അമല പോളിന്റെ ഹർജി: മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി
Mail This Article
അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളി ഭവ്നിന്ദർ സിങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭവ്നിന്ദറും കുടുംബവും തന്റെ സ്വത്ത് തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അമല പോൾ കഴിഞ്ഞവർഷം പരാതി നൽകിയിരുന്നു. തങ്ങൾ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് അറസ്റ്റിലായ ഭവ്നിന്ദറിന് വില്ലുപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും, ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ആദ്യഭർത്താവ് എ.എൽ. വിജയ‌്‌യുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവ്‌നിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്‌നിന്ദര്‍ ശ്രമം നടത്തി എന്നാണ് അമല പോളിന്റെ ആരോപണം. ഫോട്ടോഷൂട്ടിനു വേണ്ടി എടുത്തതാണ് ആ ചിത്രങ്ങളെന്നും നടി പറയുന്നു. ചിത്രങ്ങള്‍ ഭവ്‌നിന്ദര്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്.
ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങൾ വ്യാപകമായതോടെ ഭവ്നിന്ദര്‍ സിങ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി.