കറുത്ത പട്ടിയെന്നു വിളിച്ച് പുറകിൽ നിർത്തുമായിരുന്നു: വെളിപ്പെടുത്തി ലോറൻസ്
Mail This Article
സിനിമയുടെ തുടക്കകാലത്ത് നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ രാഘവ ലോറൻസ്. ഗ്രൂപ്പ് ഡാൻസറായി ജോലി ചെയ്യുന്ന സമയത്ത് മുൻ നിരയിൽ നിൽക്കുമ്പോൾ ഡാൻസ് മാസ്റ്റേഴ്സ് തന്നെ പിന്നിലേക്കു മാറ്റി നിർത്തിയിട്ടുണ്ടെന്ന് ലോറൻസ് പറയുന്നു. ജിഗര്‍താണ്ട 2 സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ലോറൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജിഗർതാണ്ട 2 ട്രെയിലറില്‍ പറയുന്ന നിറത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍. ഇതിനു പിന്നാലയാണ് ലോറന്‍സിന്റെ വെളിപ്പെടുത്തല്‍. ‘‘നിറത്തിന്റെ വേര്‍ തിരിവ് തമിഴ് സിനിമയില്‍ ഇപ്പോഴില്ല. എന്നാല്‍ ഉണ്ടായിരുന്നു. ഞാന്‍ ഗ്രൂപ്പ് ഡാന്‍സര്‍ ആയിരുന്ന കാലത്ത്. പ്രഭുദേവ മാസ്റ്റര്‍ വന്നതോടെയാണ് അതൊക്കെ മാറുന്നത്. അതിന് മുമ്പ് എന്നെ കറുത്ത പട്ടി എന്നെല്ലാം വിളിച്ചിട്ടുണ്ട്. പിന്നിലേക്ക് പോയി നില്‍ക്കൂവെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വരിയില്‍ നിന്നാല്‍ പോലും പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറയുമായിരുന്നു.’’–ലോറൻസ് പറഞ്ഞു.
വേദിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുമുണ്ടായിരുന്നു. സിനിമയിലെ ഒരു പ്രധാന വേഷത്തില്‍ ഷൈനുമെത്തുന്നുണ്ട്. രജനികാന്തിന് ശേഷവും ഇങ്ങനെയുണ്ടോ എന്ന് ഷൈന്‍ ചോദിക്കുന്നുണ്ട്. അതിന് മറുപടി നല്‍കിയത് എസ്.ജെയ സൂര്യയായിരുന്നു. അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത് ഗ്രൂപ്പ് ഡാന്‍സര്‍ ആയിട്ടാണ്. അന്ന് ആദ്യത്തെ നിരയില്‍ നില്‍ക്കുകയാണെങ്കില്‍ മാസ്റ്റര്‍ അദ്ദേഹത്തോട് നീ കറുത്തിട്ടാണ് പുറകിലേക്ക് മാറി നില്‍ക്കൂവെന്ന് പറയുമായിരുന്നുവെന്നാണ് എസ്.ജെ. സൂര്യ പറയുന്നത്.
‘‘പക്ഷേ പ്രഭുദേവ സര്‍ വന്നതോടെ മാറി. കഴിവിന് മാത്രമാണ് വില എന്നായി. ചിത്രത്തിലെ ഈ ഡയലോഗ് എനിക്ക് ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എത്രതവണ ഞാനിത് കേട്ടിട്ടുണ്ട്. പക്ഷേ അന്ന് കറുപ്പാണെന്ന് പറഞ്ഞവരില്ലേ, അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാൻ ഇന്ന് ഇവിടെ എത്തില്ലായിരുന്നു. അതിനാല്‍ അവര്‍ക്കും നന്ദി പറയുന്നു.’’–ലോറൻസ് വ്യക്തമാക്കി.
കാഞ്ചന പോലെ വലിയ വിജയം നേടിയ ഹൊറർ ചിത്രം ചെയ്ത ഒരാൾ എന്തുകൊണ്ട് ചന്ദ്രമുഖി 2 ചെയ്തു എന്ന ചോദ്യത്തിന് ലോറൻസിന്റെ മറുപടി ഇങ്ങനെ:
‘‘തെലുങ്കില്‍ മാസ് പടങ്ങള്‍ തുടരെ ചെയ്യുന്ന സമയത്ത്, ഒരു പ്രേതപ്പടം ചെയ്യാമെന്ന് കരുതിയാണ് കാഞ്ചന ചെയ്യുന്നത്. എന്നാല്‍ എന്നെ അതില്‍ നിന്നും ഇപ്പോഴും നിങ്ങള്‍ പുറത്ത് കടക്കാന്‍ അനുവദിക്കുന്നില്ല. എവിടെ പോയാലും, കുട്ടികളെ കണ്ടാലും ചോദിക്കുക അടുത്ത കാഞ്ചന എപ്പോള്‍ തുടങ്ങും എന്നാണ്. അതില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സാര്‍ പുറത്ത് കൊണ്ടു വരുമെന്ന് കരുതുന്നു. കാഞ്ചന ഞാൻ തന്നെ സംവിധാനം ചെയ്ത ചിത്രമാണ്. ചന്ദ്രമുഖി 2 മറ്റൊരാൾ സംവിധാനം ചെയ്ത സിനിമയും. ഞാൻ അച്ഛനെപ്പോലെ ബഹുമാനിക്കുന്ന വലിയ സംവിധായകനാണ് അദ്ദേഹം. അതുകൊണ്ട് ആ സിനിമയെക്കുറിച്ച് സംസാരിക്കാനില്ല.’’