കേന്ദ്രത്തിനു പാളി; ആധാർ സ്വകാര്യതാ ചർച്ചകൾ സജീവം; ആശയക്കുഴപ്പം വീണ്ടും
Mail This Article
ന്യൂഡൽഹി∙ 2018 ജൂലൈ 28ന് ആധാർ അതോറിറ്റി (യുഐഡിഎഐ) മുൻ മേധാവിയും അന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായിരുന്ന ആർ.എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ഇതാ എന്റെ ആധാർ നമ്പർ, എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി. ആധാറും സ്വകാര്യതയും സംബന്ധിച്ചു ചൂടേറിയ സംവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു ശർമയുടെ വെല്ലുവിളി.
ഇതോടെ ശർമയുടെ മൊബൈൽ നമ്പറുകൾ, ജി മെയിൽ വിലാസം, യാഹൂ വിലാസം, വീട്ടുവിലാസം, ജനനത്തീയതി, ഫ്രീക്വന്റ് ഫ്ലയർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, വാട്സാപ് പ്രൊഫൈൽ ചിത്രം എന്നിവ പലരും കണ്ടെത്തി ശർമയുടെ ട്വീറ്റിനു മറുപടിയായി നൽകി. ഒരാൾ മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തു. ഇത്രയൊക്കെയായിട്ടും തനിക്ക് എന്തെങ്കിലും ദോഷമുണ്ടായോ എന്നായിരുന്നു ശർമയുടെ ചോദ്യം.
പരസ്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്
ശർമയുടെ ട്വീറ്റ് വിവാദമായതിനു പിന്നാലെ ആധാർ നമ്പർ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നതിനെതിരെ യുഐഡിഎഐ രംഗത്തെത്തി. ആധാർ നമ്പർ സവിശേഷ തിരിച്ചറിയൽ സംവിധാനമാണെന്നും വിവിധ സേവനങ്ങൾ ഉപയോഗിക്കാൻ മാത്രമാണ് കൈമാറേണ്ടതെന്നും വ്യക്തമാക്കി. ആധാർ പങ്കുവയ്ക്കുന്നത് ദുരുപയോഗം ചെയ്യാൻ ഇടയാകുമെന്ന ബെംഗളൂരു യുഐഡിഎഐ ഓഫിസിന്റെ മുന്നറിയിപ്പ് വാർത്തയായതിനു പിന്നാലെ ഇത്രയുംകാലം വിവിധയിടങ്ങളിൽ നൽകിയ ആധാർ പകർപ്പിന്റെ കാര്യമെന്താകുമെന്ന ചോദ്യമാണു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. തന്റെ ആധാർ പകർപ്പ് വാങ്ങിച്ചിരിക്കുന്ന 100 ഹോട്ടലുകളെങ്കിലുമുണ്ടെന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ പ്രതികരണം.
ആധാർ പങ്കുവച്ചാൽ
(ആർ.എസ് ശർമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു ശേഷം 2018 ഓഗസ്റ്റ് 20ന് യുഐഡിഎഐ പ്രസിദ്ധീകരിച്ച ചില ചോദ്യങ്ങളും ഉത്തരങ്ങളും)
∙ സമൂഹമാധ്യമങ്ങളിൽ ആധാർ നമ്പർ പങ്കുവയ്ക്കരുതെന്നു നിർദേശമുണ്ടല്ലോ. ഇതിന്റെ അർഥം സ്വതന്ത്രമായി ആധാർ ഉപയോഗിക്കാനാവില്ലെന്നാണോ?
ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ പോലെ തിരിച്ചറിയൽ ആവശ്യത്തിനും വിവിധ ഇടപാടുകൾക്കും ആധാർ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. ക്രെഡിറ്റ് കാർഡ്, ബാങ്ക് ചെക്ക് എന്നിവയൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ലല്ലോ. അനാവശ്യമായ സ്വകാര്യതാ ലംഘനമുണ്ടാകുന്നതു തടയാനാണിത്. ഇത് ആധാറിനും ബാധകമാണ്.
∙ തിരിച്ചറിയൽ ആവശ്യത്തിനായി ഒരു സേവനദാതാവിന് ആധാർ നൽകി. എന്റെ ആധാർ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് കുഴപ്പമുണ്ടാക്കാൻ കഴിയുമോ?
ഇല്ല. ആധാർ നമ്പർ അറിഞ്ഞതുകൊണ്ടു മാത്രം ആർക്കും ഒന്നും ചെയ്യാനാകില്ല. ആധാറിന്റെ ആധികാരികത എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാമെന്നതിനാൽ (വെരിഫിക്കേഷൻ) വിശ്വാസ്യത കൂടുതലാണ്. നിങ്ങളുടെ ആധാർ ഉപയോഗിച്ച് ആൾമാറാട്ടം നടത്താനാകില്ല. പാസ്‍പോർട്, വോട്ടർ ഐഡി, പാൻ, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ യഥേഷ്ടം നൽകാറില്ലേ? ആൾമാറാട്ടം നടക്കുമെന്ന പേടി മൂലം ആരെങ്കിലും ഇത് കൊടുക്കാതിരിക്കുന്നുണ്ടോ?
∙ തട്ടിപ്പുകാർ എന്റെ ആധാറിന്റെ പകർപ്പ് സംഘടിപ്പിച്ച് ഞാനറിയാതെ ബാങ്ക് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചാൽ?
ആധാർ കാർഡോ അതിന്റെ പകർപ്പോ മാത്രം ഉപയോഗിച്ച് ഒരാൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനാകില്ല. ആധാർ സ്വീകരിക്കും മുൻപ് ബയോമെട്രിക്/ഒടിപി വെരിഫിക്കേഷൻ അടക്കം നടത്തേണ്ടതുണ്ട്. അതുകൊണ്ട് മറ്റൊരാൾക്കും നിങ്ങളുടെ പേരിൽ അക്കൗണ്ട് തുറക്കാനാകില്ല. അഥവാ വെരിഫിക്കേഷനില്ലാതെ അക്കൗണ്ട് തുറന്നാൽ ബാങ്കിനായിരിക്കും വീഴ്ചയുടെ ഉത്തരവാദിത്തം.
English Summary: Aadhaar Card- Privacy