കരിനീല കണ്ണാളും അനുരാഗ ഗാനവും; ബാബുരാജ് പറയാതെ പോയ പാട്ടിന്റെ കിസ്സ

Mail This Article
രണ്ടുപേരും ജീവിച്ചിരിപ്പില്ല. പക്ഷേ രണ്ടുപേരെയും ഓർക്കുന്നവരുണ്ട്. ഒരാൾ പത്തഞ്ഞൂറു ഹൃദയഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ചു. മറ്റെയാൾ കറുപ്പിലും വെളുപ്പിലുമായി ഏതാനും ഛായാചിത്രങ്ങൾ അവശേഷിപ്പിച്ചു. ആദ്യത്തെയാളെ അറിഞ്ഞുകൂടാത്ത മലയാളികൾ ആരുംതന്നെയില്ല. രണ്ടാമനെ പരിചയമുള്ളവരുടെ എണ്ണം പത്തു വിരലുകളിൽ തീരും. ഏതോ മുജ്ജന്മാനുഗ്രഹത്താൽ വളരെ കുറഞ്ഞ സമയസീമയിൽ നിർമിക്കപ്പെട്ട ഹൃദയബന്ധം രണ്ടുപേരും ക്ഷണികമാകാതെ സൂക്ഷിച്ചു. അവരുടെ സൗഹൃദം വെളിപ്പെടുത്തുന്ന തെളിവുകളുടെ പട്ടുനൂലുകൾ നിർഭാഗ്യവശാൽ ഒന്നുമേ ബാക്കിയില്ല. എന്നിട്ടും അവരുടെ പരിചയം രേഖപ്പെടുത്താൻ നാലഞ്ചു പതിറ്റാണ്ടുകൾക്കുശേഷം ഇങ്ങനെ ചില വാക്കുകളുണ്ടാകുന്നു. പ്രിയപ്പെട്ട അബ്ദു റഹ്മാൻ മാസ്റ്റർ, ബാബുക്കയുടെ ഈ ചരമദിനം അങ്ങയുടെയും ഓർമദിവസമാകട്ടെ.
പതിനാറാം വയസ്സിൽ ഞാൻ പരിചയപ്പെട്ടപ്പോൾ റഹ്മാൻ മാസ്റ്റർ എഴുപതു കടന്നിട്ടുണ്ടാകും. അദ്ദേഹം വരച്ചുകൊണ്ടിരുന്ന ചിത്രങ്ങളിൽ കൊച്ചുമക്കളുടെ കുസൃതികലർന്ന മിനുക്കുപണികൾ കണ്ടതായി ഓർക്കുന്നു. വളരെ കുറച്ചുകാലം മാത്രമേ മാസ്റ്ററുമായി സമ്പർക്കത്തിൽ ഇരിക്കാൻ സാഹചര്യം ഉണ്ടായിരുന്നുള്ളൂ. അതിനാൽ ജീവചരിത്രപരമായി എന്തെങ്കിലും എഴുതാൻവേണ്ട സാമഗ്രികളൊന്നും അവശേഷിക്കുന്നില്ല. ഞാൻ കോളജിൽ പോയിത്തുടങ്ങിയതിൽപിന്നെ ഞങ്ങളുടെ കൂടിക്കാഴ്ച ചുരുങ്ങി, വല്ലപ്പോഴുമായി. എങ്കിലും മിക്കവാറും വാരാന്ത്യങ്ങളിൽ അദ്ദേഹത്തെ കാണാൻ ഞാൻ ആശ്രമത്തെ വാടകവീട്ടിൽ ചെല്ലും. ശിഷ്യപ്പെട്ടില്ലെന്നാൽകൂടി ഒരു ചിത്രകലാവിദ്യാർഥി എന്ന നിലയിൽ ചില കലാരഹസ്യങ്ങൾ അദ്ദേഹം പ്രായോഗികമായി കാണിച്ചുതന്നു. പട്ടും വീരശൃംഖലയുമണിഞ്ഞ കുമാരനാശാനെ വരച്ചുകൊണ്ടിരുന്നപ്പോൾ യാദൃശ്ചികമായി വീട്ടിൽ കയറിവരികയും ചിത്രത്തിൽ വേണ്ട തിരുത്തലുകൾ വരുത്തിത്തരികയും ചെയ്തു. അയ്യപ്പസ്വാമിയും ചീരപ്പൻചിറ പണിക്കരും തമ്മിലുള്ള ബന്ധവും യേശുക്രിസ്തു- ഈസാനബി പൊരുത്തവും മാസ്റ്റർ പറഞ്ഞുതന്ന ലോകവിജ്ഞാനത്തിൽ ഉൾപ്പെടും.
ചിത്രരചന എന്നോ ഉപേക്ഷിച്ചുകഴിഞ്ഞ എന്നെ സംബന്ധിച്ചിടത്തോളം റഹ്മാൻ മാസ്റ്റർ ഇപ്പോൾ ഒരു ചിത്രകാരനായി മനസ്സിൽ നിൽക്കുന്നില്ല. അവിടെ, സംഗീതവുമായി അനുരാഗ ബദ്ധനായിരുന്ന റഹ്മാൻ മാസ്റ്റർ ഉയിർത്തെഴുന്നേൽക്കുന്നു. വരയ്ക്കുന്നതിനിടെ പഴയ തലമുറയിലെ നിരവധി പാട്ടുകാരെപ്പറ്റി അദ്ദേഹം സന്ദർഭോചിതമായി പരാമർശിച്ചിട്ടുണ്ട്. പക്ഷേ മുഹമ്മദ് റഫിയിൽ എത്തുമ്പോൾ കൈകൾ സഞ്ചാരം നിർത്തും, കടലാസിൽ ജീവൻവച്ചു വരുന്ന ചിത്രം പൊടുന്നനേ മൗനമാകും. പിന്നെ ഏതോ മധുരതരമായ ഓർമയിൽ കസേരയുടെ പുറകിലേക്കു ചാഞ്ഞിരിക്കുന്ന മാസ്റ്ററുടെ മുഖത്തു പടരുന്ന ചിരിയിൽ 'ചൗദഹ് വീം കാ ചാന്ദ്' വിളങ്ങും. അത്രയുമായാൽ നിശ്ചയം ദർബാരി രാഗത്തിലുള്ള ഈ ഗാനം പ്രതീക്ഷിക്കാം, 'ഓ, ദുനിയാ കേ രഖ് വാലേ സുന് ദർദ് ഭരേ മേരേ നാലേ'. ഇതല്ലാതെ വേറേ ഒരു റഫിഗാനവും അദ്ദേഹം പാടിക്കേട്ടിട്ടില്ല. ഗാനാന്ത്യത്തിലെ 'രഖ് വാലേ' എന്ന നീണ്ട വിളിയിൽ മാസ്റ്റർ റഫി സാഹിബിനെയും കടത്തിവെട്ടാൻ നോക്കും. അതിനേക്കാൾ ഉയർന്ന സ്ഥായിയിൽ പോകാൻ എപ്പോഴും ശ്രമിക്കും. കിതപ്പോടെ നിർത്തും. നല്ല പനിക്കോളിൽ ഇരുന്ന ഒരു ദിവസം അദ്ദേഹം ഈ ശ്രമം വീണ്ടും നടത്തി. ശ്വാസം കിട്ടാതായി. ഞങ്ങൾ എടുത്തു കൊണ്ടുപോയി കട്ടിലിൽ കിടത്തി. നെഞ്ചു തിരുമ്മുന്നതിനിടെ ബീവി ദേഷ്യത്തിൽ പറഞ്ഞു. 'നിങ്ങള് വേറെ ഏത് പാട്ടുവേണേലും പാടിക്കോളി. മനുസനെ തീ തീറ്റിക്കാനായിട്ട് ഈ ഹലാക്ക് പിടിച്ച 'ദുനിയാക്കേ' ഇവ്വടെ വേണ്ട'. എല്ലാവരെയും ചിരിപ്പിച്ച പ്രസ്താവനയെ അദ്ദേഹം ഗൗരവത്തിൽ എടുത്തതാണോ എന്നുറപ്പില്ല, അടുത്ത ദിവസംമുതൽ റഹ്മാൻ മാസ്റ്റർ, ബാബുരാജിന്റെ പാട്ടുകളിലേക്കു തിരിഞ്ഞു. താരസ്ഥായി പഞ്ചമത്തിനിന്നും മന്ത്രസ്ഥായി ഷഡ്ജത്തിലേക്കുള്ള ഇറക്കം. അതെനിക്കും കൂടുതൽ ആസ്വാദ്യകരമായി.
റഹ്മാൻ മാസ്റ്ററോടൊപ്പം അതേ പ്രായത്തിൽ സദാ ഒരു സഹായി ഉണ്ടായിരുന്നു. ബുൾബുൾ വായനയിലുള്ള മാസ്റ്ററുടെ നിപുണത പരികർമിയിൽനിന്നു ഞാൻ കേട്ടു മനസിലാക്കി. ഒരിക്കൽ അതിനെ ചുറ്റിപ്പറ്റിയുള്ള സംഭാഷണം ബാബുരാജിൽ എത്തി. ബാബുക്ക എന്നും റഹ്മാൻ മാസ്റ്ററുടെ ഹൃദയഭാജനമായിരുന്നു. അവർ തമ്മിലുള്ള പരിചയം അൻപതുകളിൽ തുടങ്ങി. പക്ഷേ അതിനെ സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ മാസ്റ്ററിൽനിന്നും ഉണ്ടായില്ല. എങ്കിലും വർഷങ്ങൾക്കിപ്പുറം ചിന്തിക്കുമ്പോൾ ബാബുക്ക ഈണം നിർവഹിച്ച ചില ഗാനങ്ങൾ മാസ്റ്റർ പാടിയതിലുള്ള വ്യത്യാസത്തിലൂടെ അവരുടെ അടുപ്പം വ്യക്തമാകുന്നുണ്ട്. ബാബുക്കയെപ്പറ്റിയുള്ള കിസ്സകളുമായി ചേർത്തുനോക്കിയാൽ അതിൽ ചില്ലറ യാഥാർഥ്യങ്ങളും തിരിച്ചറിയാനാകും. ബാബുക്കയുടെ ചില ഗാനങ്ങളെങ്കിലും മൂലരൂപത്തിൽ വേറെയായിരുന്നല്ലോ ! അവയെ സിനിമാസന്ദർഭത്തിനു യോജിച്ചതരത്തിൽ അദ്ദേഹം മാറ്റിയെടുത്തതായി സഹയാത്രികരും മൊഴി തന്നിട്ടുണ്ട്. ഇത്തരത്തിൽ ഈണങ്ങൾ മാത്രമല്ല വരികളും പ്രച്ഛന്നവേഷത്തിൽ സിനിമകളിൽ പ്രവേശിച്ചു. അതിനുള്ള ഒരു കുഞ്ഞു തെളിവും റഹ്മാൻ മാസ്റ്റർ പാടിത്തന്നു. ഇക്കാര്യം എഴുതാൻ വേണ്ടിയല്ലേ ഞാനിത്ര വഴികളിൽ ചുറ്റി സഞ്ചരിച്ചതും!