ADVERTISEMENT

കഥാപാത്രത്തിന്റെ നാമധേയം നടന്റെ മറുപേരായി തീരുന്ന അപൂര്‍വതയ്ക്ക് മലയാളത്തില്‍ സമാനതകളില്ല. മണിയന്‍പിളള രാജുവിനൊപ്പം പോലും സ്വന്തം പേരായ രാജുവുണ്ട്. എന്നാല്‍ കിരീടത്തില്‍ കീരിക്കാടന്‍ ജോസ് എന്ന അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍രാജ് ഇന്നും അറിയപ്പെടുന്നത് കീരിക്കാടന്‍ ജോസ് എന്ന് തന്നെയാണ്. വലിയ ഒരു വിഭാഗം ആളുകള്‍ അതാണ് അദ്ദേഹത്തിന്റെ പേര് എന്ന് ധരിച്ചു വച്ചിരിക്കുന്നു. അത്രമേല്‍ ശക്തമായ സ്വാധീനമുണ്ട് മലയാളി മനസുകളില്‍ കീരിക്കാടന്. തിയറ്ററിലും പിന്നീട് ടെലിവിഷനിലും ഇന്റര്‍നെറ്റിലും ആ സിനിമ നിരവധി തവണ കണ്ട ലക്ഷകണക്കിനാളുകളുണ്ട്. എന്നാല്‍ ആദ്യസിനിമയിലുടെ തന്നെ അനശ്വരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കിയ മോഹന്‍രാജിന് പിന്നീടൊരിക്കലും അതിന് അടുത്തെത്തുന്ന വിധം കരുത്തുറ്റ ഒരു വേഷം ലഭിച്ചില്ല. കീരിക്കാടന്‍ ജോസ് അദ്ദേഹത്തെ സംബന്ധിച്ച് ഒരു നിയോഗമായിരുന്നു. മറ്റ് പലരെയും പരിഗണിച്ച് ഒടുവില്‍ അദ്ദേഹത്തിലേക്ക് എത്തിച്ചേര്‍ന്ന കഥാപാത്രം.മധുരയില്‍ അസിസ്റ്റന്റ ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറായിരുന്നു മോഹന്‍രാജ്.

സത്യരാജിന് പകരം വന്ന മോഹന്‍രാജ്

ശ്രദ്ധിക്കപ്പെട്ടതും നടനായി അറിയപ്പെട്ടതും കീരിക്കാടനിലുടെ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യപടം കിരീടമായിരുന്നില്ല. അതിന് മുന്‍പ് ഒരു തമിഴ് സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. കോഴിക്കോടു നിന്നും മധുരയിലേക്ക് സ്ഥം മാറ്റം കിട്ടിയ പോയ മോഹന്‍രാജിന്റെ ഓഫിസിന് എതിര്‍വശത്തായി സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഒരു വില്ലന്‍ താരത്തിന്റെ രൂപഭാവങ്ങളുളള മോഹന്‍രാജിനെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഓഫിസറുടെ ബന്ധു ആണ്‍പാവം എന്നൊരു സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം മോഹന്റെ പേര് നിര്‍ദ്ദേശിച്ചു. ഒരു സ്ഥലത്ത് യാത്ര പോകാമെന്ന് പറഞ്ഞ് അദ്ദേഹം മോഹനെ വിളിച്ചു കൊണ്ടുപോയത് ഷൂട്ടിങ് ലൊക്കേഷനിലേക്കാണ്. സര്‍പ്രൈസായി കിട്ടിയ അവസരത്തിന് മുന്നില്‍ മോഹന്‍ പകച്ചു നിന്നില്ല. രണ്ടും കല്‍പ്പിച്ച് അഭിനയിച്ചു. സത്യരാജിന് വേണ്ടി തീരുമാനിക്കപ്പെട്ട വേഷമായിരുന്നു അത്. റോള്‍ ചെറുതാണെന്ന് പറഞ്ഞ് അദ്ദേഹം ഉപേക്ഷിച്ച് പോയപ്പോള്‍ അത് മോഹന്‍രാജിലേക്ക് എത്തിച്ചേര്‍ന്നു. 

തിരുവനന്തപുരം സ്വദേശിയായ സംവിധായകന്‍ കലാധരന്‍ അന്ന് സംവിധാന സഹായിയാണ്. അദ്ദേഹം മൂന്നാംമുറ എന്ന പടത്തിലേക്ക് മോഹനെ ക്ഷണിച്ചു. ഫുട്‌ബോള്‍ കളിക്കാരുടെ കൂട്ടത്തില്‍ ഒരാളുടെ വേഷമാണ്. ജോലിയില്‍ നിന്നും ലീവെടുത്തു വന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് മോഹന്‍ അത് ഉപേക്ഷിച്ചു പോയി. താന്‍ മൂലം അദ്ദേഹത്തിന് ഒരു വിഷമം ഉണ്ടായതില്‍ കലാധരനും പ്രയാസം തോന്നി. കിരീടത്തിന്റെ കാസ്റ്റിങ് നടക്കുമ്പോള്‍ അദ്ദേഹം പെട്ടെന്ന് മോഹനെ ഓര്‍ത്ത് വിളിച്ചു. കാര്യം പറയാതെയാണ് ക്ഷണിക്കുന്നത്. ആദ്യം നിര്‍മാതാവിനെയും സംവിധായകനെയും കൊണ്ടുപോയി കാണിച്ചു. പിന്നെ ഗീത് ഹോട്ടലില്‍ ലോഹിതദാസിനെ കാണാന്‍ പോയി. ലിഫ്റ്റില്‍ വന്നിറങ്ങിയ ലോഹി തൊട്ടുമുന്നില്‍ വന്നു നിന്ന മോഹന്‍രാജിനെ ആപാദചൂഢം ഒന്ന് അളന്ന് നോക്കി. 

തിരിച്ചു റൂമില്‍ വന്നപ്പോള്‍ കലാധരന്‍ പറഞ്ഞു. ‘‘ഈ സിനിമയില്‍ നിങ്ങള്‍ അഭിനയിക്കണം. പടത്തിലെ നമ്പര്‍ വണ്‍ ക്യാരക്ടറാണ് കീരിക്കാടന്‍ ജോസ്’’. മോഹന്‍ കഥയും കഥാപാത്രവും കേട്ട് ഷോക്കേറ്റതു പോലെ നിന്നു. നസറുദ്ദീന്‍ ഷായെയും അമരീഷ്പുരിയെയും നാനാപടേക്കറെയും പോലുളളവര്‍ ചെയ്യേണ്ട ഒരു റോളിലേക്കാണ് തന്നെ പരിഗണിക്കുന്നത്. ആന്ധ്രസ്വദേശിയായ പ്രദീപ് ശക്തി എന്ന നടനെയായിരുന്നു തുടക്കത്തില്‍ ആ റോളിലേക്ക് നിശ്ചയിച്ചിരുന്നത്. അയാള്‍ക്ക് തലസ്ഥാനത്തേക്ക് വരാനുളള ഫ്‌ളൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഫ്‌ളൈറ്റില്‍ കയറിയില്ല. അതിന്റെ കാരണവും പറഞ്ഞില്ല. എന്തുകൊണ്ട് അദ്ദേഹം പിന്‍മാറിയെന്നത് ഇന്നും വ്യക്തമല്ല. ഒരുപക്ഷേ കിരീക്കാടന്‍ ജോസ് ആകാനുളള നിയോഗം ഈശ്വരന്‍ മോഹന്‍രാജിനായി കരുതിവച്ചിരുന്നതാവാം.

യഥാർഥത്തില്‍ കിരീടത്തിലെ ജോണിയുടെ വേഷത്തിലേക്കാണ് കലാധരന്‍ മോഹനെ ക്ഷണിച്ചു വരുത്തിയത്. പക്ഷേ ആളെ നേരില്‍ കണ്ടതോടെ അണിയറ പ്രവര്‍ത്തകരുടെ കിളി പോയി. ഭാഗ്യത്തിന് തക്കസമയത്തുളള പ്രദീപിന്റെ പിന്‍മാറ്റവും. എല്ലാം കൂടി അവസാനം ഒത്തുവന്നു. അതുവരെ അഭിനയത്തിന്റെ ഹരിശ്രീ അറിയാതിരുന്ന മോഹന്‍രാജ്  കീരിക്കാടന്‍ ജോസ് എന്ന അതിശക്തമായ കഥാപാത്രമായി. അന്ന് പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ കെ.ആര്‍.ഷണ്‍മുഖം സീരിയസായി പറഞ്ഞ ഒരു വാചകം മരിക്കും വരെ മോഹന്‍രാജ് തമാശയായി പറയുമായിരുന്നു. പ്രദീപ് പ്രതീക്ഷിക്കാതെ മുങ്ങിക്കളഞ്ഞതോടെ സെറ്റില്‍ എല്ലാവര്‍ക്കും വലിയ ടെന്‍ഷനായി. അഭിനയ പരിചയമില്ലാത്ത മോഹന്‍രാജ് ആ സമയത്ത് ആരുടെയും മനസില്‍ പോലുമില്ല. പെട്ടെന്ന് ഷണ്‍മുഖം പറഞ്ഞു.

‘‘എന്തിനാ അവന്‍...അവനേക്കാള്‍ രണ്ടിരട്ടിയുളള ഒരു സാധനത്തിനെ കിട്ടിയില്ലേ?’’

അങ്ങനെ മോഹന്‍രാജിന് നറുക്കു വീണു. മര്യാദയ്ക്ക് വേഗം പോലീ ലീവ് എടുത്തോ..നിങ്ങള്‍ക്ക് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ റോളാണ് തന്നിരിക്കുന്നതെന്ന് കലാധരന്റെ ഭീഷണി. അങ്ങനെ അവധിയെടുത്തു വന്ന് ഷൂട്ടിങില്‍ പങ്കെടുത്തു. സിനിമയുടെ ഇന്റര്‍വെല്‍ ഫൈറ്റാണ് ആദ്യം ചിത്രീകരിച്ചത്. ചെയ്തത് ശരിയായോ എന്ന അര്‍ത്ഥത്തില്‍ ആകുലതയോടെ മോഹന്‍രാജ് ചുറ്റും നോക്കി. അതുകണ്ടിട്ട് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ‘പാസ് മാര്‍ക്ക് തന്നിരിക്കുന്നു.’

പടം റിലീസ് ചെയ്ത് ആദ്യഷോ കണ്ട് പുറത്തിറങ്ങിയ മോഹന്‍രാജിനോട് കൂട്ടുകാര്‍ ചോദിച്ചു. ‘എന്ത് തോന്നുന്നു?’, ‘എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. ഇത് ഞാന്‍ തന്നെയാണോ അതോ വേറെ ആളാണോ?’ ആ തോന്നലായിരുന്നു കീരിക്കാടന്റെ വിജയ രഹസ്യം.

സിനിമയില്‍ ക്രൂരന്‍, ജീവിതത്തില്‍ നിഷ്‌കളങ്കന്‍

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലും മോഹന്‍രാജിന്റെ സാന്നിധ്യമുണ്ടായിരുന്നു. കൂടിക്കാഴ്ച, ആനവാല്‍ മോഹതിരം, കാസര്‍കോട് കാദര്‍ബായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, പത്രം, വാഴുന്നോര്‍, ട്വന്റി ട്വന്റി...അങ്ങനെ പ്രധാനപ്പെട്ട നിരവധി സിനിമകളുടെ ഭാഗമായി. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ എന്നീ സിരിയലുകളിലും അഭിനയിച്ചു. മലയാളത്തില്‍ കീരിക്കാടനായ അദ്ദേഹം തമിഴില്‍ മസ്താനയും തെലുങ്കില്‍ ഗുഡീവാഡ റായിഡുവുമായാണ് അറിയപ്പെടുന്നത്. അങ്ങനെ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ സാധിച്ചെങ്കിലും നടന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുകയോ സിനിമയില്‍ നിന്നും സമകാലികരെ പോലെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. 

കീരിക്കാടൻ ജോസ്.
കീരിക്കാടൻ ജോസ്.

സിനിമയില്‍ അതിക്രൂരനായിരുന്ന മോഹന്‍രാജ് ജീവിതത്തില്‍ തീര്‍ത്തും സാധു മനുഷ്യനായിരുന്നു. സിനിമ പോലെ വലിയ പൊളിറ്റിക്‌സുളള ഒരു മേഖലയില്‍ പിടിച്ചു നില്‍ക്കാനുളള തന്ത്രങ്ങള്‍ അദ്ദേഹത്തിന് തീര്‍ത്തും അജ്ഞാതമായിരുന്നു. വെട്ടൊന്ന് മുറി രണ്ട് എന്ന പോലെ മനസില്‍ തോന്നുന്നത് ആരോടും വെട്ടിത്തുറന്ന് പറയുന്നതായിരുന്നു ശീലം. ആരെയും പ്രീണിപ്പിക്കാനോ കുതന്ത്രങ്ങള്‍ മെനയാനോ കഴിയാത്ത ഒരാള്‍ക്ക് സിനിമ അത്ര വേഗം പിടിതരില്ലെന്ന് തിരിച്ചറിഞ്ഞിട്ടും മോഹന്‍രാജിന് മറ്റൊരാളാകാന്‍ കഴിഞ്ഞില്ല. തനത് പ്രകൃതത്തിന്റെ ഭാഗമായ സ്‌ട്രെയിറ്റ് ഫോര്‍വേഡ്നസുമായി അദ്ദേഹം തന്റെ വഴിക്ക് നീങ്ങി. മമ്മൂട്ടി നായകനായ റോഷാക്ക് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

കൂനിന്‍മേല്‍ കുരു എന്ന പോലെ രോഗം അദ്ദേഹത്തെ കീഴ്‌പെടുത്തി.പാര്‍ക്കിന്‍സന്‍സ് രോഗത്തിന്റെ രൂക്ഷമായ ആക്രമണത്തില്‍ നിലതെറ്റിയ നിലയിയാണ് പിന്നീട് അദ്ദേഹം കാണപ്പെട്ടത്. സംസാരിക്കുമ്പോള്‍ കുഴഞ്ഞു പോകുന്നതായും കണ്ടു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്ന മധുരയില്‍ നിന്നും ജന്മനാടായ തിരുവനന്തപുരത്തേക്ക് മടങ്ങി പോരുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയുമായി കഴിയുന്ന അദ്ദേഹത്തിന്റെ ദയനീയമായ ചിത്രം കുറെക്കാലം മൂന്‍പ് സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു. വില കുറഞ്ഞ ഒരു ടീ ഷര്‍ട്ടിട്ട് ക്ഷീണിച്ച് അവശനായി ഓജസും തേജസും മങ്ങിയ നിസഹായമായ ഒരു രൂപം. അപ്പോഴും മായാത്ത ആ ചിരി മുഖത്തുണ്ടായിരുന്നു.

keerikkadan-jose-movie

ഒരു കാലത്ത് മലയാളികളെ ഒന്നടങ്കം വിറപ്പിച്ച ഭീതിയുണര്‍ത്തുന്ന മുഖവും രൂപഭാവങ്ങളുമായി തല ഉയര്‍ത്തി നിന്ന ആ ഏഴ് അടിക്കാരന്‍ വില്ലന്‍ ഒന്ന് എണീറ്റ് നടക്കാന്‍ പോലുമാകാതെ തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഉഷയാണ് അദ്ദേഹത്തിന്റെ ഭാര്യ. ജെയ്ഷ്മ, കാവ്യ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അദ്ദേഹത്തെ സാമ്പത്തിക  പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും പറയപ്പെടുന്നു. 

ആദ്യം ശബ്ദം പിന്നാലെ രൂപവും പോയി

തലസ്ഥാന നഗരിയില്‍ പൂര്‍ണമായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു കിരീടം. വെളളായണിയായിരുന്നു പ്രധാന ലൊക്കേഷന്‍. രൂപഭാവങ്ങള്‍ കൊണ്ട് ഒറ്റനോട്ടത്തില്‍ തന്നെ കീരിക്കാടനായി തോന്നിക്കുന്ന മോഹന്‍രാജിന് മൂഖത്ത് വെട്ടുകൊണ്ട ഒരു പാട് കൂടി കൊടുത്തപ്പോള്‍ ആ ഭീകരത പൂര്‍ണമായി. എന്നാല്‍ കഥാപാത്രത്തിന്റെ ശബ്ദത്തിലും സംഭാഷണ രീതിയില്‍ കൂടി ഭീകരത കൊണ്ടുവരാന്‍ മോഹന്‍രാജ് ശ്രമിച്ചു. തനിക്ക് നന്നായി വഴങ്ങുന്ന പാറശ്ശാല സ്ലാങ്ങിലാണ് അദ്ദേഹം ആ സിനിമയില്‍ സംസാരിച്ചത്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം കഥാപാത്രമായി മാറി. മോഹന്‍രാജിന്റെ യഥാര്‍ഥശബ്ദം എന്ന് തോന്നിക്കുംവിധം ആ സിനിമയില്‍ അദ്ദേഹത്തിന് വേണ്ടി ശബ്ദം നല്‍കിയത് അന്തരിച്ച നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ നിര്‍മ്മല്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു. നിര്‍മ്മല്‍ പിന്നീ്ട യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തില്‍ പൊലീസ് കമ്മിഷണറായി അഭിനയിച്ചിരുന്നു. എന്തായാലും കീരിക്കാടന്റെ ശബ്ദം ആദ്യം ഈ ലോകം വിട്ടുപോയി. പിന്നാലെ ജീവന്‍ നല്‍കിയ നടനും...

English Summary:

Mohanraj: The Actor Forever Bound to His Debut Role, Keerikkadan Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com