നർത്തകി ശോഭാ നായിഡു അന്തരിച്ചു
Mail This Article
ഹൈദരാബാദ് ∙ വിഖ്യാത കുച്ചിപ്പുഡി നർത്തകി ശോഭാ നായിഡു (64) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്നു.
ഹൈദരാബാദിലെ കുച്ചിപ്പുഡി ആർട് അക്കാദമി പ്രിൻസിപ്പലായിരുന്ന ശോഭ നായിഡു ആന്ധ്ര പ്രദേശിലെ അനകപ്പള്ളിയിലാണു ജനിച്ചത്. 12–ാം വയസ്സു മുതൽ ഗുരു വെമ്പട്ടി ചിന്ന സത്യത്തിനു കീഴിൽ കുച്ചിപ്പുഡി അഭ്യസിച്ചു തുടങ്ങി.
ചിന്ന സത്യത്തോടൊപ്പം വിദേശത്തുൾപ്പെടെ പരിപാടികൾ അവതരിപ്പിച്ചു. എൺപതോളം സോളോ നൃത്തങ്ങൾക്കും പതിനഞ്ചോളം ബാലേകൾക്കും കൊറിയോഗ്രാഫി നിർവഹിച്ചു. സത്യഭാമയായും പത്മാവതിയായുമുള്ള നൃത്താഭിനയം ഏറെ പ്രശംസ നേടിയതാണ്.
2001–ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, നൃത്യചൂഢാമണി, നൃത്യകലാ ശിരോമണി, എൻ.ടി. രാമറാവു അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. െഎഎഎസ് ഓഫിസറായിരുന്ന അർജുൻ റാവുവാണ് ഭർത്താവ്. മകൾ സായി ശിവരഞ്ജിനി.
English Summary: Dancer Sobha Naidu passes away