താരാട്ട് പാടി ഉറക്കിയ, പ്രണയത്തിലും വിരഹത്തിലും കൂട്ടുവന്ന മധുരസ്വരത്തിന് ഇന്ന് 63ന്റെ തിളക്കം!
Mail This Article
‘രാരീ രാരീരം രാരോ’ പാടി മലയാളിയെ താരാട്ടുപാടി ഉറക്കിയ ജി.വേണുഗോപാലിന് ഇന്ന് 63–ാം പിറന്നാൾ. മലയാളിയുടെ മൗനത്തിനും ഏകാന്തതയ്ക്കും പ്രണയത്തിനും സ്വപ്നങ്ങൾക്കും കൂട്ടായ മധുരസ്വരത്തിന്റെ ഉടമയാണ് വേണുഗോപാൽ. ‘ഉണരുമീ ഗാനം... ഉരുകുമെൻ ഉള്ളം...’ എത്ര പുലരികളിലാണ് ആ സ്വരം നമ്മെ ഉണർത്തിയത്? എത്ര രാത്രികളിലാണു താരാട്ടായത്, കാലങ്ങൾക്കിപ്പുറത്തേക്ക്. ‘താനേ പൂവിട്ട മോഹം’ പോലെ. ഓര്‍മയുടെ ചില്ലയിൽ ഇപ്പോഴും ചേക്കേറുന്നില്ലേ ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവ്’. ചന്ദനത്തിന്റെ നൈർമല്യമുള്ള ഇത്തിരി ഗാനങ്ങൾ. മനസ്സിൽ പതിഞ്ഞ ആ പാട്ടുകൾ മതി ജി.വേണുഗോപാൽ എന്ന ഭാവഗായകനെ മലയാളി മറക്കാതിരിക്കാൻ. വരികളുടെ അർഥവും ആഴവും അറിഞ്ഞു സ്വയം അലിഞ്ഞു പാടുന്ന അദ്ദേഹത്തെ മലയാളികൾക്കു മാത്രമല്ല തമിഴനും തെലുങ്കനുമൊക്കെ ഏറെ പ്രിയം.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള തട്ടത്തുമലയില്‍ ഗോപിനാഥൻ നായർ–സരോജിനി ദമ്പതികളുടെ മകനായി 1960ലാണ് ജി.വേണുഗോപാലിന്റെ ജനനം. അമ്മ സരോജിനി തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളജിലെ സംഗീത വിഭാഗം മേധാവിയായിരുന്നു. കുട്ടിക്കാലം മുതൽ സംഗീതസാന്ദ്രമായിരുന്നു വേണുഗോപാലിന്റെ ജീവിതം. 5 വർഷം തുടർച്ചയായി കേരള സർവകലാശാല കലാ പ്രതിഭയായി. നാടകരംഗത്തും സാന്നിധ്യമറിയിച്ചു. പ്രഫഷനൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000 ല്‍ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.
1987ൽ പുറത്തിറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ‘പൊന്നിൻ തിങ്കൾ പോറ്റും മാനേ..’ എന്ന ഗാനത്തിലൂടെയാണ് വേണുഗോപാൽ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് കൈനിറയെ പാട്ടുകൾ. 1990, 1998, 2004 വർഷങ്ങളിൽ മികച്ച പിന്നണിഗായകനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. മകൻ അരവിന്ദ് വേണുഗോപാലും സംഗീതരംഗത്തു സജീവമാണ്.
വേണുഗോപാലിന്റെ ജനപ്രിയ ഗാനങ്ങൾ
∙ ഒന്നാം രാഗം പാടി
∙ ചന്ദനമണിവാതിൽ പാതി ചാരി
∙ ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
∙ പള്ളിത്തേരുണ്ടോ
∙ താനേ പൂവിട്ട മോഹം
∙ ഏതോ വാർമുകിലിൻ
∙ മായാ മഞ്ചലിൽ
∙ കറുകവയൽ കുരുവി
∙ സ്വർഗങ്ങൾ സ്വപ്നം കാണും
∙ തുമ്പപ്പൂ കോടിയുടുത്തു