വീണ്ടും പാട്ടുമായി ആർആർആർ; മനം നിറച്ച് ‘ജനനി’

Mail This Article
രാജമൗലി ഒരുക്കുന്ന രൗദ്രം രണം രുദിരം (ആർആർആർ) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ‘ജനനി’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മരഗതമണി പാട്ട് ഈണം പകർന്നാലപിച്ചിരിക്കുന്നു. മാങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ജനനിക്കു വേണ്ടി മലയാളത്തിൽ വരികൾ കുറിച്ചത്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ശാന്തമായി ഒഴുകിയിറങ്ങി പാട്ട് മനസ്സിനെ തൊടുന്നു എന്നാണ് പ്രേക്ഷകപക്ഷം. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാംചരണും ജൂനിയർ എൻ.ടി.ആറും ആണ് പ്രധാന വേഷത്തിലെത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയർ എൻ.ടി.ആർ) എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്കു നേതൃത്വം കൊടുത്തവരാണ് കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവർ.
ചിത്രത്തിൽ അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ബ്രിട്ടിഷ് നടി ഡെയ്സി എഡ്ജർ ജോൺസും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണു മറ്റ് അഭിനേതാക്കൾ.