ADVERTISEMENT

പച്ചപിടിച്ച നെൽപ്പാടങ്ങളും അതിന്നിടയിലൂടെ വെള്ളിയരഞ്ഞാണം പോലെ കുണുങ്ങിയൊഴുകുന്ന പുഴയും. പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന കണ്ണിനു കുളിർമ്മയേകുന്ന കേരവൃക്ഷങ്ങളും പുൽത്തകിടി പോലുള്ള താഴ്‌വരകളും ചൂളം വിളിക്കുന്ന പർവ്വതനിരകളിൽ പീലി വിടർത്തിയാടുന്ന മയിലുകളും വന്നുപോകുന്നു അവന്റെ മനസ്സിൽ കടലും തിരയും എന്നപോലെ. അമ്മയുടെ ലാളനയേറ്റ് ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ വിണ്ണിലെ ചന്ദ്രനെ പോലെ തിളങ്ങി നിന്നിരുന്ന അവന്റെ ജീവിതം മറക്കാനാകുമോ? ആ ജീവിതത്തിൽ നിന്നും ഒരിക്കലും നിനച്ചിരിക്കാതെ അമ്മയെന്ന ചില്ലുപാത്രം വീണുടഞ്ഞു.   തന്നോടൊന്ന് യാത്രപോലും ചോദിച്ചില്ല. ആ മിഴികൾ കൊച്ചരുവിപോൽ ഒഴുകി. ഒന്നുമറിയാത്ത അവൻ ആ ദേഹത്തിലേക്കു വീണു പൊട്ടിക്കരഞ്ഞു.  ആരെല്ലാമോ അവനെ പിടിച്ചു മാറ്റി. ഗതകാലസ്മരണയുടെ അനുഭൂതികളിൽ ഒഴുകി ആ രാത്രി അവൻ കഴിച്ചു. അമ്മയില്ലാത്ത വീട് അച്ഛനും താനും മാത്രമുള്ള ഒരു ലോകം. ചിറകൊടിഞ്ഞ പക്ഷിയെ പോൽ അവരിരുന്നു. മിഴിയോടു മിഴി നോക്കിയിരിക്കുമ്പോൾ ആ നാലു കണ്ണുകൾ പൊട്ടിയൊഴുകി. ഓർമ്മകൾ ഒരു വേഴാമ്പൽ പോലെ പാറി പറന്നു വന്നു. ഏതോ അദൃശ്യമായ കരങ്ങൾ അവനെ തഴുകിയതായി തോന്നി. അവൻ സ്വപ്നലോകത്തിൽ നിന്നും തിരിച്ചു വന്നു.

കാലമാകുന്ന ചക്രം കറങ്ങി കൊണ്ടേ ഇരുന്നു. ദിനങ്ങൾ മാസങ്ങൾക്ക് വഴിമാറി കൊടുത്തു. തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനാണെന്ന വ്യാജേന ആ സ്ഥാനത്തേക്ക് അച്ഛൻ വേറൊരു സ്ത്രീയെ പ്രതിഷ്ഠിച്ചു. അവന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. രണ്ടാനമ്മ വന്നതോടെ അച്ഛനിൽ മാറ്റങ്ങൾ വന്നു തുടങ്ങി. തന്നിൽ നിന്നും ഒരു അകൽച്ച. ആ ഭീകര രൂപിയാണെങ്കിൽ അവനെ ഒരു ശത്രുവിനെ കാണുന്നപോലാണ് നോക്കിയിരുന്നതും, പെരുമാറ്റവും.  ദിവസം കഴിയുന്തോറും ആ സ്ത്രീയുടെ യഥാർഥ സ്വഭാവം പുറത്തു വരാൻ തുടങ്ങി. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. അവൻ പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു. ക്ഷീണവും, തളർച്ചയും അവന്റെ കണ്ണുകളെ നിദ്രയിലേക്ക് മാടിവിളിച്ചു. നേരം പുലർന്നെങ്കിലും കിളികളുടെ കളകളാരവം അവൻ കേട്ടില്ല. അമ്പലത്തിൽ നിന്നൊഴുകുന്ന ഭജനയുടെ ധ്വനി പോലും അവൻ ശ്രവിച്ചില്ല. കാരണം അത്രമാത്രം അവൻ തളർന്നിരുന്നു. സ്വബോധം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെപോലെ അവൻ അതിവേഗം നടന്നു. എങ്ങോട്ടെന്നില്ലാത്ത അലക്ഷ്യമായ യാത്ര. തീവ്രമായ ദുഃഖത്തിന്റെ ചുഴിയിൽപ്പെട്ടു അവൻ ഉരുകിയൊലിച്ചു. കണ്ണിൽ നിന്നും മിഴിനീർ ഒരു പുഴപോൽ ഒഴുകി. നഷ്ടദു:ഖത്തിൻ തീവ്രത പേറി ആ കാലുകൾ എങ്ങോട്ടെന്നില്ലാതെ ചലിച്ചു. ഊണില്ല, ഉറക്കമില്ല, സാന്ത്വനിപ്പിക്കാൻ ആളില്ല. അവൻ അലക്ഷ്യമായി നടന്നു. 

വിശപ്പിന്റെ വിളി അവനെ കാർന്നു കൊണ്ടിരുന്നു. ചുറ്റും കണ്ണോടിച്ചു. കുറച്ചകലെ ഒരു പൈപ്പ് കണ്ടു. അവൻ അത് ലക്ഷ്യമാക്കി നടന്നു. അതിൽ നിന്നും വെള്ളം എടുത്തു ആർത്തിയോടെ കുടിച്ചു ക്ഷീണം തീർത്തു. പിന്നെയും നടന്നു. ഒരു അന്തവുമില്ലാത്ത യാത്ര. കൈയ്യിലാണെങ്കിൽ ഒരു ചില്ലി കാശുപോലും ഇല്ല. എരിയുന്ന വയറും, തളർന്ന മനസ്സുമായി തന്റെ വിധിയെ പഴിച്ചു പൊട്ടുന്ന ഹൃദയവുമായി വഴിവക്കിലിരുന്നു പൊട്ടിക്കരഞ്ഞു. ആ ദുഃഖങ്ങൾക്ക് ഇടയിൽ രാവിലത്തെ രംഗങ്ങൾ ആ മനസ്സിലേക്ക് ഓടിയെത്തി. ക്രൂരയായ രണ്ടാനമ്മയുടെ ഭർത്സനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നിഷ്കളങ്ക ബാലൻ. വിധിയുടെ കരാള ഹസ്തങ്ങളിൽ ജീവിതം ഹോമിക്കേണ്ടിവന്ന ഒരു ഭാഗ്യഹീനൻ. പകലന്തിയോളം വിശ്രമമില്ലാതെ പണിയെടുത്തു വേണം സ്കൂളിൽ എത്താൻ. അവിടെയെത്തുമ്പോഴേക്കും പകുതി പീരിയഡ് കഴിഞ്ഞിരിക്കും. അവന്റെ അയൽവാസിയായ ടീച്ചർക്ക്‌ അവന്റെ കഥ മുഴുവൻ അറിയും. ടീച്ചർ വളരെ സ്നേഹത്തോടെയേ അവനോടു പെരുമാറാറുള്ളൂ. അവർ കൊണ്ടുവരുന്ന ഭക്ഷണത്തിൽ നിന്നും ഒരു പങ്കു അവനും കരുതിയിട്ടുണ്ടാകും. ക്ലാസ്സിൽ ഏറ്റവും പഠിക്കുന്നവനും, എല്ലാവരുടെയും ആരാധനാപാത്രവുമായിരുന്നു അവൻ. സ്കൂൾ വിട്ടു വന്നാൽ പിന്നേയും പണി. എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ലൈറ്റ് കെടുത്തണം. പഠിക്കാൻ സമ്മതിക്കില്ല. എല്ലാവരും കിടന്നു കഴിഞ്ഞാൽ അവൻ പുസ്തകവും എടുത്തു വഴിവിളക്കിന്റെ ചുവട്ടിൽ പോയി ഇരുന്നു പഠിക്കും. വന്നു കിടക്കുമ്പോഴേക്കും നേരം പുലരാറായിട്ടുണ്ടാകും. 

അന്നും അവൻ പതിവുപോലെ വന്ന് ഉറങ്ങാൻ കിടന്നു. കിടന്ന ഉടൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് അവൻ ആഴ്ന്നിറങ്ങി. നേരം പുലർകാല വേളയിലേക്കു കാലെടുത്തുവച്ചത് അവൻ അറിഞ്ഞില്ല. കൈയ്യിൽ വലിയൊരു വടിയുമായി നിന്ന് അട്ടഹസിക്കുന്ന ചിറ്റമ്മയെ കണ്ട് അവൻ പിടഞ്ഞെണീറ്റു. ഭീതിയോടെ  കണ്ണുതിരുമ്മി നിൽക്കുന്ന അവനു മുമ്പിൽ പ്രതികാര ദാഹിയായി നിൽക്കുന്ന ചിറ്റമ്മ. ആ കണ്ണുകളിൽ അവനോടുള്ള ദേഷ്യത്തിന്റെ അഗ്നി ആളിക്കത്തുന്നതു കാണാമായിരുന്നു. എന്തെന്നില്ലാത്ത ഒരു ധൈര്യം അവന്റെ മനസ്സിലും വന്നു. അവന്റെ കണ്ണുകളിലും ആ സ്ത്രീയോടുള്ള പക എരിഞ്ഞു കൊണ്ടിരുന്നു. അവർ അവനെ പലതും പറഞ്ഞുകൊണ്ടിരുന്നു. എല്ലാം നിശബ്ദം കേട്ടു നിന്ന അവന്റെ കണ്ണുകളിൽ അശ്രുകണങ്ങൾ ഇപ്പോൾ നിലം പതിക്കുമെന്ന അവസ്ഥയിൽ നിറഞ്ഞു നിന്നു. ആ അശ്രുക്കൾ വജ്രം പോലെ തിളങ്ങിയിരുന്നു. അവന്റെ മനസ്സിൽ സങ്കടം തികട്ടിവന്നു. ഒരു കാലത്ത് തന്നെ ജീവന് തുല്യം സ്നേഹിച്ച അച്ഛനിൽ നിന്നും ഒരു പ്രതികരണം പോലുമില്ല. തന്റെ നേരെ ആ കണ്ണുകൾ ഒന്നു ഉയരുന്നുപോലും ഇല്ല. എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരക്ഷരം പോലും ചിറ്റമ്മക്കെതിരെ ഉരിയാടുന്നില്ല. ചിലപ്പോൾ അവരെ പേടിച്ചുള്ളതാകാം. 

ഒരു നിമിഷം അവൻ തന്റെ സ്നേഹനിധി ആയ അമ്മയെ കുറിച്ച് ഓർത്തു. സന്തോഷത്തിന്റെയും, ആത്മനിർവൃതിയുടെയും സൗരഭ്യം നിറഞ്ഞ ആ നല്ല നാളുകൾ. കൊയ്ത്തു പാട്ടിന്റെയും, ഞാറ്റുപ്പാട്ടിന്റെയും ഈരടികൾ കേട്ടു വളർന്ന ആ ബാല്യകാലം. സ്നേഹപ്പൂവാടിയാകുന്ന നാലുകെട്ടിനുള്ളിൽ സ്നേഹ പ്രഭയൊഴുക്കി അച്ഛന്റെയും, അമ്മയുടെയും, പട്ടുപോലുള്ള സ്നേഹം നുകർന്നു കിളികൊഞ്ചലോടെ ആനന്ദസാഗരത്തിൽ ആറാടി നടന്നിരുന്ന ആ ധന്യനിമിഷങ്ങൾ. ആ സ്വർഗ്ഗീയനിമിഷത്തിനിടയിൽ വിധിയുടെ ക്രൂര ഹസ്തങ്ങൾ അമ്മയെ തട്ടിയെടുത്ത ആ കരിദിനം മനസ്സിൽ നീറ്റലായി നിലകൊള്ളുന്നു. എല്ലാം ഒരു മിന്നൽ പിണർ പോലെ ആ മനസ്സിൽ മിന്നി മറഞ്ഞു. ചിന്താലോകത്തേക്കു ആണ്ടു പോയ ആ പയ്യൻ കഠിനമായ വിശപ്പിന്റെ വിളിയാൽ ആകെ തളർന്നു പോയി. ഒരടി പോലും മുന്നോട്ടു വെക്കാൻ കഴിയുന്നില്ല. അവൻ അവിടെ തളർന്നിരുന്നു. തൊട്ടു മുന്നിൽ ഹോട്ടലിലെ എച്ചിൽ കൂനയാണ്. അവന്റെ കണ്ണുകൾ അങ്ങോട്ടു പാഞ്ഞു. യാതൊരു ഗത്യന്തരവുമില്ലാത്ത അവൻ അതിൽ ഇറങ്ങി ഇലകളിൽ അവശേഷിച്ചിരുന്ന ഭക്ഷണം ആർത്തിയോടെ കഴിച്ചു വിശപ്പടക്കി. ഇനി എന്ത്? ഈ ചിന്ത ആ മനസ്സിനെ അലട്ടി കൊണ്ടിരുന്നു. കാലുകൾ നീട്ടി വലിച്ചവൻ മുന്നോട്ട് നടന്നു. നടന്നു നടന്ന് അവൻ ഒരു കടൽ തീരത്തെത്തി. ആർത്തലച്ചു വരുന്ന തിരമാലകൾ നോക്കി കുറച്ചുനേരം അവിടെ ഇരുന്ന് മുന്നോട്ടു നീങ്ങി. ഇനി തനിക്കുള്ള വഴി ഇതാണെന്ന ചിന്തയിൽ കാലുകൾ ആഞ്ഞു വലിച്ചു അവൻ കടലിന്റെ വക്കത്തെത്തി. ഒരു നിമിഷം കണ്ണടച്ചു അമ്മയെ ധ്യാനിച്ച് ആർത്തലച്ചു പായുന്ന വെള്ളത്തിലേക്ക് ചാടാനായി ആഞ്ഞു. ആ നിമിഷം രണ്ടു ബലിഷ്ഠമായ കരങ്ങൾ അവനെ വരിഞ്ഞു. 

ഞെട്ടിത്തരിച്ച അവൻ പുറകോട്ടു നോക്കി. നിറമിഴികളോടെ സ്നേഹമൂറുന്ന രണ്ടു കണ്ണുകൾ തന്റെ ചലനങ്ങൾ ശ്രദ്ധിച്ചു തന്നെ പിന്തുടർന്ന് കൊണ്ടിരുന്ന വിവരം അവൻ അറിഞ്ഞില്ല. ആ നല്ലമനുഷ്യൻ അവനെ തന്റെ നെഞ്ചോട് ചേർത്തു നെറുകയിൽ ചുംബിച്ചു. ഒന്നും മിണ്ടാതെ കൈപിടിച്ചു തന്റെ കാറിന്നരികിലേക്ക് നടന്നു. കാർ വീട്ടിലേക്കു കുതിച്ചുപാഞ്ഞു. അവർ കാറിൽ നിന്നും ഇറങ്ങി. വീട്ടിലെത്തിയ അവനെ അവർ ഊഷ്മളമായി സ്വീകരിച്ചു. അവർ അവനോട് വിവരങ്ങൾ ചോദിച്ചു. ഒന്നും മറച്ചുവെക്കാതെ അവരോടു എല്ലാം തുറന്നു പറഞ്ഞു. തുടിക്കുന്ന ഹൃദയത്തോടും, സ്നേഹമൂറുന്ന വാക്കുകളോടും അവർ പറഞ്ഞു. ഇനി മുതൽ നിന്റെ വീട് ഇതാണ്. നിന്റെ അച്ഛനും, അമ്മയും ഞങ്ങളാണ്. നിനക്കു എല്ലാ സൗകര്യവും ഇവിടുണ്ട്. ഒന്നുകൊണ്ടും വിഷമിക്കേണ്ടിവരില്ല. അവൻ ആ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു. അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു അവനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഏറ്റവും നല്ല സ്കൂളിൽ അവനെ ചേർത്തു പഠിപ്പിച്ചു. സ്കൂളിലും, കോളജിലും, അവന്റെ മിഴിവ് പ്രകടിപ്പിച്ചു. എല്ലാവരുടെയും ആരാധനാപാത്രമായ അവൻ ഉന്നതവിജയം നേടി അത്യുന്നത തലത്തിൽ ജോലിയും നേടി എല്ലാവരുടെയും സ്നേഹപാത്രമായ സൽസ്വഭാവി. അവനു നഷ്ടപ്പെട്ട അമ്മയുടെയും, അച്ഛന്റെയും, സ്നേഹം ഇവരിലൂടെ അവന് തിരിച്ചു കിട്ടി. ഇന്നവൻ വളരെ ആഹ്ലാദവാനാണ്. 

ഒരു ദിനം അവന്റെ മനസ്സിലൊരു മോഹമുണർന്നു. തന്റെ ജനിച്ച നാട്ടിലൊന്നു പോകാനും അവരെയെല്ലാം ഒന്നു കാണാനും. തന്റെ ആഗ്രഹം അവൻ അവരെ അറിയിച്ചു അവരുടെ അനുമതിയും വാങ്ങി അവൻ നാട്ടിലേക്ക് പുറപ്പെട്ടു. വഴിയോരങ്ങളിൽ അവന്റെ കണ്ണുകൾ പരിചയമുഖങ്ങളെ തേടിയലഞ്ഞു. കുറച്ചു ദൂരം ചെന്നപ്പോൾ മുഴിഞ്ഞവേഷവും, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒട്ടി ഉണങ്ങിയ ശരീരവുമായി ഒരു സ്ത്രീ ഭിക്ഷ യാചിച്ചിരിക്കുന്നു. അവൻ ആ സ്ത്രീയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട് മറന്ന മുഖം. അവൻ ഓർമ്മയിൽ ചികഞ്ഞെടുത്തു. ചിറ്റമ്മ. അവൻ ഓടിച്ചെന്ന് അവരുടെ കൈ പിടിച്ചെഴുന്നേല്പിച്ചു. വിവരങ്ങളെല്ലാം ചോദിച്ച് അറിഞ്ഞു. അച്ഛൻ മരിച്ച വിവരവുമുള്ള സ്വത്തുക്കൾ തട്ടിയെടുത്തു മകൻ ആട്ടിപ്പുറത്താക്കിയതുമായ തന്റെ കദനകഥ കണ്ണീരോടെ അവനു മുമ്പിൽ ഇറക്കിവച്ചു. മനസ്സലിഞ്ഞ അവൻ അവരെ തന്റെ കൂടെ കൂട്ടികൊണ്ടുപോയി. അവിടെയെത്തിയ അവൻ തന്റെ എല്ലാമെല്ലാമായ അച്ഛനമ്മമാർക്ക് അവരെ പരിചയപ്പെടുത്തി. ഒരു പിച്ചക്കാരിയായ തനിക്കു ലഭിച്ച സ്നേഹാദരങ്ങൾ കണ്ട് അവർ പകച്ചു നിന്നു. തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിക്കയും അവരോടൊപ്പം ജീവിതകാലം  കഴിക്കയും ചെയ്തു. വിവാഹപ്രായമായ മകന് ഉചിതമായ പെൺകുട്ടിയെ കണ്ടുപിടിച്ചു ആ ഉദാരമനസ്കർ അവന്റെ വിവാഹം നടത്തി കൊടുത്തു. നിഷ്കളങ്കനായ അവനു തനിക്കു നാശമായതിനേക്കാൾ മുകളിലുള്ള ജീവിതം തിരിച്ചുകിട്ടി.

English Summary:

Malayalam Short Story ' Dukha Sagaram ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com