിർത്തി 'ബുക്ക് ആൻഡ് ബെഡ്' എന്ന ഹോട്ടൽ വിഭാവനം ചെയ്യപ്പെട്ടത്. പുസ്തകപ്രേമികൾക്കും ചുരുങ്ങിയ ചെലവിൽ താമസിക്കുവാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഒരുപോലെ ഒരു അഭയകേന്ദ്രമാകുന്ന ഇവിടെ ഒരു ഹോട്ടലിലെ സുഖസൗകര്യങ്ങൾക്കൊപ്പം വായനയുടെ സന്തോഷവും ലയിപ്പിക്കുന്നു. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ പെട്ടെന്ന് പ്രശസ്തി നേടിയ 'ബുക്ക് ആൻഡ് ബെഡ്' ഷിൻജുകുവിനു പുറമേ ഷിൻസൈബാഷിവിലും ശാഖ ആരംഭിച്ചു.
വിവിധ വിഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പുസ്‌തകങ്ങൾ നിരത്തിയ അലമാരകൾ, കസേരകളും കൗച്ചുകളും തലയണകളും ബീൻ ബാഗുകളും നിറഞ്ഞ വിശാലമായ മുറി... ഇനി ഉറക്കം വരുമ്പോഴോ, അതിഥികൾക്ക് അവരുടെ ഉറക്കറകളിലേക്ക് പോകാം. രണ്ട് തരം ഉറക്കറകളാണ് അവിടെ സജ്ജീകരിച്ചിരിക്കുന്നത്. പ്രധാന മുറിയിലെ ഒതുക്കമുള്ളതും സുഖപ്രദമായതുമായ സ്ലീപ്പിംഗ് പോഡുകളാണ് ഒന്ന്. പുസ്തകങ്ങൾക്കു നടുവിലാണിവ.
മറ്റൊന്ന്, സ്വകാര്യത ആഗ്രഹിക്കുന്നവർക്കായി അവശ്യ സൗകര്യങ്ങളുള്ള സ്വകാര്യ മുറികളാണ്. താമസത്തിന് പുറമെ, രുചികരമായ ഭക്ഷണവും പാനീയങ്ങളും ലഭ്യമാണ്. എല്ലാ അതിഥികൾക്കും സുഖപ്രദമായ താമസം ഉറപ്പാക്കുന്ന 'ബുക്ക് ആൻഡ് ബെഡ്' സൗജന്യ വൈഫൈ, ഷവർ, ടോയ്‌ലറ്റുകൾ, ലോക്കറുകൾ എന്നിവയും എല്ലാവർക്കും പ്രധാനം ചെയ്യുന്നു.
വായനയും ഉറക്കവും മാത്രമല്ല, മറ്റ് പുസ്തക പ്രേമികളുമായി കണ്ടുമുട്ടാനും ഇവിടെ അവസരമുണ്ട്. പതിവായി ബുക്ക് ക്ലബ്ബുകൾ, രചയിതാക്കളുടെ വായനാ സെക്ഷനുകൾ, മറ്റ് സാഹിത്യ പരിപാടികൾ എന്നിവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്. 'ബുക്ക് ആൻഡ് ബെഡിൽ' പുസ്തകങ്ങള്‍ അലങ്കാരത്തിന്റെയും ഭാഗമാണ്. സീലിംഗിലും വിളക്കുകൾക്കു മുകളിലും ഒക്കെ പുസ്തകങ്ങള്‍ കാണാം.
'സപ്പോസ് ഡിസൈൻ' എന്ന ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കമ്പനിയുടെ ആശയമായിരുന്നു 'ബുക്ക് ആൻഡ് ബെഡ്'. സ്ഥാപകരായ ഐ യോഷിദയും തൻജിരി മക്കോട്ടോയും പറയുന്നതനുസരിച്ച്, ഉപയോഗപ്രദമായതും ആസ്വാദ്യകരവുമായ ഇടങ്ങൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ആദ്യത്ത 'ബുക്ക് ആൻഡ് ബെഡ്' ഷിൻജുകുവിലായിരുന്നു തുറന്നത്. ടോക്കിയോ കബുക്കിച്ചോ എപിഎം ബിൽഡിംഗിന്റെ എട്ടാം നിലയിലാണ് ഇത്. ബ്രൗൺ വുഡ് പാനലുകളും കുട്ടികളുടെ ലൈബ്രറികളെ അനുസ്മരിപ്പിക്കുന്ന മഞ്ഞ ലൈറ്റിംഗും ഉള്ള ഈ സ്ഥലത്തേക്ക് തിരക്കേറിയ ഷിൻജുകു സ്റ്റേഷനിൽ നിന്നും സിംബു ഷിൻജുകു സ്റ്റേഷന് അരികിൽ നിന്നും 10 മിനിറ്റിൽ എത്താം.
ഒസാക്കയുടെ ഷോപ്പിംഗ് സെന്ററിന്റെ ഹൃദയഭാഗത്താണ് രണ്ടാമത്തെ 'ബുക്ക് ആൻഡ് ബെഡ്'. 'ഷിൻസൈബാഷി ബുക്ക് ആൻഡ് ബെഡ്' എന്നറിയപ്പെടുന്ന ഈ സ്ഥലം ഒസാക്ക യുനാഗിദാനി സ്‌ക്വയറിന്റെ മൂന്നാം നിലയിലാണ്. ഷിൻജുകു ഹോട്ടലിൽ നിന്ന് വ്യത്യസ്തമായി, ഷിൻസൈബാഷി ഒരു ആധുനിക പുസ്തകശാല പോലെയാണ് ഒരുക്കിരിക്കുന്നത്. ഷിൻസൈബാഷി സ്റ്റേഷനിൽ നിന്ന് 5 മിനിറ്റ് ദൂരമേ ഇവിടേക്കുള്ളൂ.