കപ്പൽ കൊടുക്കണം കാർബൺ നികുതി; ഇന്ത്യ അനുകൂലം

Mail This Article
ലണ്ടൻ ∙ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറാത്ത കപ്പലുകൾക്ക് കാർബൺ നികുതി ചുമത്താനുള്ള യുഎൻ മാരിടൈം സംഘടനയുടെ (ഐഎംഒ) തീരുമാനത്തെ ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങൾ അനുകൂലിച്ചു. മലിനീകരണത്തിന് കാർബൺ നികുതി ചുമത്താൻ ആഗോള തലത്തിലുള്ള നീക്കം ആദ്യമായാണ്. ആദ്യഘട്ടമായി കപ്പലുകൾക്ക് 2028 മുതൽ നികുതി ചുമത്താനാണു നീക്കം.
സൗദി അറേബ്യ ഉൾപ്പെടെ പെട്രോളിയം ഉൽപാദകരായ 16 രാജ്യങ്ങൾ നിർദേശത്തെ എതിർത്തു. യുഎസ് ഉൾപ്പെടെ 25 രാജ്യങ്ങൾ വിട്ടുനിന്നു. ഒക്ടോബറിൽ ചേരുന്ന ഐഎംഒ യോഗമാകും അന്തിമ തീരുമാനമെടുക്കുക.
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പെട്രോളിയവും പ്രകൃതി വാതകവും ഉൾപ്പെടെ ബങ്കർ ഇന്ധനങ്ങൾ ഉപേക്ഷിച്ച് ഹൈഡ്രജൻ പോലെയുള്ള ബദലുകൾ ഉപയോഗിക്കാൻ കപ്പലുകൾ നിർബന്ധിതരാകും. 2028 നു ശേഷവും പെട്രോളിയം ഉപയോഗിക്കുന്ന കപ്പൽ ഓരോ ടണ്ണിനും ഏകദേശം 30,000 രൂപയോളം കാർബൺ നികുതി അടയ്ക്കേണ്ടി വരും. ലോകത്തെ കാർബൺ പുറന്തള്ളലിന്റെ 3% കപ്പലുകളിൽനിന്നാണ്. പുതിയ നികുതി കപ്പൽ മലിനീകരണം 10% കുറയ്ക്കാൻ തുടക്കത്തിൽ സഹായിക്കും.
ആഗോള മാതൃകയാകാൻ
കൊച്ചിൻ ഷിപ്‌യാഡ്
∙ കാർബൺ പുറന്തള്ളൽ തീരെയില്ലാതെ, ലോകത്തെ തന്നെ ആദ്യ ഗ്രീൻ ഹൈഡ്രജൻ കപ്പലുകൾ രൂപകൽപന ചെയ്തു നിർമിക്കുന്നതിൽ മുൻപന്തിയിലുള്ള കൊച്ചിൻ ഷിപ്‌യാഡ് ഈ രംഗത്തെ ആഗോള മാതൃകയായി മാറും. ഹൈഡ്രജൻ ഇന്ധനത്തിലേക്കു മാറിയാൽ വർഷം 25,000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനാകുമെന്ന് ഷിപ്‌യാഡ് ഉദ്യോഗസ്ഥർ പറയുന്നു. ഡീസലും ഹൈഡ്രജനും ചേർന്നുള്ള ഹൈബ്രിഡ് യാനങ്ങളും ബദൽ സാധ്യതയാണ്.
വിഴിഞ്ഞത്തും കപ്പലുകൾ നങ്കൂരമിടാൻ തുടങ്ങിയതോടെ ആഗോള സമുദ്ര ഭൂപടത്തിൽ സ്ഥാനം പിടിച്ച കേരളത്തിന്റെ പരിസ്ഥിതി മാനദണ്ഡ സ്ഥിതിവിവരങ്ങളിൽ ഇനി കപ്പലുകളിൽനിന്നുള്ള കാർബൺ ബഹിർഗമന ഡേറ്റയും ഇടം പിടിക്കും.