എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിന്നത് ജനങ്ങൾ: നിവിൻ പോളി പറയുന്നു
![nivin-pauly നിവിൻ പോളി](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2025/1/20/nivin-pauly.jpg?w=1120&h=583)
Mail This Article
വിഷമഘട്ടത്തിൽ കൂടെ നിന്നത് ജനങ്ങളാണെന്ന് നടൻ നിവിൻ പോളി. ഒരു പ്രശ്നം വന്നപ്പോൾ ചേർത്തുപിടിച്ചത് ജനങ്ങളും പ്രേക്ഷകരുമാണെന്നും ഈ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും നിവിൻ പോളി പറഞ്ഞു. നിലമ്പൂരിൽ നടന്ന ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.
‘‘ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നത്. എന്റെ വീട് ആലുവയിലാണ്. ആലുവ ശിവരാത്രി മഹോത്സവം നാട്ടിൽ നടക്കാറുണ്ട്. ഇവിടുത്തെ ഈ ഉത്സവവും കടകളുമൊക്കെ അതിനെ ഓർമപ്പെടുത്തുന്നു. 2018ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ എന്റെ വീട് മുഴുവൻ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. പുതുക്കി പണിയുന്ന സമയത്ത് എന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് വച്ച് പണിയണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളത്.
അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലൻ ചേട്ടൻ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോൾ ഓടിവന്നതാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു.
ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും. ആ പ്രോത്സാഹനവും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.’’–നിവിൻ പോളിയുടെ വാക്കുകൾ.