കെ.ഇ.മാമ്മന്റെ ജന്മശതാബ്ദി ഇന്ന്; ഗാന്ധിപാതയിലെ തീപ്പന്തം
![ke-mammen കെ. ഇ. മാമ്മൻ](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2021/7/31/ke-mammen.jpg?w=1120&h=583)
Mail This Article
ഡൽഹിയിലെ ബിർള ഹൗസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന കാലം. ഒരു ദിവസം , ‘ഞാൻ കെ.ഇ.മാമ്മൻ’ എന്നു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫോൺകോൾ എനിക്ക് ലഭിക്കുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 50–ാം വാർഷികവേളയാണ്. കേരള ഗാന്ധി സ്മാരക നിധിയിലെ കെ.ജനാർദനൻപിള്ള പറഞ്ഞിട്ടാണു വിളിക്കുന്നതെന്ന ആമുഖത്തോടെയായിരുന്നു മാമ്മൻ സംസാരിച്ചുതുടങ്ങിയത്. ഒരു കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. 1948 ജനുവരി 30–ാം തീയതി ബിർള ഹൗസിനോടു ചേർന്നുള്ള പ്രാർഥനാമൈതാനത്തു വെടിയേറ്റു കൊല്ലപ്പെടുമ്പോൾ ഗാന്ധിജി അവസാനം ഉച്ചരിച്ച ‘ഹേ റാം’ എന്ന വാക്കിനെപ്പറ്റി അദ്ദേഹത്തിനു വ്യക്തത വേണ്ടിയിരുന്നു. ‘ഹേ റാം’ എന്നല്ല അദ്ദേഹം ‘ഹോ ' എന്നാണു കരഞ്ഞതത്രെ. ഇതു സത്യമാണോ? ബിർള ഹൗസിൽ ഇതിനെപ്പറ്റി കൂടുതൽ രേഖകൾ ഉണ്ടോ?– മാമ്മൻ ചോദിച്ചു.
സത്യത്തിന്റെ പൂജാരിയായിരുന്ന ഗാന്ധിജിയെപ്പറ്റി പറഞ്ഞുപരത്തുന്ന പല കള്ളങ്ങളിലൊന്നാണ് ഇതെന്നു ഞാൻ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ സെക്രട്ടറിയും അന്നത്തെ സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയുമായിരുന്ന പ്യാരെലാൽ എഴുതിയ ചില കുറിപ്പുകളും വിവരങ്ങളും ഞാൻ മാമ്മന് അയച്ചുതരാം എന്നു പറഞ്ഞപ്പോൾ മയമില്ലാതെ അദ്ദേഹത്തിന്റെ മറുപടി: ‘‘അധികാര സ്ഥാനത്തിരിക്കുമ്പോൾ ഉറപ്പുനൽകുന്ന ഉന്നതന്മാരെപ്പോലെ ആകില്ലല്ലോ ഡോ. രാധാകൃഷ്ണൻ. താങ്കൾ പറഞ്ഞ ഈ രേഖകൾ എനിക്കു കിട്ടിയതിനുശേഷം ബാക്കി’’. ഇതെന്തു മനുഷ്യനെന്നു ഞാൻ ആലോചിക്കുമ്പോഴേക്കും അദ്ദേഹം ഫോൺ കട്ട് ചെയ്തിരുന്നു. അന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന എം.എം.ജേക്കബുമായി സംസാരിക്കവെ മാമ്മനുമായി സംസാരിച്ച കാര്യം സൂചിപ്പിച്ചു. ‘‘അതാണു മാമ്മൻ സാർ. ഗാന്ധിമാർഗത്തിലെ ഒരു തീപ്പന്തം. ആരെയും കൂസാതെ നിർഭയനായി അഭിപ്രായം പറയും’’– ജേക്കബിന്റെ മറുപടി.
രണ്ടു ദിവസത്തിനകം ഞാൻ മാമ്മനു പേപ്പറുകൾ അയച്ചു. ഒരാഴ്ചയ്ക്കകം വീണ്ടും എനിക്ക് അദ്ദേഹത്തിന്റെ ഫോൺ. ഇത്തവണ അദ്ദേഹത്തിന്റെ സ്വരം കുറച്ചു മയപ്പെട്ടിരുന്നു. ‘‘നന്ദി ഡോ. രാധാകൃഷ്ണൻ. താങ്കൾ അയച്ചതു കിട്ടി. നിങ്ങൾ തീർച്ചയായും വ്യത്യസ്തനും സത്യസന്ധനുമായ ഒരു ഗാന്ധിയൻ ആണെന്നു നിങ്ങളുടെ ഗുരു ഡോ.ജി.രാമചന്ദ്രൻ സാക്ഷ്യപ്പെടുത്തിയതു സത്യമാണെന്നു തോന്നി. എല്ലാ നന്മകളും. എന്നാണ് ഇനി കേരളത്തിൽ വരുന്നത്. അപ്പോൾ എന്നെ വിളിക്കണം’’.
മാമ്മനെ നേരിട്ടു കാണുന്നതു മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 50–ാം വാർഷിക പരിപാടികളുടെ സംസ്ഥാന കമ്മിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ഗാന്ധിഭവനിൽ നടന്ന ആലോചനായോഗത്തിലാണ്. പ്രസംഗങ്ങൾക്കും പത്രപ്രസ്താവനകൾക്കും അപ്പുറമുള്ള കർമപരിപാടികളിലേക്കു ഗാന്ധിമാർഗപ്രവർത്തനം മാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം യോഗത്തിൽ നിന്നിറങ്ങി.
ക്വിറ്റ് ഇന്ത്യ ദിന പരിപാടികളുടെ ഭാഗമായി ഗാന്ധിപാർക്കിൽ നടന്ന യുവജന പരിപാടിക്കിടയിൽ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുമായി അദ്ദേഹം കടന്നുവന്നു കാണികളുടെ ഇടയിലിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു സ്നേഹപൂർവം നിർബന്ധിച്ചു വേദിയിലെ കസേരയിലിരുത്തി. ‘അഴിമതിയും മദ്യവും രാജ്യം വിടുക’ എന്ന പ്ലക്കാർഡും പിടിച്ചുകൊണ്ട് അദ്ദേഹം മുൻനിരയിലേക്കു മാറിയിരുന്നു.
പ്രഫ. എസ്.ഗുപ്തൻ നായർ സംസാരിച്ചുകഴിഞ്ഞശേഷം ഞാൻ അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചു. ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന ഗാന്ധിസന്ദേശം ഓർമിപ്പിച്ചുകൊണ്ടു യുവജനങ്ങളോടു മദ്യത്തിനും ലഹരിമരുന്നിനും അഴിമതിക്കും എതിരെ പോരാടാൻ അദ്ദേഹം ആവശ്യപ്പെട്ടു.
എഴുപതുകളിലേക്കു കടന്നിരുന്നുവെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ‘ഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കിയപ്പോൾ ഇരുനൂറിൽ അധികമുണ്ടായിരുന്ന വിദ്യാർഥി യുവജനങ്ങൾ ആവേശപൂർവം അദ്ദേഹത്തോടൊപ്പം ചേർന്നു. തന്റെ തലയിൽ ഭദ്രമായി ഉറപ്പിച്ചിരുന്ന ഗാന്ധിത്തൊപ്പി ഊരി കാണികളോട് അദ്ദേഹം ചോദിച്ചു. ‘‘ഇതെന്താണെന്ന് അറിയാമോ? ത്യാഗത്തിന്റെ, ദേശസ്നേഹത്തിന്റെ ജീവിക്കുന്ന അടയാളമാണ്. എല്ലാവർക്കും നന്മ’’. അദ്ദേഹം പ്ലക്കാർഡുമായി നടന്നുനീങ്ങി. ഇങ്ങനെയും ഒരു കർമധീരൻ. ഞാൻ മനസ്സിൽ കുറിച്ചു. പിന്നീടു പലപ്പോഴും ഗാന്ധിയൻ ആശയങ്ങൾക്കായി പ്ലക്കാർഡും പിടിച്ച് ഒറ്റയാനായി സെക്രട്ടേറിയറ്റിനു മുന്നിലൂടെ നീങ്ങുന്ന അദ്ദേഹത്തെ ജനം കണ്ടു.
പ്രതിഷേധത്തിന്റെ സ്വരമായി, ഗാന്ധിശബ്ദമായി മാമ്മനെ പല അവസരങ്ങളിലും കാണാനും അടുത്ത് ഇടപഴകാനും കഴിഞ്ഞു. ഓരോ കൂടിക്കാഴ്ചയിലും ആദരം വർധിച്ചു. അനീതിയോടല്ലാതെ ആരോടും വിദ്വേഷമോ വെറുപ്പോ ഇല്ലാത്ത വ്യക്തിത്വം. നിർഭയത്വം, കൂസലില്ലായ്മ, മനസ്സിലുള്ളതു ധൈര്യപൂർവം പറയാനുള്ള സ്വഭാവനൈർമല്യം, ലളിതജീവിതം– ഇതെല്ലാമായിരുന്നു കെ.ഇ.മാമ്മൻ.
ഒരിക്കൽ കേളപ്പജിയുടെ ജന്മവാർഷിക പരിപാടികൾ നടന്നുകൊണ്ടിരുന്നപ്പോഴും ‘കേളപ്പജിക്ക് അഭിവാദ്യങ്ങൾ’ എന്നെഴുതിയ പ്ലക്കാർഡുമായി അദ്ദേഹം തിരുവനന്തപുരം ഗാന്ധിഭവനിൽ വന്നു. കുറച്ചുനേരം ഇരുന്നശേഷം ‘ഡോ. രാധാകൃഷ്ണൻ, കേളപ്പജിയെ നമുക്കു ജനങ്ങളിലെത്തിക്കണം. കർമപരിപാടികൾ ആവിഷ്കരിക്കൂ. ഞാനുമുണ്ട് കൂടെ’ എന്നു പറഞ്ഞിട്ടു നടന്നുനീങ്ങി.
2007ലെ രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് എനിക്ക് നൽകാനുള്ള തീരുമാനം പത്രത്തിൽവന്ന അന്നു വൈകിട്ട് പട്ടത്തുള്ള എന്റെ വീട്ടിൽ ഗാന്ധിജിയുടെ ആത്മകഥയുടെ ഒരു പ്രതിയും ഒരു ഖാദി ഷാളുമായി എത്തി എന്നെ അനുമോദിച്ച കെ.ഇ.മാമ്മന്റെ മുഖവും ഓർമിക്കുന്നു.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അന്ത്യനാളുകൾ കഴിച്ചുകൂട്ടിയ വേളയിലും അദ്ദേഹം അസ്വസ്ഥനായതു നാടിനെക്കുറിച്ചായിരുന്നു. സംസാരിക്കാൻ കഴിഞ്ഞ നിമിഷങ്ങളിലെല്ലാം തന്റെ വ്യഥ തന്നെക്കാണാൻ വന്നിരുന്ന മിത്രങ്ങളോടു പറഞ്ഞുകൊണ്ടേയിരുന്നു. ‘‘ഇങ്ങനെയായിരുന്നാൽ പോരാ രാധാകൃഷ്ണൻ, എന്തെങ്കിലും ചെയ്യണം’’. അവസാനമായി ആശുപത്രിയിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു; മഹാത്മാവിന്റെ ക്വിറ്റ് ഇന്ത്യ സന്ദേശത്തിന്റെ പുനർജനിയെന്നോണം.
ഒറ്റയാൾസമരങ്ങളിലെ പോരാളി
∙ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന കെ.ഇ.മാമ്മൻ 1921 ജൂലൈ 31നു തിരുവനന്തപുരത്ത് ജനിച്ചു. പിതാവ് കെ.സി.ഈപ്പൻ, മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി.മാമ്മൻ മാപ്പിളയുടെ സഹോദരനാണ്.
∙ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ പൊരുതിയ മാമ്മൻ, അനീതിക്കും അക്രമത്തിനും മദ്യവിപത്തിനുമെതിരെ ഒട്ടേറെ ഒറ്റയാൾസമരങ്ങൾ നടത്തി.
∙വിദ്യാർഥി കോൺഗ്രസിലൂടെയാണു പൊതുരംഗത്തെത്തിയത്. പിന്നീടു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായി.
∙പത്തനംതിട്ട ജില്ലയിലെ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1954ൽ തിരുവല്ലയിൽനിന്നു പിഎസ്പി സ്ഥാനാർഥിയായി നിയമസഭയിലേക്കു മത്സരിച്ചു. 2017 ജൂലൈ 26ന് അന്തരിച്ചു.
(പ്രമുഖ ഗാന്ധിയനും കേരള ഗാന്ധി സ്മാരകനിധി ചെയർമാനുമാണു ലേഖകൻ)
English Summary: KE Mammen birth centenary