ADVERTISEMENT

ഏതു ഭാഷയിലും സിനിമ നേരിടുന്ന പരമ്പരാഗതമായ ഒരു പ്രശ്‌നമുണ്ട്. എത്ര അഭിനയശേഷിയുളള നായകനടനെങ്കിലും അയാളുടെ ആദ്യ സിനിമ എത്ര വലിയ ഹിറ്റാണെങ്കിലും അയാള്‍ ഒരു താരമായി നിലനില്‍ക്കാന്‍ നിഷ്‌കര്‍ഷിക്കപ്പെടുന്ന ചില പ്രായപരിധികളുണ്ട്. കൗമാരക്കാരുടെ കഥ പറയുന്ന സിനിമകളിലുടെ വന്ന പല നായകന്‍മാര്‍ക്കും തുടക്കത്തിലുളള ഹാലോ തുടര്‍ന്നും കൊണ്ടു പോകാന്‍ ഇന്‍ഡസ്ട്രി അനുവദിക്കാറില്ല.

‘നമ്മള്‍’ എന്ന കമല്‍ ചിത്രത്തിലുടെ വന്ന ജിഷ്ണുവും സിദ്ധാർഥ് ഭരതനും നല്ല നടന്‍മാരായിട്ടും സിനിമ വിജയിച്ചിട്ടും നായക നിരയില്‍ ശോഭിച്ചില്ല. വളരെ ചെറുപ്രായത്തില്‍ വന്ന കുഞ്ചാക്കോ ബോബന്റെ അനിയത്തിപ്രാവ് സര്‍വകാല ഹിറ്റായിട്ടും തുടര്‍ന്നു വന്ന നിറം അടക്കമുളള സിനിമകളും വിജയസോപാനത്തിലേറിയിട്ടും നീണ്ടകാലം ‘വനവാസത്തിന്’ പോകേണ്ടി വന്നു ചാക്കോച്ചന്. പക്വതയെത്താത്ത നായകന്‍, ചോക്ലേറ്റ് ഹീറോ വേഷം മാത്രം പാകമാകുന്നയാള്‍ എന്നൊക്കെ ചലച്ചിത്രവ്യവസായം അദ്ദേഹത്തെ എഴുതിത്തളളി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പക്വതയാര്‍ന്ന മറ്റൊരു മുഖവുമായി തിരിച്ചെത്തിയ ചാക്കോച്ചന്‍ ഇന്ന് മലയാളത്തിലെ മിന്നും താരമാണ്. സിദ്ധാർഥ് ഭരതനാവട്ടെ ഭ്രമയുഗത്തിലെ ഗംഭീര പ്രകടനത്തിലുടെ നമ്മെ നടുക്കിക്കളഞ്ഞു.
 

Read more at: ‘പ്രേമലു’ നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ: ദിലീഷ് പോത്തൻ പറയുന്നു


ഇപ്പോള്‍, എത്ര പ്രതിഭയുണ്ടെങ്കിലൂം ഹിറ്റുകളുടെ പിന്‍ബലമുണ്ടെങ്കിലും നടന്റെ നിലനില്‍പ് പ്രായവുമായി ചേര്‍ത്തു വച്ചു നിര്‍ണയിക്കപ്പെടുന്ന കാലം കടന്നു പോയി എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് നസ്‌ലിനും മാത്യുവും അനശ്വര രാജനും മമിതാ ബൈജുവും അടക്കമുളള പുതു തലമുറ. ‘നഖക്ഷതങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലുടെ വന്ന മോനിഷ എന്ന നടി മികച്ച അഭിനേത്രിക്കുളള ദേശീയ പുരസ്‌കാരം വരെ പ്രഥമ ചിത്രത്തിലുടെ നേടിയെങ്കിലും തിരക്കുളള നായികയായില്ല. അതേ സമയം ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, നേര്, സൂപ്പര്‍ ശരണ്യ, ഓസ്‌ലര്‍... തൊട്ടതെല്ലാം പൊന്നാക്കിയ അനശ്വര രാജന്‍ താരമൂല്യമുളള നായികാ പദവിയിലേക്ക് ഉയരുകയാണ്.

mamitha-anaswara
പ്രണയവിലാസം എന്ന സിനിമയിൽ നിന്നും

അനശ്വരയുണ്ടെങ്കില്‍ വിജയം ഉറപ്പ് എന്ന തലത്തിലേക്ക് സിനിമാപ്രവര്‍ത്തകര്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. സമാനമായ, ഒരുപക്ഷേ അതിനേക്കാള്‍ ജ്വലിക്കുന്ന വിജയകഥയാണ് നസ്‌ലിന്‍ എന്ന നടനു പറയാനുളളത്. അതിനു കാരണങ്ങള്‍ പലതാണ്. നായിക എത്ര കഴിവുളള ആളെങ്കിലും അവരുടെ എത്ര സിനിമകള്‍ തുടര്‍ച്ചയായി വിജയിച്ചാലും കഥ മുന്നോട്ട് കൊണ്ടുപോകുന്നത് പലപ്പോഴും നായകന്‍മാരായിരിക്കും. ഏതൊരു സിനിമയുടെയും ബിസിനസ് നിര്‍ണയിക്കുന്നതും ഹീറോയുടെ താരമൂല്യം അനുസരിച്ച് തന്നെയാണ്.

Read more at: ‘ഊതിപ്പെരുപ്പിക്കുന്ന ഹിറ്റുകൾ’; മലയാളം ഇൻഡസ്ട്രിയെ വിമർശിച്ച് തമിഴ് പിആർഓ

 ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇതുതന്നെയാണ് സ്ഥിതി. ആകെയുളള അപവാദം നയന്‍താരയാണ്. നയന്‍സിന്റെ സിനിമകള്‍ നായികാ കേന്ദ്രീകൃതമെങ്കിലും അതിന് കൃത്യമായ ബിസിനസ് സാധ്യതകളുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന അവരുടെ താരമൂല്യം കൊണ്ട് വിപണനം അനായാസമാണ്. മഞ്ജു വാരിയരും തുടക്കത്തിൽ ഒറ്റയ്ക്കു വിജയം നേടിയിട്ടുണ്ടെങ്കിലും പിന്നീടതിനു സാധിക്കാതെ വന്നു. നായികമാരെ സംബന്ധിക്കുന്ന ദയനീയ ചരിത്രം തിരുത്തിയെഴുതി മലയാളത്തിന്റെ നയന്‍സ്. ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രം നാൽപതു ക്ലബ്ബില്‍ കയറിയതിന് പിന്നില്‍ ഭക്തി എന്ന എലമെന്റുണ്ടെന്ന് പറഞ്ഞാലും നയന്‍താര അഭിനയിച്ചു എന്നത് തന്നെയാണ് സിനിമയെ ജനപ്രിയമാക്കിയത്.

premalu-45
പ്രേമലുവിൽ നിന്നും

സ്വകാര്യനിമിഷങ്ങള്‍ പോലും കോടാനുകോടികള്‍ നല്‍കി വിലയ്‌ക്കെടുക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ക്യൂ നില്‍ക്കുന്ന നയന്‍താരയ്ക്കും മലയാളത്തില്‍ നായകന്റെ പിന്‍ബലമില്ലാതെ ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ നയന്‍താര ഹിറ്റുകളായ ബോഡിഗാര്‍ഡില്‍ ദിലീപും ഭാസ്‌കര്‍ ദ് റാസ്‌കലില്‍ മമ്മൂട്ടിയുമായിരുന്നു നായകന്‍മാര്‍.

പ്രേമലു സിനിമയിൽ നിന്നും
പ്രേമലു സിനിമയിൽ നിന്നും

സൂപ്പര്‍താരങ്ങള്‍ കഴിഞ്ഞാല്‍ രണ്ടാം നിരയിലുളള പല സീനിയര്‍ നടന്‍മാരും ഒരു കാലത്ത് സിനിമ വിജയിപ്പിച്ചിരുന്നത് സംഘശക്തിയിലുടെയായിരുന്നു. മുകേഷ്, സിദ്ദീഖ്, ജഗദീഷ് ത്രയങ്ങളുടെ പല സിനിമകളും ഒരു കാലത്ത് ഹിറ്റായെങ്കിലും അതിന്റെ ക്രെഡിറ്റ് ഒരു വ്യക്തിക്ക് മാത്രമായി ലഭിച്ചില്ല. എന്നാല്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ തനിച്ചു നിന്ന് വിജയം ഉറപ്പാക്കാന്‍ കെല്‍പ്പുളള നായകനായി വളര്‍ന്നിരിക്കുകയാണ് പ്രേമലു എന്ന സമകാലിക സൂപ്പര്‍ഹിറ്റിലൂടെ നസ്‌ലിൻ.

home-naslen

നസ്‌ലിന്‍ മാജിക്ക്

ഇത്രയധികം സങ്കീര്‍ണമായ വ്യാവസായിക കാലാവസ്ഥയിലേക്കാണ് മീശ മുളയ്ക്കാത്ത പ്രായത്തില്‍ നസ്‌ലിന്‍ എന്ന കുട്ടിത്താരത്തിന്റെ കടന്നു വരവ്. പ്രായം അന്വർഥമാക്കും വിധം പൊടിമീശക്കാരനായ ഈ പയ്യന്‍ ഇതെന്ത് കാണിക്കാന്‍ എന്ന ഭാവമായിരുന്നു ആദ്യകാലങ്ങളില്‍ പല ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും. എന്നാല്‍ ദീര്‍ഘവീക്ഷണമുളള സിനിമാ പ്രവര്‍ത്തകര്‍ നസ്‌ലിനില്‍ ഒരു വലിയ താരോദയം തന്നെ കണ്ടെത്തി. മുളയിലേ അറിയാം മുളക്കരുത്ത് എന്ന പോലെ നസ്‌ലിന്‍ ആദ്യസിനിമയില്‍ത്തന്നെ തന്റെ റേഞ്ച് പ്രകടിപ്പിച്ചു.

mathew-naslen-3
നെയ്മർ സിനിമയുടെ സെറ്റിൽ നസ്‌ലിനും മാത്യുവും

‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രത്യക്ഷപ്പെട്ട നസ്‌ലിന്‍ കൗമാരപ്രണയകഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ മാത്യൂസിനൊപ്പം സഹകഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. 

തണ്ണീര്‍മത്തന്‍ വന്‍വിജയം നേടിയെങ്കിലും നസ്‌ലിന്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമെന്നോ താരമൂല്യമുളള നടനായി വളരുമെന്നോ ആരും കരുതിയില്ല. എന്നാല്‍ അഭിനയശേഷിയില്‍ അദ്ദേഹം ഒരു കുട്ടി മോഹന്‍ലാലാണെന്ന് സിനിമ അറിയുന്ന പലരും വിധിയെഴുതി. നൈസര്‍ഗികവും സ്വാഭാവികവും രസാവഹവുമായിരുന്നു നസ്‌ലിന്റെ അഭിനയം. അകൃത്രിമമായ അഭിനയശൈലി കൊണ്ട് അദ്ദേഹം കൗമാരക്കാരുടെയും യുവാക്കളുടെയും മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സ് കീഴടക്കി.

mathew-naslen
തണ്ണീർമത്തൻ ദിനങ്ങളുടെ സെറ്റിൽ

വരനെ ആവശ്യമുണ്ട് എന്ന സുരേഷ്‌ഗോപി-ദുൽഖര്‍ ചിത്രത്തില്‍ ശോഭന അടക്കമുളള ഇതിഹാസ താരങ്ങൾ തകര്‍ത്താടിയിട്ടും അതിനിടയിലൂടെ നസ്‌ലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഹോം എന്ന സിനിമയില്‍ ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും നസ്‌ലിന്റെ അഭിനയം തനത് വ്യക്തിത്വവും ശൈലിയും കൊണ്ട് വേറിട്ട് നിന്നു. നസ്‌ലിനെ മുഖ്യധാരയില്‍ എത്തിച്ച ‘തണ്ണീര്‍മത്തന്റെ’ സംവിധായകന്‍ ഗിരീഷ് എ.ഡി.യുടെ സൂപ്പര്‍ ശരണ്യയില്‍ എത്തിയപ്പോഴേക്കും നസ്‌ലിന്‍ ശരിക്കും ആറാടിത്തുടങ്ങി. നായികയ്ക്കു മുന്‍തൂക്കമുളള സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ ചെയ്ത അനശ്വര രാജന്‍ നിറഞ്ഞു നിന്നെങ്കിലും നസ്‌ലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് വേറിട്ടതായി.

ഹിറ്റുകളില്‍നിന്നു ഹിറ്റുകളിലേക്ക്...

പിന്നീട് നാം നസ്‌ലിനെ കാണുന്നത് ‘ജോ ആന്‍ഡ് ജോ’ എന്ന സിനിമയിലാണ്. സ്ഥിരം സ്‌ക്രീന്‍മേറ്റായ മാത്യുവിനൊപ്പം അഭിനയിച്ച ചിത്രം വന്‍ഹിറ്റായി. പ്രത്യക്ഷത്തില്‍ പൊടിക്കുഞ്ഞുങ്ങളായി തോന്നാവുന്ന രണ്ട് നായകന്‍മാര്‍ വിചാരിച്ചാലും ബമ്പര്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഈ കൂട്ടുകെട്ട് തെളിയിച്ചു. എന്നാല്‍ ഒരു ഘട്ടത്തിലും നായകനായേ അഭിനയിക്കൂ എന്ന് വാശിപിടിച്ച് നിന്നിട്ടില്ല നസ്‌ലിന്‍. തനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കഥാപാത്രം എത്ര ചെറുതായാലും അദ്ദേഹം സസന്തോഷം സ്വീകരിച്ചു. അഭിനയിച്ചു. പലപ്പോഴും സീനിയര്‍ താരങ്ങളെ മറികടക്കുന്ന പ്രകടനം കൊണ്ട് കയ്യടി നേടുകയും ചെയ്തു.

mathew-naslen34
നെയ്മർ സിനിമയിൽ നിന്നും

ബോണ്‍ ആക്ടറാണ് നസ്‌ലിന്‍ എന്ന് അദ്ദേഹത്തിന്റെ ഭാവചലനങ്ങള്‍ കൊണ്ട് ഒറ്റനോട്ടത്തില്‍ നമുക്ക് മനസ്സിലാക്കാം. അനന്യമായ ഒരു തരം സൗന്ദര്യമുണ്ട് അദ്ദേഹത്തിന്റെ അഭിനയ ശൈലിക്ക്. കുട്ടിത്തവും ഓമനത്തവും നിഷ്‌കളങ്കതയും തുളുമ്പുന്ന മുഖം സപ്പോര്‍ട്ടിവ് ഫാക്ടറായി നിലകൊളളുന്നു. സ്വന്തം വീട്ടിലെ കുട്ടിയെ എന്ന പോലെ കാണികള്‍ നസ്ലിനെ പരിഗണിക്കാന്‍ തുടങ്ങി. ഈ മമതാബന്ധമാണ് അദ്ദേഹത്തിന്റെ ജനപ്രിയതയുടെ ആണിക്കല്ല്. ഇതിനിടയില്‍ പൂവന്‍, കുരുതി, അയല്‍വാശി എന്നിങ്ങനെ പല സിനിമകളിലും അപ്രധാനമല്ലാത്ത വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി. നെയ്മര്‍ എന്ന സിനിമയിലുടെ വീണ്ടും മെഗാഹിറ്റ് സൃഷ്ടിച്ചു നസ്‌ലിൻ-മാത്യു കൂട്ടുകെട്ട്. നായകന്‍ എന്ന നിലയില്‍ കരിയറിലെ മൂന്നാമത്തെ ഹിറ്റ്. ഒരു താരോദയം സംഭവിക്കാന്‍ ഇതൊക്കെ തന്നെ ധാരാളം. 

mathew-naslen36

ജേർണി ഓഫ് ലവ് 18 പ്ലസും മൃഗങ്ങള്‍ കഥാപാത്രങ്ങളാകുന്ന ‘വാലാട്ടി’യിലെ തെവുരുനായക്ക് ശബ്ദവും നല്‍കി നസ്‌ലിന്‍ രൂപം വിട്ട് ശബ്ദം മാത്രമായപ്പോഴും ഹിറ്റ് മാജിക്ക് ആവര്‍ത്തിച്ചു. എന്നാല്‍ തുടര്‍ന്ന് വന്ന ‘പ്രേമലു’ എന്ന പ്രണയചിത്രം സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. നസ്‌ലിന്‍ എന്ന താരത്തിന്റെ ആദ്യത്തെ സോളോ ഹിറ്റ് എന്ന് പ്രേമലുവിനെ വിശേഷിപ്പിക്കാം. തണ്ണീര്‍മത്തനില്‍ സ്‌കൂള്‍ കുട്ടികളുടെ പ്രണയകഥയില്‍ നിന്ന് സൂപ്പര്‍ ശരണ്യയില്‍ കോളജ് വിദ്യാർഥികളുടെ പ്രണയകഥയിലേക്കും അവിടെ നിന്ന് പ്രേമലുവില്‍ വര്‍ക്കിങ് ക്ലാസിന്റെ പ്രണയകഥയിലേക്കും എത്തിയപ്പോള്‍ മാത്യുവില്ലാതെ തന്നെ നസ്‌ലിന്‍ ഗോളടിച്ചു. സിനിമയില്‍ അതിഥിതാരമായി പേരിന് മാത്യു പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഫലത്തില്‍ ഈ വിജയം നസ്‌ലിനു മാത്രം അവകാശപ്പെട്ടതാണ്; നായികയായി വന്ന മമിതാ ബൈജുവിനും.

നൂറുകോടി ക്ലബ്ബിലേക്ക്...

50 കോടിയില്‍ നിന്ന് നൂറുകോടി ക്ലബ്ബിലേക്ക് മൂന്നേറുന്ന പ്രേമലു തെലുങ്കാനയിലും ബോളിവുഡിലും എന്തിന് വിദേശരാജ്യങ്ങളില്‍ പോലും തരംഗമാവുകയാണ്.

അസാധാരണമായ കഥാകഥനം നിര്‍വഹിക്കുന്ന സിനിമയല്ലിത്. എന്നാല്‍ ആദ്യന്തം രസകരമായി കഥ പറഞ്ഞു പോകുന്ന പ്രേമലുവില്‍ നസ്‌ലിന്‍ എന്ന താരത്തിന്റെ വോയ്‌സ് മോഡുലേഷനും മാനറിസങ്ങളും ബോഡി ലാംഗ്വേജും മറ്റും ആരെയും ആകര്‍ഷിക്കും. സ്വാഭാവിക നര്‍മം മനോഹരമായി കൈകാര്യം ചെയ്യാന്‍ ഈ നടന് കഴിയുന്നു. പ്രണയത്തിന്റെ ഹൃദയസ്പൃക്കായ ഭാവങ്ങള്‍ ആസ്വാദകരിലേക്ക് കൃത്യമായി വിനിമയം ചെയ്യപ്പെടുന്നു. ഒരേ സമയം നടനും താരവുമായി വളരുകയാണ് നസ്‌ലിന്‍. വിപണനമൂല്യമുളള ഒരു താരമായിരിക്കുമ്പോള്‍ത്തന്നെ അസാധ്യറേഞ്ചുളള നടനായി മാറുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. മലയാളത്തില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയം കഴിഞ്ഞാല്‍ ഈ തരത്തില്‍ ഇരട്ടവിജയം കൊയ്ത താരങ്ങള്‍ വിരളം.

നസ്‌ലിനും മമിത ബൈജുവും
നസ്‌ലിനും മമിത ബൈജുവും

സമാനമായ വഴിയിലുടെയാണ് നസ്‌ലിന്റെയും സഞ്ചാരം. ഓരോ സിനിമയിലും അദ്ദേഹം തന്നെത്തന്നെ നവീകരിക്കുന്നു. മുന്‍ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാത്ത വിധം കഥാപാത്രമായി ബിഹേവ് ചെയ്യാനാണ് നസ്‌ലിന്റെ ശ്രമം. അതേസമയം തനതായ ആക്ടിങ് സ്‌റ്റൈല്‍ നിലനിര്‍ത്താനും ശ്രമിക്കുന്നു.

തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ സമ്മാനിച്ച ഗിരീഷ് എ.ഡി. എന്ന സംവിധായകന്റെ ‘ഐ ആം കാതലന്‍’ എന്ന പ്രണയചിത്രമാണ് ഇനി റിലീസ് ചെയ്യാനുളള നസ്‌ലിന്‍ സിനിമ. ഇതിലും സോളോ ഹീറോയായി അദ്ദേഹം നിറഞ്ഞാടുന്നു. ഐ ആം കാതലനിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ നസ്‌ലിന്റെ താരമൂല്യം ചിന്തിക്കാന്‍ കഴിയാത്ത തലത്തിലേക്ക് ഉയരും. 

മീശ കനക്കാത്ത ഒരു നായകന്റെ സിനിമ കോടി ക്ലബ്ബിലേക്ക് എത്തിപ്പെടുക എന്ന അപൂര്‍വതയ്ക്കാണ് നസ്‌ലിൻ സാക്ഷ്യം വഹിക്കുന്നത്. യുവതാരങ്ങൾക്കുപോലും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം നസ്‌ലിന്‍ എന്ന 23 കാരനായ യുവാവ് എത്തിപ്പിടിക്കുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാ വ്യവസായം ഒന്നടങ്കം അമ്പരന്ന് നില്‍ക്കുകയാണ്. വൈവിധ്യമാണ് ഒരു നടന്റെ അഭിനയത്തിന്റെ കാതല്‍. സോഫ്റ്റ് കഥാപാത്രങ്ങളെ മാത്രം പിന്‍തുടരാതെ 'കുരുതി' എന്ന സിനിമയില്‍ പരുക്കന്‍ സ്വഭാവമുളള വേഷവും ഹോമില്‍ കുരുത്തക്കേടുകള്‍ നിറഞ്ഞ വേഷവും പിന്നെ പ്രണയസ്‌പെഷല്‍ സിനിമകളിലെ കാമുകഭാവവും എല്ലാം കൂടി ആളുകള്‍ക്ക് മടുപ്പുണ്ടാകാത്ത തലത്തില്‍ വേറിട്ട ക്യാരക്ടര്‍ സിലക്‌ഷനും ക്യാരക്ടര്‍ ഡിസൈനും തയാറാക്കി തന്നെയാണ് നസ്‌ലിൻ മുന്നോട്ട് നീങ്ങുന്നത്. 

പ്രേക്ഷകരുടെ കണ്ണിലെ നസ്‌ലിന്‍

പ്രാഭഭേദമില്ലാതെയുളള സ്വീകാര്യതയാണ് ഈ നടന് ഗുണം ചെയ്യുന്നത്. യുവാക്കള്‍ക്കും കൗമാരപ്രായക്കാര്‍ക്കും അവരിലൊരാള്‍ എന്ന ഫീല്‍ ഉണ്ടാക്കുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ച് അവരുടെ കാമുകസങ്കല്‍പ്പങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സമപ്രായക്കാരനായ ഒരു നായകന്‍. അമ്മമാര്‍ക്കും മറ്റു മുതിര്‍ന്നവര്‍ക്കും ഓമനത്തം തോന്നുന്ന വാത്സല്യഭാജനമായ വീട്ടിലെ കുട്ടി.

അങ്ങനെ നെഗറ്റീവ് കമന്റുകള്‍ തീര്‍ത്തും ഇല്ലാത്ത നായകനടനായി നസ്‌ലിന് വിരാജിക്കാന്‍ കഴിയുന്നു. പല മികച്ച നടന്‍മാരും സൈബര്‍ ഇടങ്ങളില്‍ കനത്ത ആക്രമണം നേരിടുമ്പോള്‍ എല്ലാവര്‍ക്കും പ്രിയങ്കരനാവുക എന്നത് ചില്ലറക്കാര്യമല്ല. അഭിമുഖങ്ങളിലും മറ്റും വാക്കുകളിലും അഭിപ്രായപ്രകടനങ്ങളിലും പുലര്‍ത്തുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രായത്തിനപ്പുറത്തുളള പക്വതയും നസ്‌ലിന്റെ പ്രത്യേകതകളാണ്. അതിലെല്ലാമുപരി താന്‍ ഭാഗഭാക്കാകുന്ന സിനിമ എങ്ങനെയായിരിക്കണം എന്ന കൃത്യമായ ധാരണയും അദ്ദേഹത്തിനുണ്ട്.

i-am-kathalana

പ്രേക്ഷകരെ രസച്ചരട് മുറിയാതെ പിടിച്ചിരുത്താന്‍ കഴിയുക എന്നത് തിരക്കഥാകൃത്തും സംവിധായകനും ഷോള്‍ഡര്‍ ചെയ്യേണ്ട ദൗത്യമാണ്. എന്നാല്‍ നസ്‌ലിന്റെ രസാവഹമായ അഭിനയരീതി അവര്‍ക്ക് വലിയ പിന്‍ബലമേകുന്നു. അതുകൊണ്ട് തന്നെ നസ്‌ലിനെ തേടി സിനിമകളുടെ കുത്തൊഴുക്കാണ്. വളരെ സൂക്ഷ്മതയോടെ നീങ്ങുക എന്നതാണ് ഈ ഘട്ടത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന നയം. നെല്ലും പതിരും വേര്‍തിരിച്ചെടുത്ത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാനിടയുളള സിനിമകളുടെ മാത്രം ഭാഗമാകുക. ഇന്നിന്റെ എന്നതിനപ്പുറം വരും കാലത്തിന്റെ കൂടി നായകനാണ് നസ്ലീന്‍ എന്ന ബോധ്യം സിനിമാസ്വാദകര്‍ക്കൊപ്പം അദ്ദേഹത്തിനുമുണ്ട്. മുന്നോട്ടുളള ചുവട് വയ്പുകളിലെ ജാഗ്രത അതുകൊണ്ട് തന്നെ അനിവാര്യമാണെന്നും ഈ നടന്‍ തിരിച്ചറിയുന്നു. എല്ലാ മാസവും സിനിമകളുമായി തിയറ്ററിലെത്തുന്ന നായകനല്ല നസ്‌ലിന്‍. കൃത്യമായ ഇടവേളകള്‍ക്കിടയില്‍ കാതലുളള സിനിമകളുമായി നസ്‌ലിന്‍ വരും. നമ്മുടെ കണ്ണും മനസും നിറയ്ക്കാന്‍...! ഇനി കാത്തിരിക്കാം. നമ്മുടെ ഫേവറിറ്റ് ബോയ്‌യുടെ അടുത്ത ഹിറ്റിനായി. പേര് മറക്കണ്ട... ഞാന്‍ കാതലന്‍...!

English Summary:

Naslen K Gafoor trending in malayalam cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com