പാലാ തോൽവിയെച്ചൊല്ലി കേരള കോൺഗ്രസിൽ പോര്

Mail This Article
കോട്ടയം ∙ പാലായിലെ തോൽവിയുടെ പിന്നിലെ യഥാർഥ വില്ലൻ പി.െജ.ജോസഫ് ആണെ ന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് ടോമിന്റെ ആരോപണം. ജോസ് കെ. മാണിയുടെ ധിക്കാരത്തിനുള്ള മറുപടിയാണു പാലായിലെ തോൽവിയെന്നു പി.ജെ.ജോസഫ്.
തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെ പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാൻ നടന്ന പ്രവർത്തനങ്ങളും രാഷ്ട്രീയപക്വതയായി കാണുന്നില്ലെന്നു ജോസ് കെ.മാണിയുടെ മറുപടി. കേരള കോൺഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകൾ തമ്മിലുള്ള രാഷ്ട്രീയത്തർക്കം ഇന്നലെയും തുടർന്നു.
യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവന നടത്തില്ലെന്നു പരസ്യമായി പറഞ്ഞ ജോസ് കെ.മാണി പക്ഷേ ഫെയ്സ്ബുക് പോസ്റ്റിൽ ജോസഫിനെ വിമർശിച്ചു. പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയത്ത് ഇന്നലെ യോഗം ചേരുകയും ചെയ്തു. സി.എഫ്.തോമസ് എംഎൽഎയും ജോയ് ഏബ്രഹാമും പങ്കെടുത്തു.
തോൽവിക്കു കാരണം ജോസ് കെ.മാണിയാണെന്നും ചിഹ്നം ആവശ്യപ്പെട്ടിരുന്നെങ്കിൽ നൽകിയേനെ എന്നും യോഗത്തിനു ശേഷവും ജോസഫ് വിമർശനം തുടർന്നു. ഇതിനു പിന്നാലെയാണു ജോസ് ടോം രംഗത്തുവന്നത്.
കേരള കോൺഗ്രസിന് (എം) ഒരു എംഎൽഎയെക്കൂടി ലഭിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ജോസ് കെ. മാണി വിഭാഗത്തിനു മേൽക്കൈ ലഭിക്കുമായിരുന്നു. ഇതു തടയാൻ ജോസഫ് ശ്രമിച്ചെന്നും ജോസ് ടോം ആരോപിച്ചു.
മോൻസ് ജോസഫ് എംഎൽഎ, ജോയ് ഏബ്രഹാം, ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ എന്നിവരെയും ജോസ് ടോം വിമർശിച്ചു.
പി.ജെ.ജോസഫ്
യുഡിഎഫ് സ്ഥാനാർഥിക്കു ജയസാധ്യത ഇല്ലെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. ജയിപ്പിച്ചോളാം എന്ന് അവർ പറഞ്ഞു. അങ്ങനെയാണെങ്കിൽ നടക്കട്ടെയെന്നും പറഞ്ഞു. ചിഹ്നം വേണ്ടെന്നു സ്ഥാനാർഥി തന്നെ ആദ്യം പറഞ്ഞു. ജയസാധ്യതയുള്ള ഒന്നിലധികം പേർ പാർട്ടിയിൽ ഉണ്ടായിരുന്നു. തോൽവിക്കു പൂർണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണ്. പക്വത ഇല്ലാത്തതു ജോസ് കെ.മാണിക്കാണ്.
ജോസ് കെ. മാണി
ഈ തിരഞ്ഞെടുപ്പിൽ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർഥിക്കു സ്വതന്ത്രനായി മത്സരിക്കേണ്ടിവന്നു. സ്ഥാനാർഥി നിർണയം മുതൽ തിരഞ്ഞെടുപ്പു ദിവസം വരെ എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആരെയാണു സഹായിച്ചതെന്ന യാഥാർഥ്യം നമുക്കറിയാം. ഈ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഉടനീളം ഐക്യത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണു യുഡിഎഫ് പ്രവർത്തിച്ചത്. എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണു രാഷ്ട്രീയമായ പക്വതയെന്നു ഞാൻ കരുതുന്നില്ല.
ജോസ് ടോം
പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നിലെ യഥാർഥ വില്ലൻ പി.ജെ.ജോസഫാണ്. പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കേരള കോൺഗ്രസിന്റെയും ജോസ് കെ.മാണിയുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതു കൊണ്ടാണു തുറന്നു പറയുന്നത്. സ്വന്തം മുന്നണിയെ ഒറ്റിക്കൊടുത്തവരാണ് ഇപ്പോൾ ജോസ് കെ.മാണിയുടെ പക്വതക്കുറവിനെക്കുറിച്ചു പറയുന്നത്. തന്റെ പക്ഷത്തെ നേതാക്കളുടെ പ്രസ്താവന നിയന്ത്രിക്കാൻ ജോസഫ് നടപടിയെടുത്തില്ല.