ഒരു ടിക്കറ്റും വിറ്റുപോയില്ല; ‘മുത്തു’വിന്റെ റി റിലീസ് മുടങ്ങി
Mail This Article
ഏറെ കൊട്ടിയാഘോഷിച്ചെത്തിയ രജനികാന്ത് ചിത്രം ‘മുത്തു’വിന്റെ റി റിലീസിങ് മുടങ്ങി. സിനിമ കാണാന്‍ ആരും വരാതിരുന്ന സാഹചര്യത്തിലാണ് റി റിലീസ് നിർത്തിവച്ചത്. ആന്ധ്ര പ്രദേശിലും തെലങ്കാനയിലുമായിരുന്നു റിലീസിങ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഓൺലൈനിൽ ഒറ്റ ടിക്കറ്റുപോലും വിറ്റുപോകാത്ത സാഹചര്യത്തിലാണ് റി റിലീസ് തന്നെ നിർത്തിവയ്ക്കേണ്ടി വന്നത്.
രജനികാന്തിന്റെ മറ്റൊരു ചിത്രമായ ശിവാജി ഈ മാസം അദ്ദേഹത്തിന്റെ ജന്മദിനത്തിന് വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ആ സിനിമയുടെ അവസ്ഥ എന്തെന്ന് കാത്തിരുന്ന് കാണണം. ഇതോടെ റീ-റിലീസ് ചിത്രങ്ങൾ കൊണ്ട് വിതരണക്കാർക്ക് നഷ്ടം വരുന്ന പ്രവണത മുത്തുവിലും തുടരുകയാണ്.
അതേസമയം, രജനികാന്തിന്റെ മുത്തുവും കമല്‍ഹാസന്‍ ചിത്രം ‘ആളവന്താനും’ തമിഴിലും റി റിലീസിനെത്തുന്നുണ്ട്. ഡിസംബര്‍ 8ന് ആണ് ചിത്രങ്ങളുടെ റീ റിലീസ്. ചിത്രം കാണാന്‍ ആളെത്തുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കളും തിയറ്ററുടമകളും ഇപ്പോള്‍. തമിഴ്നാട് റിലീസില്‍ ചിത്രം കാണാന്‍ ആളെത്തുമെന്ന് തന്നെയാണ് നിർമാതാക്കളുടെ പ്രതീക്ഷ.
മലയാളത്തില്‍ ‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’ എന്നീ സിനിമകളുടെ റീ റിലീസിങ് പുതിയൊരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റി റിലീസ് ചെയ്ത ‘സ്ഫടികം’ മൂന്ന് കോടിയോളം തിയറ്ററില്‍ നിന്നും നേടിയിരുന്നു. കേരളീയം പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴ് കാണാനായി നിരവധി പ്രേക്ഷകര്‍ എത്തുകയുണ്ടായി. കേരളീയത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച ‘ഗോഡ്ഫാദർ’ ഉൾപ്പടെയുള്ള മലയാള സിനിമകൾക്കും വലിയ പ്രേക്ഷക പങ്കാളിത്തം ഉണ്ടായിരുന്നു.
എന്നാല്‍ ഈ ട്രെന്‍ഡ് തമിഴിലും തെലുങ്കിലും വര്‍ക്ക് ആകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 2ന് ശനിയാഴ്ച ആയിരുന്നു മുത്തുവിന്റെ തെലുങ്ക് പതിപ്പ് റി റിലീസ് തീരുമാനിച്ചിരുന്നത്. നേരത്തെ രജനികാന്തിന്റെ ‘ബാഷ’, ‘ബാബ’ എന്ന ചിത്രങ്ങള്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ കുറവായിരുന്നു.