‘ദ് സാത്താനിക് വേഴ്‌സസ്’ നിരോധനം നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി
![salman-rushdie-afp സൽമാൻ റുഷ്ദി, Image Credit: KIRILL KUDRYAVTSEV / AFP)](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2024/11/8/salman-rushdie-afp.jpg?w=1120&h=583)
Mail This Article
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിനു മേൽ ചുമത്തിയതായി പറയപ്പെടുന്ന നിരോധനം നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഈ പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് 1988 ൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പുസ്തകം ഇന്ത്യയിൽ നിരോധിച്ചതിനാൽ ഇറക്കുമതി ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് 2019ൽ സന്ദീപൻ ഖാൻ എന്നയാളാണ് ഹർജി നൽകിയത്. പുസ്തകം ഇന്ത്യയിൽ നിരോധിച്ചുവെന്നും അത് പ്രസിദ്ധീകരിക്കുവാനും വിൽക്കാനും അനുവാദമില്ലെന്നും വിവിധ പുസ്തകശാല ഉടമകൾ തന്നോട് പറഞ്ഞുവെന്നും സന്ദീപൻ ഖാൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉദ്ദ്യം മുഖർജി, ഈ നിരോധന അറിയിപ്പ് വെബ്‌സൈറ്റിൽ ലഭ്യമല്ലെന്നും പുസ്തകം ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് ആരോപിച്ച് 1988 ലാണ് ‘ദ് സാത്താനിക് വേഴ്‌സ്’ രാജീവ് ഗാന്ധി സർക്കാർ നിരോധിച്ചത്. 1988 ഒക്‌ടോബർ 5ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പുസ്തകം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞെന്ന ഹർജിയുടെ പരിഗണിക്കവേ, ആ വിജ്ഞാപനം ഹാജരാക്കുവാൻ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിരുന്നു.
![IRAN-RUSHDIE/ Author Salman Rushdie (R) poses with his 1988 book "The Satanic Verses" alongside fellow honoree Tashbih Sayyed before the American Jewish Conference's 30th Annual Dinner, "Profiles in Courage: Voices of Muslim Reformers in the Modern World," in Beverly Hills, California in this September 17, 2006 file photo. Iranian state-run media outlets in February 2016 have added $600,000 to a bounty for the killing of British author Rushdie imposed in 1989 over the publishing of his book "The Satanic Verses". REUTERS/Chris Pizzello/Files TPX IMAGES OF THE DAY](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2024/11/8/Salman-Rushdie.jpg)
വിജ്ഞാപനം ഹാജരാക്കുന്നതിൽ സിബിഐസി പരാജയപ്പെടുകയും ‘അത് കണ്ടെത്താനായില്ല’ എന്ന് കോടതിയിൽ സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന്, പുസ്തകം ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി. ‘മേൽപറഞ്ഞ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല’ എന്ന് ജസ്റ്റിസുമാരായ രേഖാ പള്ളിയും സൗരഭ് ബാനർജിയും ഉൾപ്പെട്ട ബെഞ്ച് ഉത്തരവിൽ പറയുന്നു.